KEAM 2026: തയ്യാറെടുപ്പ് ഇപ്പോഴേ തുടങ്ങാം; എഞ്ചിനീയറിങ്, ഫാര്‍മസി എന്‍ട്രന്‍സ് പരീക്ഷകളുടെ തീയതി പുറത്ത്
KEAM 2026 Schedule Out: എഞ്ചിനീയറിങ്, ഫാര്‍മസി കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷയുടെ ഷെഡ്യൂള്‍ പുറത്തുവിട്ടു. ഏപ്രില്‍ 15 മുതല്‍ 21 വരെ കീം 2026 പരീക്ഷ നടക്കും. ഏപ്രില്‍ 13, 14, 22, 23 തീയതികള്‍ കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയുടെ ബഫര്‍ തീയതികളായി നിശ്ചയിച്ചിട്ടുണ്ട്

പ്രതീകാത്മക ചിത്രം
അടുത്ത അധ്യയന വര്‍ഷത്തെ എഞ്ചിനീയറിങ്, ഫാര്‍മസി കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷയുടെ (കീം 2026) ഷെഡ്യൂള്‍ പുറത്തുവിട്ടു. ഏപ്രില്‍ 15 മുതല്‍ 21 വരെ പരീക്ഷ നടക്കും. ഏപ്രില്‍ 13, 14, 22, 23 തീയതികള്‍ കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയുടെ ബഫര്‍ തീയതികളായി (റിസര്‍വ്) നിശ്ചയിച്ചിട്ടുണ്ട്. ഷെഡ്യൂളില്‍ എന്തെങ്കിലും തടസം നേരിട്ടാല്‍ റിസര്‍വ് ദിനങ്ങളില്‍ പരീക്ഷ നടത്തും. എല്ലാ ദിവസവും ഉച്ചകഴിഞ്ഞ് രണ്ട് മുതല്‍ അഞ്ച് വരെ പരീക്ഷ നടക്കും.
ഷെഡ്യൂള്‍ ഇങ്ങനെ
| തീയതി | സമയം |
| 13-04-2026 | ബഫര്‍ ഡേ |
| 14-04-2026 | 2 PM-5 PM |
| 15-04-2026 | 2 PM-5 PM |
| 16-04-2026 | 2 PM-5 PM |
| 17-04-2026 | 2 PM-5 PM |
| 18-04-2026 | 2 PM-5 PM |
| 19-04-2026 | 2 PM-5 PM |
| 20-04-2026 | 2 PM-5 PM |
| 21-04-2026 | 2 PM-5 PM |
| 22-04-2026 | ബഫര്‍ ഡേ |
| 23-04-2026 | ബഫര്‍ ഡേ |
കീം 2025 പരീക്ഷ ഏപ്രില്‍ 23 മുതല്‍ 29 വരെയാണ് നടന്നത്. ഇത്തവണ ഏപ്രില്‍ 23ന് മുമ്പ് പരീക്ഷ തീരുന്ന തരത്തിലാണ് ഷെഡ്യൂള്‍ ക്രമീകരിച്ചത്. കഴിഞ്ഞ തവണ ജൂലൈയിലാണ് ഫലപ്രഖ്യാപനം നടന്നത്. മാര്‍ക്ക് ഏകീകരണ ഫോര്‍മുല അംഗീകരിക്കുന്നത് ഉള്‍പ്പെടെയുള്ള കാലതാമസം ഫലപ്രഖ്യാപനത്തെയും ബാധിച്ചു. എന്നാല്‍ സര്‍ക്കാര്‍ അംഗീകരിച്ച മാര്‍ക്ക് ഏകീകരണ ഫോര്‍മുല വിവാദമായതോടെ, സംഭവം നിയമപോരാട്ടങ്ങളിലേക്കും വഴിവച്ചു.
Also Read: നീറ്റ് സൂപ്പർ സ്പെഷ്യാലിറ്റി 2025 പരീക്ഷകൾ മാറ്റി; അറിയിപ്പ് ഇങ്ങനെ
പ്രോസ്‌പെക്ടസ് പ്രസിദ്ധീകരിച്ചതിനു ശേഷം നടപടിക്രമങ്ങളില്‍ മാറ്റം വരുത്തിയതിനെതിരെ സിബിഎസ്ഇ വിദ്യാര്‍ത്ഥികള്‍ കോടതിയില്‍ പോയി. ഒടുവില്‍ പ്രോസ്പക്ടസില്‍ ആദ്യം വ്യക്തമാക്കിയിരുന്നതുപോലെ പ്രവേശന നടപടികളുമായി മുന്നോട്ടുപോകാന്‍ കോടതി നിര്‍ദ്ദേശിക്കുകയായിരുന്നു.
കഴിഞ്ഞ തവണ ഏറെ വിവാദമായ പ്രവേശനാ പരീക്ഷാ നടപടിക്രമങ്ങള്‍ ഇത്തവണ വിവാദങ്ങളില്ലാതെ പൂര്‍ത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ വര്‍ഷത്തില്‍ നിന്നും വ്യത്യസ്തമായി ഷെഡ്യൂള്‍ നേരത്തെ ക്രമീകരിച്ചത് അതിന്റെ സൂചനയായി വേണം കരുതാന്‍.