AI in Education: പിള്ളേര് എഐ പഠിക്കട്ടെ; മൂന്നാം ക്ലാസ് മുതല്‍ പഠനരീതികള്‍ മാറും; വരുന്നത് വമ്പന്‍ നീക്കം
Centre to Introduce AI in School Curriculum from Class 3: 2026-27 അക്കാദമിക് സെഷന്‍ മുതലാകും എഐ പാഠ്യപദ്ധതിയുടെ ഭാഗമാകുന്നത്. എല്ലാ ഗ്രേഡുകളിലും എഐ ഭാഗമാക്കുന്നതിനുള്ള ഫ്രെയിംവര്‍ക്ക് സിബിഎസ്ഇ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് സ്‌കൂള്‍ എജ്യുക്കേഷന്‍ സെക്രട്ടറി സഞ്ജയ് കുമാര്‍

പ്രതീകാത്മക ചിത്രം
മൂന്നാം ക്ലാസ് മുതലുള്ള വിദ്യാര്‍ത്ഥികളുടെ പാഠ്യപദ്ധതിയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉള്‍പ്പെടുത്താന്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നീക്കം. 2026-27 അക്കാദമിക് സെഷന്‍ മുതലാകും എഐ പാഠ്യപദ്ധതിയുടെ ഭാഗമാകുന്നത്. ടെക്‌നോളജി കേന്ദ്രീകൃതമായ ഭാവിക്കായി ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുകയാണ് ലക്ഷ്യം. എല്ലാ ഗ്രേഡുകളിലും എഐ ഭാഗമാക്കുന്നതിനുള്ള ഫ്രെയിംവര്‍ക്ക് സിബിഎസ്ഇ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് സ്‌കൂള്‍ എജ്യുക്കേഷന്‍ സെക്രട്ടറി സഞ്ജയ് കുമാര്‍ പറഞ്ഞു. രാജ്യത്തുടനീളമുള്ള ഒരു കോടിയിലേറെ അധ്യാപകരിലേക്ക് ഇത് എത്തിക്കുകയും, എഐയുമായി ബന്ധപ്പെട്ട വിദ്യാഭ്യാസം നല്‍കാന്‍ അവരെ നയിക്കുകയും ചെയ്യുക എന്നതാണ് വെല്ലുവിളിയെന്നും അദ്ദേഹം വ്യക്തമാക്കി.
അടുത്ത രണ്ടോ മൂന്നോ വര്‍ഷത്തിനുള്ളില്‍ അധ്യാപകരെയും വിദ്യാര്‍ത്ഥികളെയും ഇതിന്റെ ഭാഗമാക്കുന്നതിന് വേഗത്തില്‍ മുന്നോട്ടുപോകേണ്ടതുണ്ടെന്നും സഞ്ജയ് കുമാര്‍ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. ആസൂത്രണത്തിന്റെ ഭാഗമായി അധ്യാപകര്‍ക്ക് എഐ ടൂളുകള്‍ ഉപയോഗിക്കാന്‍ അനുവദിക്കുന്ന ഒരു പൈലറ്റ് പദ്ധതി ഇതിനകം ആരംഭിച്ചിട്ടുണ്ട്. ഡിജിറ്റല്‍ ഇക്കണോമിക്കായി വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും സജ്ജമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് സഞ്ജയ് കുമാര്‍ വ്യക്തമാക്കി.
18,000-ലേറെ സിബിഎസ്ഇ സ്‌കൂളുകളില്‍ നിലവില്‍ ആറാം ക്ലാസ് മുതല്‍ 15 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള മൊഡ്യൂളില്‍ എഐ ഒരു സ്‌കില്‍ സബ്ജക്ടായി നല്‍കുന്നുണ്ട്. ഒമ്പത് മുതല്‍ 12 വരെയുള്ള ക്ലാസുകളില്‍ ഇത് ഒരു ഓപ്ഷണല്‍ സബ്ജക്ടാണ്. കൃത്രിമ ബുദ്ധിയും, ജോലിയും എന്ന നീതി ആയോഗിന്റെ റിപ്പോര്‍ട്ടിന്റെ പ്രകാശന വേളയിലാണ് സഞ്ജയ് കുമാര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
Also Read: ഇന്ത്യൻ ആർമിയിൽ ഇതാ വീണ്ടും തൊഴിലവസരം; മികച്ച ശമ്പളത്തോടെ നിയമനം
നിലവിലെ ഇന്ത്യ എഐ മിഷനും, നിര്‍ദ്ദിഷ്ട ഇന്ത്യ എഐ മിഷനും തമ്മില്‍ ശക്തമായ സഹകരണം വേണമെന്ന് റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു. 2019 മുതല്‍ പതിനായിരത്തിലേറെ അധ്യാപകര്‍ക്ക് ഇന്റല്‍, ഐബിഎം, എന്‍ഐഇഎല്‍ഐടി എന്നിവയുടെ സഹകരണത്തോടെ എഐ പരിശീലനം ലഭിച്ചിട്ടുണ്ട്.