JEE Advanced result 2025: ജെഇഇ അഡ്വാൻസ്ഡ് 2025 ഫലമെത്തി, പരീക്ഷാഫലവും ഫൈനൽ ഉത്തരസൂചികയും പരിശോധിക്കേണ്ടത് ഇങ്ങനെ
JEE Advanced 2025 Results Out: ഐഐടി ഹൈദരാബാദ് സോണിൽ നിന്നുള്ള വിദ്യാർത്ഥികളാണ് ഏറ്റവും കൂടുതൽ യോഗ്യത നേടിയത്. ഈ സോണിൽ നിന്ന് 12,946 പേർ റാങ്ക് പട്ടികയിൽ ഇടംനേടി. തൊട്ടുപിന്നാലെ ഐഐടി ഡൽഹി സോണിൽ നിന്ന് 11,370 പേരും ഐഐടി മുംബൈ സോണിൽ നിന്ന് 11,226 പേരും യോഗ്യത നേടിയിട്ടുണ്ട്.

ന്യൂഡൽഹി: രാജ്യത്തെ അഭിമാനകരമായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (IIT) കളിലെ എഞ്ചിനീയറിങ് ബിരുദ പ്രവേശനത്തിനായുള്ള ജോയിൻ്റ് എൻട്രൻസ് എക്സാം (JEE) അഡ്വാൻസ്ഡ് 2025-ൻ്റെ ഫലം പ്രസിദ്ധീകരിച്ചു. ഐഐടി കാൺപൂരാണ് ഫലവും ഫൈനൽ ആൻസർ കീയും ഔദ്യോഗിക വെബ്സൈറ്റായ jeeadv.ac.in വഴി പുറത്തുവിട്ടത്.
ഐഐടി പഠനം സ്വപ്നം കണ്ടു ഈ വർഷം 1.8 ലക്ഷത്തിലധികം ഉദ്യോഗാർത്ഥികളാണ് ജെഇഇ അഡ്വാൻസ്ഡ് പരീക്ഷ എഴുതിയത്. 360-ൽ 332 മാർക്ക് നേടി, ഐഐടി ഡൽഹി സോണിൽ നിന്നുള്ള രജിത് ഗുപ്ത അഖിലേന്ത്യാ തലത്തിൽ ഒന്നാം റാങ്ക് കരസ്ഥമാക്കി. 332 മാർക്കോടെ സക്ഷം ജിൻഡാളാണ് രണ്ടാം റാങ്കിൽ.
ഐഐടി ഹൈദരാബാദ് സോണിൽ നിന്നുള്ള വിദ്യാർത്ഥികളാണ് ഏറ്റവും കൂടുതൽ യോഗ്യത നേടിയത്. ഈ സോണിൽ നിന്ന് 12,946 പേർ റാങ്ക് പട്ടികയിൽ ഇടംനേടി. തൊട്ടുപിന്നാലെ ഐഐടി ഡൽഹി സോണിൽ നിന്ന് 11,370 പേരും ഐഐടി മുംബൈ സോണിൽ നിന്ന് 11,226 പേരും യോഗ്യത നേടിയിട്ടുണ്ട്.
Also read – പ്ലസ് വൺ ഫസ്റ്റ് അലോട്ട്മെൻറ് എത്തി, പരിശോധിക്കാം
മെയ് 18-ന് കംപ്യൂട്ടർ ബേസ്ഡ് ടെസ്റ്റ് (CBT) രൂപത്തിലാണ് പരീക്ഷ നടന്നത്. മെയ് 26-ന് പ്രൊവിഷണൽ ആൻസർ കീ പ്രസിദ്ധീകരിച്ചിരുന്നു.
കൗൺസിലിംഗ് ഉടൻ
പരീക്ഷയിൽ ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് ജോയിൻ്റ് സീറ്റ് അലോക്കേഷൻ അതോറിറ്റി (JoSAA) യുടെ കൗൺസിലിംഗ് പ്രക്രിയയിൽ പങ്കെടുക്കാൻ അർഹതയുണ്ട്. രാജ്യത്തെ 23 ഐഐടികളിലെ സീറ്റ് വിതരണം JoSAA-യുടെ മേൽനോട്ടത്തിലാണ് നടക്കുന്നത്. കൗൺസിലിംഗ് ഷെഡ്യൂൾ ഉടൻ തന്നെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.
ഫലം എങ്ങനെ പരിശോധിക്കാം
- jeeadv.ac.in എന്ന വെബ്സൈറ്റിൽ പ്രവേശിക്കുക.
- ‘JEE Advanced 2025 Result’ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
- നിങ്ങളുടെ റോൾ നമ്പറും ജനനത്തീയതിയും ഉപയോഗിച്ച് ലോഗിൻ ചെയ്യുക.
- നിങ്ങളുടെ സ്കോർകാർഡ് പരിശോധിച്ച്, തുടർന്നുള്ള ആവശ്യങ്ങൾക്കായി ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കുക.
ഫൈനൽ ആൻസർ കീ എങ്ങനെ പരിശോധിക്കാം
- jeeadv.ac.in എന്ന വെബ്സൈറ്റിൽ പ്രവേശിക്കുക.
- ‘JEE Advanced 2025 Final Answer Key’ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
- പേപ്പർ 1 അല്ലെങ്കിൽ പേപ്പർ 2 ഓപ്ഷനുകൾ തിരഞ്ഞെടുക്കുക.
- ആൻസർ കീ PDF ഫോർമാറ്റിൽ ലഭ്യമാകും. ഇത് ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കാവുന്നതാണ്.