Tax Rules: പ്രായപൂർത്തിയാകാത്ത കുട്ടിയുടെ വരുമാനത്തിന് നികുതി അടയ്ക്കേണ്ടത് ആര്, എങ്ങനെ?
Minor Child Income Tax: നിങ്ങളുടെ പ്രായപൂർത്തിയാകാത്ത കുട്ടി സമ്പാദിക്കാൻ തുടങ്ങുമ്പോൾ ആ വരുമാനത്തിന് നികുതി അടയ്ക്കേണ്ടത് ആരാണെന്ന് അറിയാമോ? ഇന്ത്യയിലെ നികുതി നിയമങ്ങളെ കുറിച്ച് നോക്കാം...

പ്രതീകാത്മക ചിത്രം
പ്രായപൂർത്തിയാകാത്ത എന്നാൽ സമ്പാദിക്കുന്ന കുട്ടിയോ കുട്ടിയുടെ മാതാപിതാക്കളാണോ നിങ്ങൾ? ഇത്തരത്തിലുള്ള വരുമാനത്തിന് നികുതി അടയ്ക്കേണ്ടത് എങ്ങനെയാണെന്ന് അറിയാമോ? ഇന്ത്യയിലെ നികുതി നിയമങ്ങളെ കുറിച്ച് അറിഞ്ഞാലോ…
ഇന്ത്യൻ ആദായനികുതി നിയമം അനുസരിച്ച്, പ്രായപൂർത്തിയാകാത്ത (18 വയസ്സിൽ താഴെയുള്ള) കുട്ടികൾക്ക് വരുമാനം ലഭിക്കുമ്പോൾ അത് സാധാരണയായി അവരുടെ മാതാപിതാക്കളുടെ വരുമാനത്തോടൊപ്പം ക്ലബ്ബ് ചെയ്താണ് നികുതി കണക്കാക്കുന്നത്. കുട്ടിയുടെ വരുമാനം, മാതാപിതാക്കളിൽ കൂടുതൽ വരുമാനമുള്ള ആളുടെ മൊത്തം വരുമാനത്തോടൊപ്പം കൂട്ടിച്ചേർക്കും. തുടർന്ന്, മാതാപിതാക്കളുടെ നികുതി സ്ലാബ് അനുസരിച്ചുള്ള നിരക്കിൽ നികുതി അടയ്ക്കണം.
അതേസമയം, കുട്ടി സ്വന്തം കൈകൊണ്ട് ജോലി ചെയ്തോ അല്ലെങ്കിൽ പ്രത്യേക കഴിവും വൈദഗ്ധ്യവും ഉപയോഗിച്ചോ വരുമാനം നേടുകയാണെങ്കിൽ, ഈ ക്ലബ്ബിംഗ് വ്യവസ്ഥകൾ ബാധകമല്ല. ഉദാഹരണത്തിന്, ചൈൽഡ് ആക്ടർമാർ, സ്പോർട്സ് താരങ്ങൾ എന്നീ നിലകളിൽ സമ്പാദിക്കുന്ന കുട്ടിയാണെങ്കിൽ ആ വരുമാനം ക്ലബ്ബ് ചെയ്യില്ല. ഈ സാഹചര്യത്തിൽ, കുട്ടിയുടെ പേരിൽ ഒരു പ്രതിനിധി അസസി മുഖേന പ്രത്യേകം ആദായനികുതി റിട്ടേൺ ഫയൽ ചെയ്യാവുന്നതാണ്.
ALSO READ: വഴിയോര കച്ചവടക്കാർക്ക് 50,000 രൂപ വരെ വായ്പ; അപേക്ഷിക്കേണ്ടത് ഇങ്ങനെ…
നികുതി ഇളവ്
ക്ലബ്ബ് ചെയ്യുന്ന വരുമാനത്തിന്, ഒരു കുട്ടിക്ക് 1,500 രൂപ എന്ന കണക്കിൽ ഇളവ് ലഭിക്കും. പരമാവധി രണ്ട് കുട്ടികൾക്ക് ആണ് ഇത്തരത്തിൽ ഇളവ് ലഭിക്കുന്നത്. കുട്ടിയുടെ വരുമാനം 1,500 രൂപയിൽ താഴെയാണെങ്കിൽ, അത് നികുതിയിളവിന് അർഹമാണ്. വരുമാനം 1,500 രൂപയിൽ കൂടുതലാണെങ്കിൽ, അധികമുള്ള തുക മാത്രമേ മാതാപിതാക്കളുടെ വരുമാനത്തിൽ ചേർക്കുകയുള്ളൂ.
ഒഴിവാക്കിയിട്ടുള്ളത്…
ആദായനികുതി നിയമത്തിലെ സെക്ഷൻ 80U പ്രകാരം നിർവചിക്കപ്പെട്ടിട്ടുള്ള ചില വൈകല്യങ്ങളുള്ള കുട്ടികൾ, മാതാപിതാക്കളില്ലാത്ത കുട്ടികൾ എന്നിവരുടെ വരുമാനം രക്ഷിതാവിന്റെ വരുമാനത്തിൽ ക്ലബ്ബ് ചെയ്യില്ല. പകരം, കുട്ടിയുടെ പേരിൽ ഒരു പ്രതിനിധി അസസി വഴി പ്രത്യേക ഐടിആർ ഫയൽ ചെയ്യാം.