PSC Examinations Postponed: തിരഞ്ഞെടുപ്പിനൊപ്പം, പിഎസ്‌സി പരീക്ഷകളും; എന്തു ചെയ്യും? കമ്മീഷന്‍ പരിഹാരം കണ്ടെത്തി
PSC exams postponed from December 8 to 12 due to elections: തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് മൂലം കേരള പിഎസ്‌സി ഡിസംബര്‍ എട്ട് മുതല്‍ 12 വരെ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചു. 2026 ഫെബ്രുവരിയിലേക്കാണ് പരീക്ഷ മാറ്റിവച്ചത്. പുതിയ പരീക്ഷാ തീയതി പിന്നീട്
തിരുവനന്തപുരം: കേരള പിഎസ്‌സി ഡിസംബര്‍ എട്ട് മുതല്‍ 12 വരെ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചു. തദ്ദേശ തിരഞ്ഞെടുപ്പ് മൂലമാണ് മാറ്റിവച്ചത്. ഡിസംബര്‍ 9, 11 തീയതികളിലാണ് വോട്ടെടുപ്പ്. വോട്ടെണ്ണല്‍ 13ന് നടക്കും. ഈ തീയതികളില്‍ പരീക്ഷ നടത്തുന്നത് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കും. പിഎസ്‌സി പരീക്ഷകള്‍ വിവിധ സ്‌കൂളുകളിലാണ് നടത്തുന്നത്. പലയിടങ്ങളിലും വോട്ടെടുപ്പ് നടത്തുന്നതും സ്‌കൂളുകളിലാണ്. അതുകൊണ്ട് തന്നെ തിരഞ്ഞെടുപ്പ് ദിവസം പരീക്ഷ നടത്തുന്നതില്‍ പ്രായോഗിക ബുദ്ധിമുട്ടുകളുമുണ്ട്. ഈ സാഹചര്യത്തിലാണ് പരീക്ഷ നീട്ടിവയ്ക്കാന്‍ തീരുമാനിച്ചത്. 2026 ഫെബ്രുവരിയിലേക്കാണ് പരീക്ഷ മാറ്റിവച്ചത്. പുതിയ പരീക്ഷാ തീയതി പിന്നീട് അറിയിക്കുമെന്ന് പിഎസ്‌സി അറിയിച്ചു.
അതേസമയം, വിവിധ ജില്ലകളില്‍ എക്‌സൈസ് ആന്‍ഡ് പ്രൊഹിബിഷന്‍ വകുപ്പില്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍ (ട്രെയിനി), വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ (ട്രെയിനി), പത്തനംതിട്ട ജില്ലയില്‍ വനം വന്യജീവി വകുപ്പില്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ തസ്തികകളിലെ ശാരീരിക അളവെടുപ്പ്, കായികക്ഷമത പരീക്ഷ എന്നിവ നവംബര്‍ 17 മുതല്‍ 24 വരെ തീയതികളില്‍ നടത്തുമെന്ന് പിഎസ്‌സി അറിയിച്ചു.
തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ രാവിലെ 5.30ന് ഈ പരീക്ഷകള്‍ നടത്തും. അഡ്മിഷന്‍ ടിക്കറ്റ്, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍ രേഖയുടെ ഒറിജിനല്‍, യോഗ്യത തെളിയിക്കുന്നതിനുള്ള ഒറിജിനല്‍ രേഖകള്‍ എന്നിവയുമായി ഉദ്യോഗാര്‍ത്ഥികള്‍ എത്തണം. കായികക്ഷമത പരീക്ഷയില്‍ യോഗ്യത നേടുന്നവര്‍ക്ക് അന്ന് തന്നെ പ്രമാണപരിശോധന നടത്തും. പരീക്ഷയില്‍ പങ്കെടുക്കേണ്ടവര്‍ക്ക് പ്രൊഫൈല്‍ സന്ദേശം നല്‍കിയിട്ടുണ്ടെന്നും കമ്മീഷന്‍ വ്യക്തമാക്കി.
യൂണിവേഴ്‌സിറ്റികളില്‍ ഇലക്ട്രിക്കല്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ തസ്തികയിലേക്കുള്ള അഭിമുഖം ഇന്നാണ് നടക്കുന്നത്. ഇന്ന് മുതല്‍ 14 വരെ നടത്താനാണ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ പിന്നീട് ഇന്ന് മാത്രമായി അഭിമുഖം നടത്താന്‍ തീരുമാനിക്കുകയായിരുന്നു. പിഎസ്‌സി ആസ്ഥാന ഓഫീസില്‍ വച്ചാണ് അഭിമുഖം നടത്തുന്നത്. അഭിമുഖത്തില്‍ പങ്കെടുക്കേണ്ടവര്‍ക്ക് പ്രൊഫൈല്‍ സന്ദേശം, എസ്എംഎസ് എന്നിവ വഴി അറിയിപ്പ് നല്‍കിയിരുന്നു.