KDRB: ഗുരുവായൂര്‍ ദേവസ്വത്തിലെ നിയമനം; കെഡിആര്‍ബി സുപ്രീം കോടതിയിലേക്ക്; അപ്പീല്‍ നല്‍കിയാല്‍ വിജയസാധ്യതയെന്ന് നിയമോപദേശം
Kerala Devaswom Recruitment Board to approach Supreme Court on Guruvayur appointment issue: ഗുരുവായൂര്‍ ദേവസ്വത്തില്‍ നിയമനം നടത്തുന്നതിനുള്ള അധികാരം റദ്ദാക്കിയ കേരള ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് കെഡിആര്‍ബി. ഉടന്‍ അപ്പീല്‍ നല്‍കാനാണ് കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡിന്റെ തീരുമാനം.

Supreme Court
തിരുവനന്തപുരം: ഗുരുവായൂര്‍ ദേവസ്വത്തില്‍ നിയമനം നടത്തുന്നതിനുള്ള അധികാരം റദ്ദാക്കിയ കേരള ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് (കെഡിആര്‍ബി). ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് വിധിക്കെതിരെ അപ്പീല്‍ നല്‍കിയാല്‍ അപ്പീലിന് വിജയസാധ്യതയുണ്ടെന്ന് ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡിന് നിയമോപദേശം ലഭിച്ചു. ഉടന്‍ തന്നെ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ കെഡിആര്‍ബി യോഗം തീരുമാനിച്ചു.
റാങ്ക് പട്ടികയില്‍ ഇടം പ്രതീക്ഷിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ ആശങ്കപ്പെടേണ്ടെന്ന് കെഡിആര്‍ബി സെക്രട്ടറി അറിയിച്ചു. കെഡിആര്‍ബി ആക്ട് 2015 ലെ സെക്ഷന്‍ 9(1) ഭരണഘടന വിരുദ്ധമാണെന്നായിരുന്നു ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്റെ വിധി. ഗുരുവായൂര്‍ ദേവസ്വം എംപ്ലോയീസ് യൂണിയന്‍ കോണ്‍ഗ്രസും മറ്റ് രണ്ട് പേരും ചേര്‍ന്ന് ഫയല്‍ ചെയ്ത റിട്ട് പെറ്റീഷനിലായിരുന്നു കോടതിയുടെ വിധി.
ഗുരുവായൂര്‍ ദേവസ്വത്തിലെ ഇനിയുള്ള എല്ലാ നിയമനങ്ങളും ഗുരുവായൂര്‍ ദേവസ്വം ആക്ട് 1878 പ്രകാരം നടത്തണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഗുരുവായൂര്‍ ദേവസ്വത്തിലെ 38 തസ്തികകളിലേക്ക് കെഡിആര്‍ബി പുറപ്പെടുവിച്ച വിജ്ഞാപനങ്ങള്‍ റദ്ദാക്കിയതായും ഹൈക്കോടതി വിധിന്യായത്തില്‍ വ്യക്തമാക്കിയിരുന്നു.
കെഡിആര്‍ബി ഇതുവരെ നടത്തിയ നിയമനങ്ങള്‍ക്ക് സാധുതയുണ്ടായിരിക്കും. ഇനിയുള്ള നിയമനങ്ങള്‍ നടത്തുന്നതിനായി ഗുരുവായൂര്‍ ദേവസ്വം മാനേജിങ് കമ്മിറ്റി വിജ്ഞാപനങ്ങള്‍ ക്ഷണിക്കണമെന്നായിരുന്നു കോടതിയുടെ നിര്‍ദ്ദേശം. നിയമനപ്രക്രിയ നിരീക്ഷിക്കുന്നതിനും നിയന്ത്രിക്കുന്നതിനും പ്രത്യേക മേല്‍നോട്ട സമിതിയെയും ഹൈക്കോടതി നിയോഗിച്ചിരുന്നു. റിട്ട ജസ്റ്റിസ് പിഎന്‍ രവീന്ദ്രന്‍, അഡ്വ കെ ആനന്ദ്, ഗുരുവായൂര്‍ ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ എന്നിവരാണ് മേല്‍നോട്ട സമിതിയിലെ അംഗങ്ങള്‍.
ഒരു ലക്ഷത്തോളം അപേക്ഷകള്‍
ഗുരുവായൂര്‍ ദേവസ്വത്തിലെ 38 തസ്തികകളിലേക്ക് ഏകദേശം ഒരു ലക്ഷത്തോളം അപേക്ഷകള്‍ ലഭിച്ചിരുന്നതായി കെഡിആര്‍ബി സെക്രട്ടറി വ്യക്തമാക്കി. അപേക്ഷകളില്‍ 95 ശതമാനത്തോളം നിയമനടപടികള്‍ പൂര്‍ത്തിയായതായും കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് വിശദീകരിച്ചു. തിരുവിതാംകൂര്‍ ദേവസ്വത്തിലെ വിവിധ തസ്തികകളിലേക്കും കെഡിആര്‍ബി അടുത്തിടെ വിജ്ഞാപനങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ പരീക്ഷാ നടപടികള്‍ പുരോഗമിക്കുകയാണ്.
നിയമന ശിപാര്‍ശ
കെഡിആര്‍ബി രൂപീകരിച്ച 2015 മുതല്‍ ഇതുവരെ 145 തസ്തികകളിലേക്കായി ആകെ 216 വിജ്ഞാപനങ്ങളാണ് പുറപ്പെടുവിച്ചത്. 117 റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. 2958 പേര്‍ക്ക് നിയമന ശിപാര്‍ശ നല്‍കി. അഴിമതിയും സ്വജനപക്ഷപാതവും പരിപൂര്‍ണമായും ഒഴിവാക്കിയതായും, സുതാര്യമായ മാര്‍ഗത്തിലൂടെയാണ് നിയമന ശിപാര്‍ശ നല്‍കിയതെന്നും കെഡിആര്‍ബി വിശദീകരിച്ചു.