KTET December 2025: കെ ടെറ്റ് അപേക്ഷാത്തീയതി അവസാനിക്കുന്നു; അപേക്ഷിക്കേണ്ടത് എങ്ങനെ? അറിയേണ്ടതെല്ലാം
KTET December 2025 Application Details: കെ ടെറ്റ് അധ്യാപക യോഗ്യതാ പരീക്ഷയ്ക്ക് ഡിസംബര്‍ 30 വരെ അപേക്ഷിക്കാം. ഡിസംബര്‍ 22നാണ് രജിസ്‌ട്രേഷന്‍ ആരംഭിച്ചത്. 2026 ഫെബ്രുവരി 11ന് അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം

K TET
തിരുവനന്തപുരം: കെ ടെറ്റ് അധ്യാപക യോഗ്യതാ പരീക്ഷയ്ക്ക് ഡിസംബര്‍ 30 വരെ അപേക്ഷിക്കാം. ഡിസംബര്‍ 22നാണ് രജിസ്‌ട്രേഷന്‍ ആരംഭിച്ചത്. 2026 ഫെബ്രുവരി 11ന് അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം. ഫെബ്രുവരി 21ന് പരീക്ഷ ആരംഭിക്കും. കാറ്റഗറി ഒന്നിന് 21 രാവിലെ 10 മുതല്‍ 12.30 വരെയാണ് പരീക്ഷ. കാറ്റഗറി രണ്ടിന് 21ന് ഉച്ചയ്ക്ക് രണ്ട് മുതല്‍ 4.30 വരെ പരീക്ഷ നടക്കും. കാറ്റഗറി മൂന്നിന് 23ന് രാവിലെ 10 മുതല്‍ 12.30 വരെ പരീക്ഷ നടക്കും. കാറ്റഗറി നാലിന് 23ന് ഉച്ചയ്ക്ക് രണ്ട് മുതല്‍ വൈകിട്ട് 4.30 വരെയാണ് പരീക്ഷ.
പരീക്ഷാ ഭവനാണ് കെ ടെറ്റ് പരീക്ഷ നടത്തുന്നത്. https://ktet.kerala.gov.in, https://pareekshabhavan.kerala.gov.in, http://www.scert.kerala.gov.in/ എന്നീ വെബ്‌സൈറ്റുകളില്‍ വിജ്ഞാപനം ലഭ്യമാണ്.
അപേക്ഷിക്കുന്നതിന് മുമ്പ് വിജ്ഞാപനം വിശദമായി വായിക്കണം. നോട്ടിഫിക്കേഷന്‍ വായിക്കാത്തത് മൂലം അപേക്ഷകര്‍ വരുത്തുന്ന പിഴവുകള്‍ക്ക് തങ്ങള്‍ ഉത്തരവാദിയല്ലെന്ന് പരീക്ഷാഭവന്‍ അറിയിച്ചു. യോഗ്യതാ മാനദണ്ഡങ്ങള്‍ വിജ്ഞാപനത്തില്‍ വിശദീകരിച്ചിട്ടുണ്ട്.
500 രൂപയാണ് ഓരോ വിഭാഗത്തിലും അപേക്ഷാഫീസ്. പട്ടികജാതി, പട്ടികവര്‍ഗ, ഭിന്നശേഷി വിഭാഗങ്ങള്‍ക്ക് 250 രൂപയാണ് ഫീസ്. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. അപേക്ഷയിലെ വിവരങ്ങള്‍ പരിശോധിച്ച് ഉറപ്പുവരുത്തിയതിന് ശേഷം മാത്രമേ ഫൈനല്‍ കണ്‍ഫര്‍മേഷന്‍ നല്‍കാവൂ. കണ്‍ഫേം ചെയ്തതിന് ശേഷം അപേക്ഷ തിരുത്താനാകില്ല.
എത്ര കാറ്റഗറി എഴുതുന്നതിനും ഒറ്റ പ്രാവശ്യം മാത്രമേ അപേക്ഷ സമര്‍പ്പിക്കാവൂ. ഇതിന് പ്രത്യേകമായി അപേക്ഷിക്കേണ്ടതില്ല. പുതിയ ഫോട്ടോ അപ്ലോഡ് ചെയ്യാന്‍ അപേക്ഷാര്‍ത്ഥികള്‍ ശ്രദ്ധിക്കണം. വിശദാംശങ്ങള്‍ക്കായി വിജ്ഞാപനം പരിശോധിക്കുക.