CSIR-UGC NET: രജിസ്‌ട്രേഷന് രണ്ട് ദിവസം കൂടി മാത്രം; നെറ്റ് പരീക്ഷയ്ക്ക് ഉടന്‍ അപേക്ഷിക്കൂ
Joint CSIR UGC NET December 2026: ജോയിന്റ് സിഎസ്‌ഐആര്‍-യുജിസി നെറ്റ് ഡിസംബര്‍ 2026 പരീക്ഷയ്ക്ക് അപേക്ഷിക്കുന്നതിനുള്ള സമയപരിധി നീട്ടി. നവംബര്‍ ഒമ്പതിന് രാത്രി 11.50 വരെ പിഴയില്ലാതെ അപേക്ഷിക്കാം. പരീക്ഷയ്ക്കായി ഇതുവരെ ഏകദേശം 2.36 ലക്ഷം പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ജോയിന്റ് സിഎസ്‌ഐആര്‍-യുജിസി നെറ്റ് ഡിസംബര്‍ 2026 പരീക്ഷയ്ക്ക് അപേക്ഷിക്കുന്നതിനുള്ള സമയപരിധി നീട്ടി. നവംബര്‍ ഒമ്പതിന് രാത്രി 11.50 വരെ പിഴയില്ലാതെ (Late Fee) അപേക്ഷിക്കാം. പരീക്ഷയ്ക്കായി ഇതുവരെ ഏകദേശം 2.36 ലക്ഷം പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ ഏകദേശം 38,000-ത്തിലധികം പേര്‍ ഫീസ് അടയ്ക്കാന്‍ ബാക്കിയുണ്ടെന്നാണ് റിപ്പോര്‍ട്ട്. അപേക്ഷാ തീയതി നീട്ടിയതോടെ, പിഴയില്ലാതെ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ അപേക്ഷകര്‍ക്ക് സാവകാശം ലഭിക്കും. എന്നാല്‍ ഇനി രണ്ട് ദിവസം മാത്രമാണ് ബാക്കിയുള്ളത്. അതുകൊണ്ട് എത്രയും വേഗം അപേക്ഷിക്കണം.
ഏകദേശം 1.98 ലക്ഷം പേര്‍ ഫീസ് അടച്ചതായി നവംബര്‍ ആറിന് എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ എന്‍ടിഎ വ്യക്തമാക്കിയിരുന്നു. പുതുക്കിയ സമയപരിധിക്കുള്ളിൽ അപേക്ഷാ ഫോമുകൾ പൂർത്തിയാക്കാനും, ഫോട്ടോയും ഒപ്പും അപ്‌ലോഡ് ചെയ്യാനും, ഫീസ് അടച്ച ശേഷം കൺഫർമേഷൻ പേജ് ഡൗൺലോഡ് ചെയ്യാനും എന്‍ടിഎ നിര്‍ദ്ദേശിച്ചു.
രജിസ്ട്രേഷൻ കണക്കുകൾ ഇപ്രകാരം
- രജിസ്‌ട്രേഷനുകൾ: 2,36,656
- അപ്‌ലോഡ് ചെയ്ത ചിത്രങ്ങൾ: 2,03,973
- സമർപ്പിച്ച അപേക്ഷാ ഫോമുകൾ: 2,02,768
- പരീക്ഷാ ഫീസ് അടച്ചവർ: 1,98,479
- കൺഫർമേഷൻ പേജ് ഡൗൺലോഡ് ചെയ്തവർ: 1,95,034
38,177 പേര്‍ ഇനിയും ഫീസ് അടയ്ക്കാനുണ്ടെന്നാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നത്. രജിസ്ട്രേഷൻ പൂർത്തിയാക്കിയാൽ മാത്രം അപേക്ഷാ നടപടികൾ പൂർത്തിയാകില്ല. ഫോം സമർപ്പിക്കുകയും ഫീസ് അടയ്ക്കുകയും ചെയ്ത ശേഷം കൺഫർമേഷൻ പേജ് ഡൗൺലോഡ് ചെയ്യേണ്ടതുണ്ട്.
Also Read: CBSE Datesheet: കാത്തിരിപ്പിന് വിരാമം; 2027-ലെ പരീക്ഷാതീയതികള്‍ പുറത്തുവിട്ട് സിബിഎസ്ഇ
എന്‍ടിഎ നേരത്തെ നല്‍കിയ വിവരങ്ങള്‍ പ്രകാരം 2,23,395 പേര്‍ രജിസ്‌ട്രേഷന്‍ ചെയ്തിരുന്നു. ഇതില്‍ 1,76,616 പേര്‍ ഫീസ് അടയ്ക്കുകയും ചെയ്തു. എന്നാല്‍ രജിസ്‌ട്രേഷന്‍ നടത്തുകയും, ഫീസ് അടയ്ക്കുകയും ചെയ്തവരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായെന്ന് വ്യക്തമാക്കുന്നതാണ് പുതിയ കണക്കുകള്‍.
രജിസ്റ്റർ ചെയ്തിട്ടും പരീക്ഷാ ഫീസ് അടയ്ക്കാത്തവര്‍ തങ്ങളുടെ അപേക്ഷ പൂർണ്ണമായി പരിഗണിക്കപ്പെടുന്നതിനായി സമയപരിധിക്ക് മുൻപായി തന്നെ ഫീസ് അടയ്‌ക്കേണ്ടത് നിര്‍ബന്ധമാണ്. അപേക്ഷകർ ഫോമുകൾ സമർപ്പിക്കുന്നതിനും പരീക്ഷയുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ അറിയുന്നതിനും യുജിസി നെറ്റിന്റെ https://csirnet.nta.nic.in/ എന്ന ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കണം.
അവസാന മണിക്കൂറുകളിൽ ഉണ്ടാകുന്ന തിരക്കോ സാങ്കേതിക തടസ്സങ്ങളോ ഒഴിവാക്കാന്‍ അവസാന തീയതി വരെ കാത്തിരിക്കാതെ എത്രയും വേഗം അപേക്ഷാ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ശ്രദ്ധിക്കണം. സഹായത്തിനായി അപേക്ഷകർക്ക് രാവിലെ 8 മുതൽ രാത്രി 10 വരെ 011-40759000 അല്ലെങ്കിൽ 011-69227700 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം. 1800 180 4747 എന്ന ടോൾ ഫ്രീ നമ്പർ 24 മണിക്കൂറും ലഭ്യമാണ്. csirnet@nta.ac.in എന്ന ഇമെയിൽ വിലാസത്തിലും ബന്ധപ്പെടാം.
English Summary
The NTA has extended the CSIR UGC NET December 2026 application deadline to November 9. Candidates can apply and pay the examination fee online without any late charges until 11:50 pm. Over 2.36 lakh aspirants have registered, but more than 38,000 are yet to complete their fee payment.