KEAM 2025: കാബിനറ്റിനെ ആശയക്കുഴപ്പത്തിലാക്കിയ തീരുമാനം; അത് വേണോയെന്ന് മന്ത്രിമാര്‍ പോലും ചോദിച്ചു; കീമില്‍ സംഭവിച്ചത്
KEAM 2025 Rank List Issue: പുതിയ ഫോര്‍മുല പ്രകാരം റാങ്ക് ലിസ്റ്റ് തയ്യാറാക്കിയത് കേരള സിലബസ് വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ പ്രയോജനപ്പെട്ടിരുന്നു. എന്നാല്‍ കോടതി നിര്‍ദ്ദേശം മൂലം പഴയ ഫോര്‍മുല പ്രകാരം റാങ്ക് ലിസ്റ്റ് തയ്യാറാക്കേണ്ടി വന്നതോടെ കേരള സിലബസ് വിദ്യാര്‍ത്ഥികള്‍ പിന്തള്ളപ്പെടുകയും, സിബിഎസ്ഇയില്‍ പഠിച്ചവര്‍ നേട്ടമുണ്ടാക്കുകയും ചെയ്തു
തിരുവനന്തപുരം: കീം റാങ്ക് ലിസ്റ്റിലെ പുതിയ ഫോര്‍മുലയുമായി ബന്ധപ്പെട്ട് മന്ത്രിമാര്‍ക്കിടയിലും സംശയങ്ങള്‍ ഉണ്ടായിരുന്നതായി റിപ്പോര്‍ട്ട്. നിയമ, കൃഷി വകുപ്പ് മന്ത്രിമാര്‍ ജൂണ്‍ 30ന് നടന്ന മന്ത്രിസഭായോഗത്തില്‍ സംശയങ്ങള്‍ ഉയര്‍ത്തിയിരുന്നുവെന്നാണ് സൂചന. പുതിയ ഫോര്‍മുല ഈ വര്‍ഷം തന്നെ നടപ്പാക്കണോ എന്നതിലായിരുന്നു മന്ത്രിമാരുടെ സംശയമെന്നാണ് വിവരം. എന്നാല്‍ പൊതുതാല്‍പര്യം ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ ധൃതി പിടിച്ച് തീരുമാനം നടപ്പിലാക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഒടുവില്‍ അപ്പീല്‍ കോടതി തള്ളിയതോടെ സര്‍ക്കാരിനും, കേരള സിലബസിലെ വിദ്യാര്‍ത്ഥികള്‍ക്കും കനത്ത തിരിച്ചടിയായി.
പരീക്ഷയും കഴിഞ്ഞ് സ്‌കോര്‍കാര്‍ഡും പുറത്തുവിട്ടതിന് ശേഷം പ്രോസ്പക്ടസ് തിരുത്തിയതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. പരീക്ഷ ആരംഭിക്കുന്നതിന് മുമ്പുള്ള പ്രോസ്പക്ടസ് പ്രകാരമാണ് നടപടിക്രമങ്ങള്‍ മുന്നോട്ടുപോകേണ്ടത്. ഇക്കാര്യത്തിലാണ് സര്‍ക്കാരിന് ഗുരുതര വീഴ്ച സംഭവിച്ചത്. ഈ അനീതി ചൂണ്ടിക്കാട്ടിയാണ് സിബിഎസ്ഇ വിദ്യാര്‍ത്ഥികള്‍ കോടതിയെ സമീപിച്ചത്.
പുതിയ ഫോര്‍മുല പ്രകാരം റാങ്ക് ലിസ്റ്റ് തയ്യാറാക്കിയത് കേരള സിലബസ് വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ പ്രയോജനപ്പെട്ടിരുന്നു. എന്നാല്‍ കോടതി നിര്‍ദ്ദേശം മൂലം പഴയ ഫോര്‍മുല പ്രകാരം റാങ്ക് ലിസ്റ്റ് തയ്യാറാക്കേണ്ടി വന്നതോടെ കേരള സിലബസ് വിദ്യാര്‍ത്ഥികള്‍ പിന്തള്ളപ്പെടുകയും, സിബിഎസ്ഇയില്‍ പഠിച്ചവര്‍ നേട്ടമുണ്ടാക്കുകയും ചെയ്തു. മുന്‍ റാങ്ക് ലിസ്റ്റില്‍ ഒന്നാമതെത്തിയ വിദ്യാര്‍ത്ഥിയടക്കം പിന്നാക്കം പോയി. ആദ്യം റാങ്ക് ലിസ്റ്റ് പുറത്തുവന്നപ്പോള്‍ ആദ്യ നൂറില്‍ കേരള സിലബസില്‍ പഠിച്ച 43 വിദ്യാര്‍ത്ഥികള്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ അത് 21 പേര്‍ മാത്രമാണ്.




കണക്കുകള്‍ ഇങ്ങനെ:
- ആകെ അപേക്ഷിച്ച വിദ്യാര്‍ത്ഥികള്‍: 86459 (41895 പെണ്‍കുട്ടികള്‍, 44654 ആണ്‍കുട്ടികള്‍)
- പരീക്ഷയില്‍ പാസായത്: 76230 (38049 പെണ്‍കുട്ടികള്‍, 38181 ആണ്‍കുട്ടികള്‍)
- റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടത്: 67505 (33555 പെണ്‍കുട്ടികള്‍, 33950 ആണ്‍കുട്ടികള്‍)
| സിലബസ് | ആകെ വിദ്യാര്‍ത്ഥികള്‍ | ആദ്യ നൂറിലുള്ളവര്‍ |
| എച്ച്എസ്ഇ-കേരള | 47175 | 21 |
| എഐഎസ്എസ്‌സിഇ (സിബിഎസ്ഇ) | 18284 | 79 |
| ഐസിഎസ്ഇ (സിഐഎസ്‌സിഇ) | 1415 | 0 |
| മറ്റുള്ളവര്‍ | 631 | 0 |
5,000 റാങ്കിനുള്ളില്‍
- എച്ച്എസ്ഇ-കേരള: 1796
- എഐഎസ്എസ്‌സിഇ (സിബിഎസ്ഇ): 2960
- ഐസിഎസ്ഇ (സിഐഎസ്‌സിഇ): 201
- മറ്റുള്ളവര്‍: 43
Read Also: KEAM Rank List 2025 : കീം പുതുക്കിയ ഫലം പുറത്ത്; കേരള സിലബസുകാർ പിന്നിലേക്ക് പോയി
ഓപ്ഷന്‍ ഉടനെ
അതേസമയം, പ്രവേശനത്തിന് വേണ്ടിയുള്ള ഓപ്ഷന്‍ ഉടന്‍ തന്നെ ക്ഷണിക്കുമെന്നാണ് വിവരം. അറിയിപ്പ് ഇന്നോ നാളെയോ പുറത്തുവന്നേക്കും. റാങ്ക് ലിസ്റ്റ് പുറത്തുവന്ന പശ്ചാത്തലത്തില്‍ പ്രവേശന നടപടികള്‍ ഇനി അതിവേഗം പുരോഗമിക്കും.