Year Ender 2025: കൈ പൊള്ളിച്ച് വെളിച്ചെണ്ണ, നാനൂറ് കടന്ന് മുരിങ്ങയ്ക്കയും; സംഭവ ബഹുലമീ വിലക്കയറ്റ വർഷം
Kerala Price Hike 2025: സീസണുകളിലെ ഡിമാൻഡും കാലാവസ്ഥയും പച്ചക്കറി, വെളിച്ചെണ്ണ തുടങ്ങിയവയുടെ വിലയ്ക്ക് കരുത്തേകി. സ്വർണത്തിന് മാത്രമല്ല, ഒരു ഇത്തിരി കുഞ്ഞൻ തക്കാളിയുടെ വിലയ്ക്ക് പോലും സാധാരണക്കാരെ ആശങ്കയിലാഴ്ത്താൻ സാധിക്കുമെന്ന് ഓരോ മലയാളിയും തിരിച്ചറിഞ്ഞു.

പ്രതീകാത്മക ചിത്രം
സാധാരണക്കാരെ സംബന്ധിച്ച് അടുക്കള ബജറ്റ് താളം തെറ്റിച്ച വർഷമാണ് 2025. വെളിച്ചെണ്ണയിൽ തുടങ്ങി ചിക്കൻ വരെ ആ പട്ടികയിലുണ്ട്. സീസണുകളിലെ ഡിമാൻഡും കാലാവസ്ഥയും പച്ചക്കറി, വെളിച്ചെണ്ണ തുടങ്ങിയവയുടെ വിലയ്ക്ക് കരുത്തേകി. സ്വർണത്തിന് മാത്രമല്ല, ഒരു ഇത്തിരി കുഞ്ഞൻ തക്കാളിയുടെ വിലയ്ക്ക് പോലും സാധാരണക്കാരെ ആശങ്കയിലാഴ്ത്താൻ സാധിക്കുമെന്ന് ഓരോ മലയാളിയും തിരിച്ചറിഞ്ഞു.
കൈപൊള്ളിച്ച് വെളിച്ചെണ്ണ
ഓണത്തോടനുബന്ധിച്ച് വെളിച്ചെണ്ണ വിലയിൽ വൻ വർദ്ധനവാണ് ഉണ്ടായത്. കിലോയ്ക്ക് അഞ്ഞൂറ് കടന്നായിരുന്നു കുതിപ്പ്. വില മുന്നേറിയതോടെ വിപണിയിൽ വ്യാജന്മാരും ഇറങ്ങി. കേര സൂര്യ, കേര ഹരിത തുടങ്ങിയ വ്യാജന്മാരെ പിടിക്കാൻ ഓപ്പറേഷൻ ലൈഫും സംസ്ഥാന വ്യാപകമായി നടന്നു. നാളികേര ഉൽപാദന കുറവും കൊപ്രയുടെ ലഭ്യത ഇല്ലായമയുമാണ് വെളിച്ചെണ്ണ വില വർദ്ധനവിന് കാരണമായത്. സപ്ലൈകോ വഴി കുറഞ്ഞ വിലയിൽ വെളിച്ചെണ്ണ നൽകിയതോടെ വിലക്കയറ്റത്തെ ഒരുപരിധി വരെ തടയാൻ കഴിഞ്ഞു.
പമ്പ കടന്ന് പച്ചക്കറി
മണ്ഡലകാലമെത്തിയതോടെയാണ് പച്ചക്കറി വില കുതിച്ചത്. മുരിങ്ങയ്ക്ക് നാനൂറ് കടന്നും തക്കാളി നൂറ് കടന്നും മലയാളികളെ ഞെട്ടിച്ചു. 80-100 രൂപയിൽ നിന്ന് വെറും രണ്ടാഴ്ച കൊണ്ടാണ് മുരിങ്ങയ്ക്ക വില നാനൂറ് കടന്നത്. തക്കാളി, കാരറ്റ്, കോവയ്ക്ക, വെണ്ടയ്ക്ക, വള്ളിപ്പയർ തുടങ്ങി പല ഇനങ്ങളുടെ വിലയും വർദ്ധിച്ചു.
ALSO READ: ക്രിസ്മസ് ആഘോഷങ്ങൾക്ക് തിരിച്ചടി, ബജറ്റ് താളം തെറ്റിച്ച് ഇക്കൂട്ടർ
തൊട്ടാൽ പൊട്ടും മുട്ടവില
ആഭ്യന്തരവിപണി ശക്തമായതും ഉത്പാദനത്തിൽ ഇടിവുണ്ടായതും മുട്ട വില കുതിക്കാൻ കാരണമായി. മുട്ടവില നിശ്ചയിക്കുന്ന നാഷണൽ എഗ് കോഡിനേഷൻ കമ്മിറ്റിയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയായ 7.50 രൂപയാണ് നവംബർ മാസത്തിൽ രേഖപ്പെടുത്തിയത്. ദക്ഷിണേന്ത്യയിലെ പ്രധാന മുട്ട ഉൽപാദന കേന്ദ്രമാണ് നാമക്കൽ. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ആദ്യമായാണ് നാമക്കലിൽ മുട്ട വില 5.70 രൂപയിൽ കൂടിയത്.
ക്രിസ്മസ് രുചിക്ക് തിരിച്ചടി
വിലക്കയറ്റത്തിന്റെ പട്ടിക വന്ന് നിൽക്കുന്നത് ക്രിസ്മസ് ആഘോഷങ്ങളിലാണ്. ഡിസംബർ മാസത്തിലെ പ്രധാന രുചിയായ ചിക്കൻ ബിരിയാണിക്കാണ് ഒടുവിൽ പണികിട്ടിയത്. കഴിഞ്ഞ നാലുമാസമായി ബിരിയാണി അരിവില 200-240ൽ നിരക്കിൽ തന്നെ നിൽക്കുകയാണ്. 180-185 രൂപയിൽ നിന്ന ബിരിയാണി അരി വില വളരെ പെട്ടെന്നാണ് ഇരുന്നൂറ് കടന്നത്. അരിയോടൊപ്പം ചിക്കൻ വിലയും കുതിക്കുന്നുണ്ട്. ഒരുകിലോ കോഴിയിറച്ചിക്ക് ഇപ്പോൾ 200 രൂപവരെ വിലയുണ്ട്.