KEAM Result 2025: കാത്തിരിപ്പ് കഴിഞ്ഞു, കീം ഫലം പ്രഖ്യാപിച്ചു, ജോണ്‍ ഷിനോജിന് ഒന്നാം റാങ്ക്
KEAM Result And Rank List 2025 Published: എറണാകുളം സ്വദേശി ചെറായി സ്വദേശി ഹരികൃഷ്ണന്‍ ബൈജുവിനാണ് രണ്ടാം സ്ഥാനം. കോഴിക്കോട് കാക്കൂര്‍ സ്വദേശിയായ അക്ഷയ് ബിജു മൂന്നാം റാങ്കും മലപ്പുറം തിരൂരങ്ങാടി സ്വദേശിയായ അഖിൽ സയാൻ നാലാം റാങ്കും നേടി
കീം ഫലം പ്രഖ്യാപിച്ചു. ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദുവാണ് വാര്‍ത്താസമ്മേളനത്തില്‍ ഫലം പ്രഖ്യാപിച്ചത്. എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷയിൽ മൂവാറ്റുപുഴ കല്ലൂര്‍ക്കാട് സ്വദേശി ജോൺ ഷിനോജ് ഒന്നാം റാങ്ക് നേടി. എറണാകുളം ചെറായി സ്വദേശി ഹരികൃഷ്ണന്‍ ബൈജുവിനാണ് രണ്ടാം സ്ഥാനം. കോഴിക്കോട് കാക്കൂര്‍ സ്വദേശിയായ അക്ഷയ് ബിജു മൂന്നാം റാങ്കും മലപ്പുറം തിരൂരങ്ങാടി സ്വദേശിയായ അഖിൽ സയാൻ നാലാം റാങ്കും നേടി.
തിരുവനന്തപുരം കവടിയാര്‍ സ്വദേശി ജോഷ്വ ജേക്കബ് തോമസിനാണ് അഞ്ചാം റാങ്ക്. തിരുവനന്തപുരം കുടപ്പനക്കുന്ന് സ്വദേശി എമില്‍ ഐപ് സക്കറിയക്കാണ് ആറാം റാങ്ക്. cee.kerala.gov.in എന്ന വെബ്‌സൈറ്റില്‍ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും.
ഫലം എങ്ങനെ പരിശോധിക്കാം?
- cee.kerala.gov.in എന്ന വെബ്‌സൈറ്റില്‍ പ്രവേശിക്കുക
- റാങ്ക് ലിസ്റ്റ് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചതിന് ശേഷം കാന്‍ഡിഡേറ്റ് പോര്‍ട്ടലില്‍ ഇത് ലഭ്യമാകും
മാര്‍ക്ക് ഏകീകരണവുമായി ബന്ധപ്പെട്ട ഫോര്‍മുല ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് അംഗീകരിച്ചത്. തമിഴ്‌നാട് മോഡല്‍ ഫോര്‍മുലയാണ് അംഗീകരിച്ചത്. ഇതുവഴി കേരള സിലബസില്‍ പഠിച്ച വിദ്യാര്‍ത്ഥികളുടെ മാര്‍ക്ക് കുറയുന്നുവെന്ന ആക്ഷേപം പരിഹരിക്കാനാകുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ.




മാര്‍ക്ക് നോര്‍മലൈസേഷനുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ തീരുമാനം വൈകിയത് ഫലപ്രഖ്യാപനത്തിന്റെ കാലതാമസത്തിന് ഇടയാക്കിയിരുന്നു. 67505 പേരാണ് എഞ്ചിനീയറിങ് റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ടത്. 27813 പേര്‍ ഫാര്‍മസി റാങ്ക് ലിസ്റ്റിൽ ഇടം നേടി. ഏപ്രില്‍ 23 മുതല്‍ 29 വരെയാണ് കീം പരീക്ഷ നടന്നത്. മെയ് 14ന് നോര്‍മലൈസ്ഡ് സ്‌കോറുകള്‍ പ്രസിദ്ധീകരിച്ചിരുന്നു.
മതിയായ രേഖകളുടെ അഭാവം, അപേക്ഷയിലെ അപാകതകള്‍ തുടങ്ങിയ കാരണങ്ങളാല്‍ ഏതാനും വിദ്യാര്‍ത്ഥികളുടെ ഫലം തടഞ്ഞുവച്ചു. അപാകതകള്‍ പരിഹരിക്കുമ്പോള്‍ ഇവരുടെ ഫലവും പുറത്തുവിടും.
Read Also: CUET UG Result 2025: കീം പോലെ വിദ്യാര്‍ത്ഥികളെ ചുറ്റിച്ച പരീക്ഷ; സിയുഇടി യുജി ഫലം ഇനി എന്ന്?
നോര്‍മലൈസേഷന്‍ ഇങ്ങനെ
മാര്‍ക്ക് നോര്‍മലൈസേഷനുമായി ബന്ധപ്പെട്ടുള്ള പുതിയ ഫോര്‍മുല അംഗീകരിച്ചതിന് പിന്നാലെ പ്രോസ്പക്ടസില്‍ ഭേദഗതി വരുത്തി. നിലവിലെ എന്‍ട്രന്‍സ് പരീക്ഷയിലെ മാര്‍ക്ക്, പ്ലസ്ടു പരീക്ഷയിലെ മാര്‍ക്ക് എന്നിവ തമ്മിലുള്ള അനുപാതം 50: 50 എന്ന രീതിയില്‍ നിലനിര്‍ത്തും. ഫോര്‍മുല പ്രകാരം പ്ലസ്ടു മാര്‍ക്കുകള്‍ നോര്‍മലൈസ് ചെയ്യും. തുടര്‍ന്ന് മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, കെമിസ്ട്രി എന്നിവയുടെ മാര്‍ക്കുകള്‍ 5:3:2 എന്ന അനുപാതത്തില്‍ ചേര്‍ക്കുന്നതിനുള്ള നിബന്ധന ഉള്‍പ്പെടുത്തിയാണ് പ്രോസ്പക്ടസ് ഭേദഗതി ചെയ്തത്.