NATA EXAM 2025: നാറ്റ 2025 രജിസ്ട്രേഷൻ സമയപരിധി നീട്ടി; അറിയേണ്ടതെല്ലാം
NATA Exam 2025 Registration Date Extended: ഒരു വർഷത്തിൽ ഒരാൾക്ക് മൂന്ന് തവണ നാറ്റ പരീക്ഷ എഴുതാവുന്നതാണ്. നാറ്റ സ്കോറിന് രണ്ട് വർഷത്തെ സാധുതയുണ്ടാകും.
ബാച്ച്ലർ ഓഫ് ആർക്കിടെക്‌ചർ (ബിആർക്ക്) പ്രവേശനത്തിനുള്ള അഭിരുചി പരീക്ഷയായ നാഷണൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ ആർക്കിടെക്ചർ (നാറ്റ 2025) എഴുതാൻ ഓഗസ്റ്റ് ഒമ്പത് വരെ അവസരം. ജൂലായ് ഒന്നുമുതൽ ഓഗസ്റ്റ് ഒൻപതുവരെയുള്ള കാലയളവിലെ വെള്ളി, ശനി ദിവസങ്ങളിൽ നാറ്റ ഇനിയും പരീക്ഷ നടത്തുമെന്ന് കൗൺസിൽ ഓഫ് ആർക്കിടെക്ചർ അറിയിച്ചു. ഓഗസ്റ്റ് അഞ്ച് വരെ വിദ്യാർത്ഥികൾക്ക് രജിസ്റ്റർ ചെയ്യാം.
നിലവിൽ നടക്കുന്ന കേന്ദ്രീകൃത പ്രവേശന കൗൺസലിങ്ങിന് മാറ്റമുണ്ടാകില്ല. ബിആർക്ക് പ്രോഗ്രാമിന് വിവിധ സ്ഥാപനങ്ങളിലായി ഉണ്ടായേക്കാവുന്ന ഒഴിവുകൾ നികത്താൻ അർഹതയുള്ളവർക്ക് അവസരം നൽകുക എന്ന ലക്ഷ്യത്തോടെയാണ് പരീക്ഷയുടെ രജിസ്‌ട്രേഷൻ ദീർഘിപ്പിച്ചത്. ഒരു വർഷത്തിൽ ഒരാൾക്ക് മൂന്ന് തവണ നാറ്റ പരീക്ഷ എഴുതാവുന്നതാണ്. നാറ്റ സ്കോറിന് രണ്ട് വർഷത്തെ സാധുതയുണ്ടാകും. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും നാറ്റയുടെ ഔദ്യോഗിക വെബ്‌സൈറ്റായ www.nata.in സന്ദർശിക്കുക.
അംഗീകൃത ബോർഡിൽ നിന്ന് പ്ലസ് ടു/ തത്തുല്യം പാസായവർക്ക് ബി.ആർക്കിന് അപേക്ഷിക്കാം. എന്നാൽ, ഫിസിക്സ്, മാത്തമാറ്റിക്സ് എന്നീ വിഷയങ്ങൾ നിർബന്ധമായും, കെമിസ്ട്രി, ബയോളജി, ടെക്‌നിക്കൽ വൊക്കേഷണൽ വിഷയം, കമ്പ്യൂട്ടർ സയൻസ്, ഇൻഫർമേഷൻ ടെക്നോളജി, ഇൻഫർമാറ്റിക്‌സ് പ്രാക്ടിസിസ്, എൻജിനീയറിങ് ഗ്രാഫിക്സ്, ബിസിനസ് സ്റ്റഡീസ് എന്നിവയിൽ ഒന്നും പഠിച്ചിരിക്കണം. കുറഞ്ഞത്ത് 45 ശതമാനം മാർക്കും വേണം. താത്പര്യമനുസരിച്ച് വിദ്യാർത്ഥികൾക്ക് മൂന്ന് ടെസ്റ്റുകൾക്ക് വരെ രജിസ്റ്റർ ചെയ്യാം.
ഇന്ത്യയിലെ പരീക്ഷാ കേന്ദ്രത്തിൽ പരീക്ഷാ എഴുതാൻ ഒരു ടെസ്റ്റിന് 1750 രൂപയാണ് അപേക്ഷ ഫീസ്. എസ്.സി/ എസ്.ടി, ഭിന്നശേഷി, ഇ.ഡബ്ള്യ.എസ് വിഭാഗക്കാർക്ക് 1250 രൂപയും, ട്രാൻസ്‌ജെൻഡർ വിഭാഗത്തിന് 1000 രൂപയുമാണ് ഫീസ്. അതേസമയം വിദേശ പരീക്ഷാ കേന്ദ്രത്തിൽ പരീക്ഷ എഴുതുന്ന എല്ലാ വിഭാഗക്കാരും 15,000 രൂപ ഫീസ് അടയ്ക്കണം. ഓൺലൈനായി ഫീസ് അടയ്ക്കാവുന്നത്. ഫീസ് അടച്ച് അപേക്ഷ സമർപ്പിച്ച ശേഷം കൺഫർമേഷൻ പേജിന്റെ ഒരു പകർപ്പ് പ്രിന്റ് ഔട്ട് എടുത്ത് ഭാവി ആവശ്യങ്ങൾക്കായി സൂക്ഷിക്കുക.