Kerala Plus One Admission 2025: പ്ലസ് വൺ സപ്ലിമെന്ററി അലോട്ട്മെന്റ് പ്രവേശനം ഇന്ന് മുതൽ; അറിയേണ്ടതെല്ലാം
Kerala Plus One Supplementary Allotment Admission 2025: അലോട്ട്‌മെന്റ് കിട്ടിയ വിദ്യാര്‍ത്ഥികള്‍ ഫീസ് അടച്ച് സ്ഥിരപ്രവേശനം നേടണം. തുടര്‍ അലോട്ട്‌മെന്റുകളെ കുറിച്ചുള്ള വിശദ വിവരങ്ങള്‍ ജൂലൈ ഒമ്പതിന് പുറത്തുവിടും.

തിരുവനന്തപുരം: പ്ലസ് വൺ ആദ്യ സപ്ലിമെന്ററി അലോട്ട്മെന്റ് പ്രകാരമുള്ള പ്രവേശനം ഇന്ന് (ജൂലൈ 4) തുടങ്ങും. ഇന്നലെയാണ് ആദ്യ സപ്ലിമെന്ററി അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചത്. അലോട്ട്മെന്റ് ലഭിച്ച വിദ്യാർത്ഥികൾക്ക് ഇന്ന് രാവിലെ 10 മണി മുതൽ ജൂലൈ 8ന് വൈകീട്ട് നാല് മണി വരെ പ്രവേശനം നേടാം. ആവശ്യമായ രേഖകളുടെ അസൽ സഹിതം രക്ഷാകർത്താവിനൊപ്പമാണ് വിദ്യാർത്ഥി അലോട്ട്‌മെന്റ് ലഭിച്ച സ്‌കൂളില്‍ പ്രവേശനത്തിന് എത്തേണ്ടത്. അഡ്മിഷന് ആവശ്യമായ അലോട്ട്മെന്റ് ലെറ്റർ സ്‌കൂളിൽ നിന്നും പ്രിന്റ് എടുത്ത് നൽകുന്നതാണ്.
https://hscap.kerala.gov.in/ എന്ന വെബ്‌സൈറ്റിലെ കാൻഡിഡേറ്റ് ലോഗിൻ വഴി വിദ്യാർത്ഥികൾക്ക് സപ്ലിമെന്ററി അലോട്ട്മെന്റ് ഫലം പരിശോധിക്കാവുന്നതാണ്. അലോട്ട്‌മെന്റ് കിട്ടിയ വിദ്യാര്‍ത്ഥികള്‍ ഫീസ് അടച്ച് സ്ഥിരപ്രവേശനം നേടണം. തുടര്‍ അലോട്ട്‌മെന്റുകളെ കുറിച്ചുള്ള വിശദ വിവരങ്ങള്‍ ജൂലൈ ഒമ്പതിന് പുറത്തുവിടും.
സപ്ലിമെന്ററി അലോട്ട്മെന്റ് ലഭിച്ച വിദ്യാർഥികൾ ക്യാൻഡിഡേറ്റ് ലോഗിൻ നിന്നും ലഭിക്കുന്ന രണ്ട് പേജ് അലോട്ട്മെന്റ് ലെറ്റർ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, വിടുതൽ സർട്ടിഫിക്കറ്റ്, സ്വഭാവ സർട്ടിഫിക്കറ്റ്, ബോണസ് & ടൈ ബ്രേക്കിന് ആനുകൂല്യങ്ങൾ ലഭിച്ചിട്ടുണ്ടെകിൽ അവയുടെ രേഖകൾ എന്നിവ അഡ്മിഷൻ ലഭിച്ച സ്‌കൂളിൽ ഹാജരാക്കണം.
ആദ്യ സപ്ലിമെന്ററി അലോട്ട്മെന്റ് പ്രവേശനം പൂർത്തിയാക്കി ഒഴിവ് വരുന്ന സീറ്റുകളിലേക്കുള്ള രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റിനുള്ള അപേക്ഷകൾ ജൂലൈ 9 മുതൽ സമർപ്പിക്കാവുന്നതാണ്. തുടർന്ന് ജൂലൈ 16ന് ഫലം പ്രസിദ്ധീകരിക്കുമെന്നാണ് വിവരം. ഏകജാലക സംവിധാനത്തിലെ മുഖ്യഘട്ടത്തിൽ അലോട്ട്‌മെന്റ് ലഭിക്കാതിരുന്നവർക്കും, അപേക്ഷിക്കാൻ സാധിക്കാത്തവർക്കുമാണ് സപ്ലിമെന്ററി അലോട്ട്‌മെന്റിന് അപേക്ഷിക്കാൻ അവസരം നൽകിയത്. ജൂൺ 30ന് വൈകിട്ട് അഞ്ച് മണി വരെയായിരുന്നു സമയം അനുവദിച്ചത്.