Kerala School Holiday: കനത്ത മഴയ്ക്ക് സാധ്യത, നാളെ ഈ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
Holiday issued for schools in these districts in Kerala: ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലാണ് നാളെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. ഇന്ന് ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള മറ്റ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്

കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ഇടുക്കി, തൃശൂര്‍, വയനാട് ജില്ലകളില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. റെസിഡന്‍ഷ്യല്‍ സ്ഥാപനങ്ങള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് ഇടുക്കി ജില്ലാ കളക്ടര്‍ ജൂണ്‍ 26ന് അവധി പ്രഖ്യാപിച്ചത്. അംഗനവാടികള്‍, സര്‍ക്കാര്‍ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, സ്വകാര്യ വിദ്യാലയങ്ങള്‍, കോളേജുകള്‍, പ്രൊഫഷണല്‍ കോളേജുകള്‍ തുടങ്ങിയവയ്ക്ക് അവധി ബാധകമാണ്. തൃശൂര്‍ ജില്ലയിലും പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധിയാണ്. മുന്‍നിശ്ചയിച്ച പരീക്ഷകള്‍, ഇന്റര്‍വ്യൂ എന്നിവയ്ക്ക് മാറ്റമില്ലെന്ന് കളക്ടര്‍ അറിയിച്ചു.
വയനാട് ജില്ലയിലും പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധിയാണെങ്കിലും റെസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ക്കും, റെസിഡന്‍ഷ്യല്‍ കോളേജുകള്‍ക്കും ഇത് ബാധകമല്ല. എറണാകുളം ജില്ലയില്‍ കോതമംഗലം താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധിയാണ്. അതേസമയം, പാലക്കാട് ജില്ലയില്‍ നാളെ അവധിയില്ലെന്ന് കളക്ടര്‍ വ്യക്തമാക്കി. അവധി പ്രഖ്യാപിച്ചതായി വ്യാജ പ്രചരണങ്ങള്‍ നടക്കുന്ന പശ്ചാത്തലത്തിലാണ് വിശദീകരണം.
അതേസമയം, ഭൂതത്താന്‍കെട്ട് ഡാമിലേക്കുള്ള നീരൊഴുക്ക് ഉയരുന്ന പശ്ചാത്തലത്തില്‍ ഡാമില്‍ നിന്നുള്ള ഷട്ടര്‍ ഉയര്‍ത്തി ഓരോ മണിക്കൂറിലും പുഴയിലേക്ക് വെള്ളം ഒഴുക്കുന്നുണ്ട്. ബാരേജിന്റെ 15 ഷട്ടറുകള്‍ എട്ടെണ്ണം ഇപ്പോള്‍ തുറന്നു. പെരിയാറിന്റെ ഇരുകരകളിലുമുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. എന്നാല്‍ നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല.




വന്‍തോതില്‍ ജലനിരപ്പ് ഉയരുന്നതിനാല്‍ വയനാട്ടിലെ കബനി (കാക്കവയല്‍ സ്റ്റേഷന്‍) നദിയില്‍ ജലസേചന വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. നദിതീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം. നദിയില്‍ ഇറങ്ങാന്‍ പാടില്ല. നദി മുറിച്ചുകടക്കാനും ശ്രമിക്കരുത്. പ്രളയ സാധ്യതയുള്ള പ്രദേശങ്ങളില്‍ അധികൃതര്‍ നിര്‍ദ്ദേശിക്കുന്നതുപ്രകാരം മാറിത്താമസിക്കണം.
ബംഗാള്‍ ഉള്‍ക്കടലിനും, ആന്ധ്രാപ്രദേശ്, ഒഡീഷ തീരങ്ങള്‍ക്കും മുകളിലായി സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴി 24 മണിക്കൂറിനകം ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിച്ചേക്കുമെന്നാണ് വിലയിരുത്തല്‍. ഈ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്നും നാളെയും അതിശക്തമായ മഴയ്ക്കാണ് സാധ്യത. ജൂണ്‍ 28 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.