Kerala PSC Vacancies: പിഎസ്‌സിക്ക് റിപ്പോര്‍ട്ട് ചെയ്യുന്ന പുതിയ ഒഴിവുകള്‍ കണ്ടുപിടിക്കാന്‍ അറിയില്ലേ? വഴിയുണ്ട്
How to find new PSC vacancies: റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഒഴിവുകള്‍ അറിയാന്‍ പിഎസ്‌സിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. അത് എങ്ങനെയെന്ന് നോക്കാം
സര്‍ക്കാര്‍ ജോലി സ്വപ്‌നം കാണാത്തവരായി ആരും കാണില്ല. ഭേദപ്പെട്ട ശമ്പളം, സുരക്ഷിതത്വം, കേരളത്തില്‍ തന്നെ ജോലി ചെയ്യാനുള്ള സൗകര്യം തുടങ്ങിയവ സര്‍ക്കാര്‍ ജോലി ആകര്‍ഷകമാക്കുന്നു. സംസ്ഥാന സര്‍ക്കാരിന്റെ ജോലി ലഭിക്കണമെങ്കില്‍ പിഎസ്‌സി എഴുതണം. വെറുതെ, എഴുതിയാല്‍ പോര. നല്ല തയ്യാറെടുപ്പ് നടത്തുകയും വേണം. ഓരോ തസ്തികയുടെയും ഒഴിവുകള്‍ അറിഞ്ഞാല്‍ ഉദ്യോഗാര്‍ത്ഥികള്‍ അതിന് അനുസരിച്ച് തയ്യാറെടുപ്പുകള്‍ നടത്താനാകും.
പല തസ്തികകളുടെയും വിജ്ഞാപനങ്ങള്‍ പുറപ്പെടുവിക്കുമ്പോള്‍ നോട്ടിഫിക്കേഷനില്‍ ഒഴിവുകളുടെ വിശദാംശങ്ങളുണ്ടാകും. എന്നാല്‍ പ്രതീക്ഷിത ഒഴിവുകളാണെങ്കില്‍ കൃത്യമായ എണ്ണം നോട്ടിഫിക്കേഷനില്‍ കാണില്ല. എന്നാല്‍ പുതിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഒഴിവുകള്‍ അറിയാന്‍ കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. ഇതുവഴി റാങ്ക് ലിസ്റ്റിലുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവര്‍ക്ക് നിയമനസാധ്യതയുണ്ടോയെന്ന് എളുപ്പത്തില്‍ അറിയാനാകും. അത് എങ്ങനെയെന്ന് നോക്കാം.
പിഎസ്‌സി വെബ്‌സൈറ്റിലെ സ്റ്റാറ്റസ് ഓഫ് പോസ്റ്റ് സൗകര്യം വഴി പുതിയതായി റിപ്പോര്‍ട്ട് ചെയ്ത ഒഴിവുകള്‍ പരിശോധിക്കാം. ഇതില്‍ രണ്ട് രീതികളില്‍ ഒഴിവ് പരിശോധിക്കാം. അത് എങ്ങനെയെന്ന് വിശദീകരിക്കാം. തസ്തികയുടെ പേരോ അല്ലെങ്കില്‍ കാറ്റഗറി നമ്പറോ ഉപയോഗിച്ച് സര്‍ച്ച് ചെയ്യുന്നതാണ് ഒരു രീതി. ഇതിനുള്ള ഓപ്ഷന്‍ സ്റ്റാറ്റസ് ഓഫ് പോസ്റ്റ്‌സില്‍ ലഭ്യമാണ്. ഈ രീതിയാണ് ഏറ്റവും എളുപ്പം. വളരെ എളുപ്പത്തില്‍ ഒഴിവുകള്‍ കണ്ടെത്താനാകും.
വര്‍ഷം ഉപയോഗിച്ച് ഓരോ കാറ്റഗറി നമ്പറുകള്‍ പ്രത്യേകം തിരയുന്നതാണ് രണ്ടാമത്തെ രീതി. ആദ്യത്തെ രീതി അപേക്ഷിച്ച് ഇത് അല്‍പം ബുദ്ധിമുട്ടേറിയതാണ്. കാരണം ഉദ്യോഗാര്‍ത്ഥി ഉദ്ദേശിക്കുന്ന തസ്തികയുടെ വിജ്ഞാപനം അവസാന ഭാഗത്താണ് വരുന്നതെങ്കില്‍ കൂടുതല്‍ നേരം സ്‌ക്രോള്‍ ചെയ്യേണ്ടി വരും. സ്റ്റാറ്റസ് ഓഫ് പോസ്റ്റ്‌സ് ലിങ്ക്: psc.kerala.gov.in/status