CBSE Board Exams 2027: സിബിഎസ്ഇ ബോർഡ് പരീക്ഷ 2027: രജിസ്ട്രേഷൻ ഉടൻ ആരംഭിക്കും, അറിയേണ്ടത്
CBSE Board Exams Candidate List Submission: ഒമ്പത്, പതിനൊന്ന് ക്ലാസുകളിലേക്കുള്ള വിദ്യാർത്ഥികളുടെ രജിസ്ട്രേഷൻ നടപടികളും പത്ത്, പന്ത്രണ്ട് ക്ലാസുകളിലേക്കുള്ള പരീക്ഷാർത്ഥികളുടെ പട്ടിക സമർപ്പിക്കലും വൈകാതെ ആരംഭിക്കുമെന്ന് ബോർഡ് അറിയിച്ചു. വിദ്യാർത്ഥികളുടെ പേര്, മാതാപിതാക്കളുടെ പേര്, ജനനത്തീയതി, ഫോട്ടോ എന്നിവയിൽ യാതൊരുവിധ തെറ്റുകളും ഉണ്ടാകാൻ പാടില്ലെന്നും ബോർഡ് പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറയുന്നു.

Cbse Board
സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എഡ്യൂക്കേഷൻ (സിബിഎസ്ഇ) വരാനിരിക്കുന്ന അക്കാദമിക് പരീക്ഷകൾക്കായുള്ള പ്രധാന നടപടികൾ ഉടൻ ആരംഭിക്കും. ഒമ്പത്, പതിനൊന്ന് ക്ലാസുകളിലേക്കുള്ള വിദ്യാർത്ഥികളുടെ രജിസ്ട്രേഷൻ നടപടികളും പത്ത്, പന്ത്രണ്ട് ക്ലാസുകളിലേക്കുള്ള പരീക്ഷാർത്ഥികളുടെ പട്ടിക സമർപ്പിക്കലും വൈകാതെ ആരംഭിക്കുമെന്ന് ബോർഡ് അറിയിച്ചു. വിദ്യാർത്ഥികളുടെ പേര്, മാതാപിതാക്കളുടെ പേര്, ജനനത്തീയതി, ഫോട്ടോ എന്നിവയിൽ യാതൊരുവിധ തെറ്റുകളും ഉണ്ടാകാൻ പാടില്ലെന്നും ബോർഡ് പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറയുന്നു.
ഓരോ വിദ്യാർത്ഥിയും തിരഞ്ഞെടുത്തിട്ടുള്ള വിഷയങ്ങൾ സിബിഎസ്ഇ നൽകിയിട്ടുള്ള കോഡുകൾ അനുസരിച്ച് കൃത്യമായി രേഖപ്പെടുത്തണം. എൽഒസി (LOC) സമർപ്പിച്ചു കഴിഞ്ഞാൽ പിന്നീട് ഡാറ്റ തിരുത്താൻ അവസരം ലഭിക്കാത്തതിനാൽ അതീവ ശ്രദ്ധയോടെ വേണം നടപടിക്രമങ്ങൾ നടത്താനെന്നും സ്കൂൾ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. പരീക്ഷാ നടത്തിപ്പ് തടസ്സമില്ലാതെ പൂർത്തിയാക്കുന്നതിന് വേണ്ടിയാണ് അഫിലിയേറ്റഡ് സ്കൂളുകളിലെ പ്രിൻസിപ്പൽമാർക്ക് ബോർഡ് മുൻകൂട്ടി നിർദ്ദേശം നൽകിയിരിക്കുന്നത്. രജിസ്ട്രേഷൻ തീയതികളും എൽഒസി സമർപ്പിക്കേണ്ട അവസാന തീയതിയും ഉടൻ തന്നെ ബോർഡിന്റെ ഒഫീഷ്യൽ പോർട്ടൽ വഴി പ്രസിദ്ധീകരിക്കുന്നതാണ്.
ALSO READ: മാസശമ്പളം ലക്ഷങ്ങൾ!; എസ്ബിഐയിൽ 207 ഒഴിവുകൾ, വാർഷിക ശമ്പളം 97 ലക്ഷം രൂപ വരെ
സ്കൂളുകൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ
ഡാറ്റയിലെ ചെറിയൊരു പിശക് പോലും വിദ്യാർത്ഥികളുടെ ഹാൾടിക്കറ്റിനെയും സർട്ടിഫിക്കറ്റിനെയും ബാധിക്കുമെന്നതിനാൽ എല്ലാ വിവരങ്ങളും മുൻകൂട്ടി പരിശോധിച്ച് ഉറപ്പുവരുത്താനാണ് ബോർഡിന്റെ നിർദ്ദേശം. അഡ്മിഷൻ രജിസ്റ്ററിലെ വിവരങ്ങളുമായി പൂർണ്ണമായും പൊരുത്തപ്പെടുന്ന തരത്തിൽ വിദ്യാർത്ഥിയുടെ പേര്, ജനനത്തീയതി, ലിംഗഭേദം, കാറ്റഗറി (General/SC/ST/OBC), മാതാപിതാക്കളുടെ പേര് എന്നിവ ശരിയാണെന്ന് ഉറപ്പാക്കണം.
വിദ്യാർത്ഥി തെരഞ്ഞെടുത്തിരിക്കുന്ന സബ്ജക്ട് കോഡുകളും വിഷയങ്ങളും സിബിഎസ്ഇ നിഷ്കർഷിച്ചിട്ടുള്ള പഠനരീതി അനുസരിച്ച് മാത്രമായിരിക്കണം രജിസ്റ്റർ ചെയ്യേണ്ടത്. ബോർഡ് നിശ്ചയിച്ചിട്ടുള്ള അളവിലും വ്യക്തതയിലുമുള്ള വിദ്യാർത്ഥിയുടെ പാസ്‌പോർട്ട് സൈസ് ഫോട്ടോയും ഡിജിറ്റൽ ഒപ്പും തയ്യാറാക്കി വെക്കണം. സമർപ്പിച്ച ഡാറ്റയിൽ പിന്നീട് തിരുത്തലുകൾ വരുത്തുന്നത് പരീക്ഷാ നടപടികളിൽ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുമെന്നതിനാൽ ബോർഡിലേക്ക് അന്തിമമായി വിവരങ്ങൾ അയക്കുന്നതിന് മുൻപ് പ്രിൻസിപ്പൽമാരും അധ്യാപകരും രക്ഷിതാക്കളും ചേർന്ന് വിവരങ്ങൾ വീണ്ടും പരിശോധിക്കണം.
സമീപകാല പരീക്ഷാ നടത്തിപ്പിനിടെ നേരിട്ട പല സാങ്കേതികവും പ്രവർത്തനപരവുമായ വെല്ലുവിളികളും അപാകതകളും വിജ്ഞാപത്തിൽ സിബിഎസ്ഇ എടുത്തുപറഞ്ഞിട്ടുണ്ട്. സ്കൂളുകളുടെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥയും കൃത്യസമയത്ത് നടപടികൾ പൂർത്തിയാക്കാത്തതും പരീക്ഷാ നടത്തിപ്പിനെ പ്രതികൂലമായി ബാധിച്ചുവെന്നും ബോർഡ് വ്യക്തമാക്കി. വരുന്ന അക്കാദമിക് വർഷത്തിലെ പരീക്ഷാ നടത്തിപ്പിൽ ഇത്തരം വീഴ്ചകൾ യാതൊരു കാരണവശാലും ആവർത്തിക്കാൻ പാടില്ലെന്നും, ലംഘനങ്ങൾ ഉണ്ടായാൽ സ്കൂളുകൾക്കെതിരെ കടുത്ത നടപടികൾ സ്വീകരിക്കാനും സാധ്യതയുണ്ട്.
English Summary:
CBSE on Thursday informed the principals of all affiliated schools that the registration process for Classes 9 and 11, and the submission of the List of Candidates (LOC) for Classes 10 and 12 will begin soon.