Supplyco: ഒക്ടോബറിലും ന്യായവിലയ്ക്ക് അരിവാങ്ങാം; 25 രൂപയ്ക്ക് എട്ട് കിലോ അരി വിതരണം തുടരുന്നു
Supplyco Offer Sale October: കുത്തരിയാണ് ന്യായവിലയ്ക്ക് റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് ലഭിക്കുന്നത്. ആവശ്യക്കാരേറെയുള്ള കുത്തരിയുടെ വില കുറയ്ക്കാന്‍ സാധിച്ചത് സര്‍ക്കാരിനും ലാഭം സമ്മാനിച്ചു.
ഓണക്കാലത്ത് ഒട്ടേറെ ഓഫറുകളുമായി സാധാരണക്കാര്‍ക്ക് തണലായ സപ്ലൈകോ, ന്യായവില അരി വില്‍പന തുടരുന്നു. കിലോയ്ക്ക് 25 രൂപ നിരക്കില്‍ 20 കിലോ അരി ഇനിയും നിങ്ങള്‍ക്ക് സപ്ലൈകോ വഴി സ്വന്തമാക്കാന്‍ സാധിക്കുന്നതാണ്. എല്ലാ റേഷന്‍ കാര്‍ഡ് ഉടമങ്ങള്‍ക്കും ഈ ഓഫര്‍ ആസ്വദിക്കാം. സെപ്റ്റംബര്‍ മാസത്തില്‍ പൂര്‍ണമായും ന്യായവിലയ്ക്ക് വില്‍പന നടന്ന അരി, ഒക്ടോബറിലും ഇതേ നിരക്കില്‍ വില്‍ക്കപ്പെടും.
കുത്തരിയാണ് ന്യായവിലയ്ക്ക് റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് ലഭിക്കുന്നത്. ആവശ്യക്കാരേറെയുള്ള കുത്തരിയുടെ വില കുറയ്ക്കാന്‍ സാധിച്ചത് സര്‍ക്കാരിനും ലാഭം സമ്മാനിച്ചു. ഓണക്കാലത്ത് വില കുറയ്ക്കുന്നതിനായി ഭക്ഷ്യമന്ത്രി ജിആര്‍ അനില്‍ എഫ്‌സിഐയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ആന്ധ്രയില്‍ നിന്ന് അരി കേരളത്തിലേക്ക് എത്തിക്കാന്‍ തീരുമാനമെടുത്തിരുന്നു.
ഓണം അവസാനിച്ചെങ്കിലും കുത്തരി കേരളത്തിലേക്ക് എത്തിക്കുന്നത് തുടരും. വരും മാസങ്ങളില്‍ ശരാശരി 3,000 ടണ്‍ വീതം അരി എഫ്‌സിഐയില്‍ നിന്ന് എടുക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. സെപ്റ്റംബര്‍ 3 വരെ 1.19 ലക്ഷം ക്വിന്റല്‍ അരിയാണ് സപ്ലൈകോ വഴി വിറ്റത്. ഇതുവഴി സര്‍ക്കാരിന് 38 കോടി രൂപ ലാഭം നേടാനായി.




അരിയ്ക്ക് പുറമെ വെളിച്ചെണ്ണ, തുവര പരിപ്പ്, ചെറുപയര്‍ എന്നിവയും വിലക്കുറച്ച് വില്‍ക്കപ്പെടുന്നു. ശബരി, കേര വെളിച്ചെണ്ണകളുടെ വില കുറയ്ക്കാന്‍ സര്‍ക്കാരിന് സാധിച്ചത് ജനങ്ങള്‍ക്ക് ആശ്വാസം പകരുന്നു. സബ്‌സിഡിയുള്ള ശബരി വെളിച്ചെണ്ണ ലിറ്ററിന് 20 രൂപയും സബ്‌സിഡിയിതര വെളിച്ചെണ്ണയ്ക്ക് 30 രൂപയും കുറച്ചു.
Also Read: Supplyco: സപ്ലൈകോ സ്റ്റോറുകൾ ഇന്ന് തുറക്കുമോ? അവധി ദിവസങ്ങൾ ഏതൊക്കെ?
ഇതോടെ ശബരി വെളിച്ചെണ്ണയുടെ വില 319, 359 എന്ന നിലയിലേക്കെത്തി. ശബരി വെളിച്ചെണ്ണയ്ക്ക് പുറമെ കേരഫെഡിന്റെ കേര വെളിച്ചെണ്ണയുടെ വിലയിലും കാര്യമായ കുറവുണ്ട്. കേര വെളിച്ചെണ്ണയ്ക്ക് 419 രൂപയാണ് നിലവില്‍, ചെറുപയറിന് 85 രൂപയും തുവര പരിപ്പിന് 88 രൂപയുമാണ് പുതുക്കിയ നിരക്ക്.