Muharram Holiday 2025: മുഹറം അവധിയില്‍ മാറ്റമുണ്ടോ? ഇന്ന് സ്‌കൂളില്‍ പോകണോ?
Muharram Holiday 2025 In Kerala Clarification: നേരത്തെ തയ്യാറാക്കിയ കലണ്ടര്‍ അനുസരിച്ച് ഞായറാഴ്ചയാണ് അവധി കണക്കാക്കിയിരുന്നത്. എന്നാല്‍ മുഹറം പത്ത് ചന്ദ്രമാസപ്പിറവി പ്രകാരം തിങ്കളാഴ്ചയാണ് വരുന്നത്. ഇതോടെ തിങ്കളാഴ്ചയും അവധി വേണമെന്ന ആവശ്യം ഉയരുകയായിരുന്നു

മുഹറം പ്രമാണിച്ച് ഇന്ന് അവധിയായിരിക്കുമെന്ന തരത്തില്‍ പ്രചരിക്കുന്ന അഭ്യൂഹങ്ങള്‍ വ്യാജം. മുഹറം അവധി ഇന്നലെയായിരുന്നു. സംസ്ഥാനത്ത് മുഹറം പ്രമാണിച്ച് തിങ്കളാഴ്ചയും അവധി വേണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. ഇതേ തുടര്‍ന്നാണ് അഭ്യൂഹങ്ങള്‍ ശക്തമായത്. എന്നാല്‍, ഇന്ന് പ്രവൃത്തിദിവസമായിരിക്കും. നേരത്തെ തയ്യാറാക്കിയ കലണ്ടര്‍ അനുസരിച്ച് ഞായറാഴ്ചയാണ് (ജൂലൈ 6) അവധി കണക്കാക്കിയിരുന്നത്. എന്നാല്‍ മുഹറം പത്ത് ചന്ദ്രമാസപ്പിറവി പ്രകാരം തിങ്കളാഴ്ചയാണ് വരുന്നത്. ഇതോടെ തിങ്കളാഴ്ചയും അവധി വേണമെന്ന ആവശ്യം ഉയരുകയായിരുന്നു. ടിവി ഇബ്രാഹിം എംഎല്‍എ ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയന് കത്തു നല്‍കിയിരുന്നു.
ചന്ദ്രമാസപ്പിറവി പ്രകാരം കേരളത്തില്‍ മുഹറം 10 ആചരിക്കുന്നത് തിങ്കളാഴ്ചയാണെന്ന് എംഎല്‍എ കത്തില്‍ ചൂണ്ടിക്കാട്ടി. ജൂലൈ ആറിനാണ് സര്‍ക്കാര്‍ കലണ്ടര്‍ പ്രകാരം അവധി. മുഹറം 10 ആചരിക്കുന്ന തിങ്കളാഴ്ച അവധി പ്രഖ്യാപിക്കണമെന്നും എംഎല്‍എ ആവശ്യപ്പെട്ടിരുന്നു. തിങ്കളാഴ്ച അവധി പ്രഖ്യാപിക്കണമെന്ന് മറ്റ് ചില സംഘടനകളും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തിങ്കളാഴ്ച അവധി ദിവസമായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടില്ല.




അതേസമയം, ഇന്ന് സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന് കീഴിലുള്ള മദ്രസകള്‍, ഓഫീസുകള്‍ എന്നിവയ്ക്ക് അവധിയായിരിക്കുമെന്ന് സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ മാനേജര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ലക്ഷദ്വീപില്‍ കവരത്തിയില്‍ സർക്കാർ ഓഫീസുകൾ, ബാങ്കുകൾ, കോടതി എന്നിവയ്ക്ക് മുഹറം പ്രമാണിച്ചുള്ള അവധി തിങ്കളാഴ്ചത്തേക്ക് മാറ്റിയിരുന്നു.