Kerala Rain School Holiday: അതിശക്തമായ മഴ; ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
Kerala Schools Rain Holiday June 27: കനത്ത മഴ തുടരുന്ന സാഹചര്യം കണക്കിലെടുത്ത് എറണാകുളം, ഇടുക്കി തൃശൂര്‍, മലപ്പുറം, വയനാട് ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്‌ക്കോ അതിശക്തമായ മഴയ്‌ക്കോയുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.
കൊച്ചി: സംസ്ഥാനത്ത് അതിശക്തമായ മഴയും കാറ്റും തുടരുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിലെയും താലൂക്കുകളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് (ജൂൺ 27) അവധി പ്രഖ്യാപിച്ചു. എറണാകുളം, കോട്ടയം, തൃശൂർ, ഇടുക്കി, വയനാട്, പാലക്കാട്, പത്തനംതിട്ട ജില്ലകളിലാണ് ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. കൂടാതെ, നിലമ്പൂർ, ചേർത്തല, കുട്ടനാട്, ഇരിട്ടി താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
എറണാകുളം, കോട്ടയം, തൃശൂർ, ഇടുക്കി, വയനാട്, പത്തനംതിട്ട ജില്ലകളിൽ അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയാണ്. എന്നാൽ, പാലക്കാട് ജില്ലയിൽ പ്രൊഫഷണൽ കോളജുകൾക്ക് അവധി ബാധകമല്ല. നിലമ്പൂർ, ചേർത്തല, കുട്ടനാട്, ഇരിട്ടി താലൂക്കുകളിലും പ്രൊഫഷണൽ കോളേജുകൾ, ഹയർ സെക്കൻഡറി ഉൾപ്പെടെ മുഴുവൻ സ്കൂളുകൾക്കും ബഡ്സ് സ്കൂളുകൾക്കും അങ്കണവാടികൾക്കും മദ്റസകൾക്കും ഉൾപ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും
അവധി ബാധകമാണ്. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല.
ALSO READ: മില്‍മയില്‍ സെയില്‍സ് ഓഫീസറാകാം, 47000 രൂപ ശമ്പളം, മിക്ക ജില്ലകളിലും ഒഴിവ്
അതേസമയം, കനത്ത മഴ തുടരുന്ന സാഹചര്യം കണക്കിലെടുത്ത് എറണാകുളം, ഇടുക്കി തൃശൂര്‍, മലപ്പുറം, വയനാട് ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്‌ക്കോ അതിശക്തമായ മഴയ്‌ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. അതായത്, 24 മണിക്കൂറില്‍ 115.6 മില്ലി മീറ്റര്‍ മുതല്‍ 204.4 മില്ലി മീറ്റര്‍ വരെ മഴ ലഭിക്കാവുന്ന സാഹചര്യം മുന്‍നിര്‍ത്തിയാണ് മുന്നറിയിപ്പ് നൽകിയത്. കൂടാതെ, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.