KEAM 2026: അങ്ങനെ പ്രവേശന പരീക്ഷ കഴിഞ്ഞു; ആന്‍സര്‍ കീയുമെത്തി; ഇനി റിസള്‍ട്ട് എന്ന് വരും?
KEAM 2026 Answer Key and Result Date: കീം 2026 എഞ്ചിനീയറിങ്, ഫാര്‍മസി എന്‍ട്രന്‍സ് പരീക്ഷ അവസാനിച്ചു. ആന്‍സര്‍ കീ പുറത്തുവിട്ടിട്ടുണ്ട്. ഏപ്രില്‍ 17 മുതല്‍ 22 വരെയായിരുന്നു എഞ്ചിനീയറിങ് പ്രവേശന പരീക്ഷ. ഏപ്രില്‍ 18 മുതല്‍ 20 വരെയായിരുന്നു ഫാര്‍മസി പ്രവേശന പരീക്ഷ. റിസള്‍ട്ടും, റാങ്ക് ലിസ്റ്റും എന്നു വരുമെന്ന് നോക്കാം.
തിരുവനന്തപുരം: കീം 2026 എഞ്ചിനീയറിങ്, ഫാര്‍മസി എന്‍ട്രന്‍സ് പരീക്ഷ പൂര്‍ത്തിയായി. പരീക്ഷയുടെ ആന്‍സര്‍ കീ പുറത്തുവിട്ടിട്ടുണ്ട്. cee.kerala.gov.in/keam2026/anskey എന്ന ലിങ്ക് വഴി ആന്‍സര്‍ കീ പരിശോധിക്കാം. ഏപ്രില്‍ 17 മുതല്‍ 22 വരെയാണ് എഞ്ചിനീയറിങ് പ്രവേശന പരീക്ഷ നടന്നത്. ഉച്ചയ്ക്ക് രണ്ട് മുതല്‍ വൈകുന്നേരം അഞ്ച് വരെയായിരുന്നു പരീക്ഷ. ഫാര്‍മസി പരീക്ഷ ഏപ്രില്‍ 18-ന് തുടങ്ങി 20-ന് അവസാനിച്ചു. രാവിലെ 10 മുതല്‍ 11.30 വരെയായിരുന്നു പരീക്ഷ.
കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലായി പരീക്ഷ നടന്നു. കൂടാതെ ബെംഗളൂരു, ചെന്നൈ, ഡല്‍ഹി, മുംബൈ തുടങ്ങി രാജ്യത്തെ വിവിധ സ്ഥലങ്ങളിലും, ഗള്‍ഫ് രാജ്യങ്ങളായ യുഎഇ, കുവൈത്ത്, ബഹ്‌റൈന്‍ എന്നിവിടങ്ങളിലും പരീക്ഷ നടത്തി. പശ്ചിമേഷ്യന്‍ പ്രതിസന്ധി കണക്കിലെടുത്ത് ഗള്‍ഫ് രാജ്യങ്ങളില്‍ പരീക്ഷാ കേന്ദ്രം തിരഞ്ഞെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് എക്‌സാം സെന്റര്‍ മാറ്റാനുള്ള സൗകര്യം അനുവദിച്ചിരുന്നു.
റിസള്‍ട്ട് എപ്പോള്‍?
എന്‍ട്രന്‍സ് പരീക്ഷയുടെ റിസള്‍ട്ട് ഉടന്‍ പുറത്തുവരും. മെയ് 10-നോ അതിന് മുമ്പോ ഫലം പുറത്തുവിടുമെന്നാണ് പ്രോസ്‌പെക്ടസില്‍ വ്യക്തമാക്കിയിരിക്കുന്നത്. ജൂണ്‍ 20-നോ അതിന് മുമ്പോ റാങ്ക് ലിസ്റ്റും പുറത്തുവിടും. ജനുവരി അഞ്ച് മുതലാണ് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചത്. ആദ്യം ജനുവരി 31 വരെ അപേക്ഷിക്കാന്‍ സമയപരിധി അനുവദിച്ചു.
Also Read: Kerala SSLC Result 2026: എസ്എസ്എൽസി സേ പരീക്ഷ: തോറ്റവർക്കും ജയിച്ചവർക്കും അപേക്ഷിക്കാമോ?
ആദ്യം ജനുവരി 31 വരെയാണ് അപേക്ഷിക്കാന്‍ സാവകാശം അനുവദിച്ചിരുന്നതെങ്കിലും പിന്നീട് സമയപരിധി നീട്ടി നല്‍കി. ഫെബ്രുവരി ആറു വരെയാണ് അപേക്ഷിക്കുന്നതിനുള്ള സമയപരിധി നീട്ടിനല്‍കിയത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ നേരത്തെ തന്നെ അപേക്ഷാ നടപടികള്‍ ആരംഭിച്ചു. 2025-ല്‍ ഫെബ്രുവരി 20 മുതലായിരുന്നു അപേക്ഷകള്‍ ക്ഷണിച്ചത്. ഇത്തവണ ഒരു മാസം നേരത്തെ നടപടികള്‍ തുടങ്ങി.
പിന്നീട് അപേക്ഷയില്‍ കൂടുതല്‍ കോഴ്‌സുകള്‍ കൂട്ടിച്ചേര്‍ക്കാനും വിദ്യാര്‍ത്ഥികള്‍ക്ക് അവസരം നല്‍കി. ആദ്യം ഫെബ്രുവരി 12 വരെയാണ് പുതിയ കോഴ്‌സുകള്‍ കൂടി അപേക്ഷയില്‍ കൂട്ടിച്ചേര്‍ക്കാന്‍ വിദ്യാര്‍ത്ഥികളെ അനുവദിച്ചത്. തുടര്‍ന്ന് ഈ സമയപരിധി മാര്‍ച്ച് മൂന്ന് വരെ നീട്ടി നല്‍കി.
ഇതിന് പിന്നാലെ പരീക്ഷാ കേന്ദ്രത്തിന്റെ മുന്‍ഗണനയില്‍ മാറ്റം വരുത്താനും സൗകര്യമൊരുക്കി. മാര്‍ച്ച് എട്ട് വരെയാണ് ഇതിനുള്ള സൗകര്യം ലഭ്യമാക്കിയത്. അപേക്ഷകള്‍ക്കൊപ്പം വിദ്യാര്‍ത്ഥികള്‍ സമര്‍പ്പിച്ച പേര്, ഫോട്ടോ, ഒപ്പ്, എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റ് എന്നിവ പരിശോധിക്കാന്‍ മാര്‍ച്ച് 21 വരെ സാവകാശം അനുവദിച്ചിരുന്നു.
അഡ്മിറ്റ് കാര്‍ഡ്
എന്നാല്‍ അഡ്മിറ്റ് കാര്‍ഡ് പ്രോസ്‌പെക്ടസില്‍ പറഞ്ഞിരുന്ന തീയതിയില്‍ നിന്ന് ഒരാഴ്ചയോളം വൈകിയത് കല്ലുകടിയായി. ഏപ്രില്‍ എട്ടിനാണ് അഡ്മിറ്റ് കാര്‍ഡ് ലഭ്യമാക്കിയത്. ഏപ്രില്‍ ഒന്ന് മുതല്‍ അപേക്ഷകര്‍ക്ക് അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാമെന്നായിരുന്നു പ്രോസ്‌പെക്ടസില്‍ ഉണ്ടായിരുന്നത്.
അപേക്ഷയില്‍ അപാകതയുള്ള വിദ്യാര്‍ത്ഥികളുടെ അഡ്മിറ്റ് കാര്‍ഡ് തടഞ്ഞുവെച്ചെങ്കിലും, ഏപ്രില്‍ 15 വരെ അത് തിരുത്തുന്നതിന് സാവകാശം അനുവദിച്ചിരുന്നു. പരീക്ഷയ്ക്ക് മുമ്പ് വിദ്യാര്‍ത്ഥികള്‍ക്ക് പ്രാക്ടീസ് ടെസ്റ്റ് നടത്താനുള്ള സൗകര്യവുമൊരുക്കിയിരുന്നു.