NCERT SWAYAM Courses: ഫീസ് വേണ്ട, പ്ലസ് വൺ വിദ്യാർത്ഥികൾക്ക് പുതിയ കോഴ്സുകളുമായി എൻസിഇആർടി
NCERT SWAYAM Courses for Plus 1 and Plus 2: സ്വയം പോർട്ടലിലൂടെയും മൊബൈൽ ആപ്പിലൂടെയും കോഴ്സ് പഠിക്കാവുന്നതാണ്. നിലവിലെ കോഴ്സുകളിലേക്കുള്ള എൻറോൾമെൻ്റ് 2025 സെപ്റ്റംബർ 1 വരെയാണ്.
തിരുവനന്തപുരം: പ്ലസ് വൺ പ്ലസ് ടു വിദ്യാർത്ഥികളെ സഹായിക്കുന്നതിന് പുതിയ കോഴ്സുമായി രംഗത്ത് എത്തിയിരിക്കുകയാണ് എൻ.സി.ഇ.ആർ.ടി. പഠനം മെച്ചപ്പെടുത്തുന്നതിനും മികച്ച അക്കാദമിക് പ്രകടനം കാഴ്ചവെക്കുന്നതിനും വിദ്യാർത്ഥികളെ സഹായിക്കുന്ന 28 സൗജന്യ ഓൺലൈൻ കോഴ്സുകളാണ് എൻ.സി.ഇ.ആർ.ടിയുടെ സ്വയം (SWAYAM) പോർട്ടലിലൂടെ ലഭ്യമാകുന്നത്. ഈ കോഴ്സുകൾ പ്രധാനമായും 11 വിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. അക്കൗണ്ടൻസി, ബിസിനസ് സ്റ്റഡീസ് , ബയോളജി, കെമിസ്ട്രി, എക്കണോമിക്സ്, ഇംഗ്ലീഷ്, ജിയോഗ്രഫി,കണക്ക്, ഫിസിക്സ്, സൈക്കോളജി, സോഷ്യോളജി, എന്നിവയാണ് വിഷയങ്ങൾ. ഓരോ കോഴ്സും 24 ആഴ്ചകൾ നീണ്ടുനിൽക്കുന്നതാണ്.
കോഴ്സ് വിവരങ്ങൾ
സ്വയം പോർട്ടലിലൂടെയും മൊബൈൽ ആപ്പിലൂടെയും കോഴ്സ് പഠിക്കാവുന്നതാണ്. നിലവിലെ കോഴ്സുകളിലേക്കുള്ള എൻറോൾമെൻ്റ് 2025 സെപ്റ്റംബർ 1 വരെയാണ്. പരീക്ഷാ രജിസ്ട്രേഷൻ തീയതി സെപ്റ്റംബർ 7 മുതൽ 9 വരെയും. ഫൈനൽ പരീക്ഷ സെപ്റ്റംബർ 10 മുതൽ 15 വരെയാണ് നടക്കുക.
ഇത് തന്നെയാണ് കോഴ്സ് തീരുന്ന കാലാവധിയും. ദേശീയ നിലവാരത്തിന് അനുസൃതമായി മുതിർന്ന എൻ.സി.ഇ.ആർ.ടി ഫാക്കൽറ്റികളും റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യുക്കേഷനിലെ വിഷയ വിദഗ്ധരും ചേർന്നാണ് കോഴ്സുകൾ തയ്യാറാക്കുന്നത്. പരീക്ഷയ്ക്ക് ഒരു ചെറിയ ഫീസ് ഈടാക്കും. വിജയിച്ച വിദ്യാർത്ഥികൾക്ക് എൻ.സി.ഇ.ആർ.ടിയിൽ നിന്ന് സർട്ടിഫിക്കറ്റ് ലഭിക്കുകയും ചെയ്യും.
എങ്ങനെ എൻറോൾ ചെയ്യാം
- SWAYAM പോർട്ടൽ https://swayam.gov.in/ സന്ദർശിക്കുക
- ആദ്യമായി സൈറ്റിൽ എത്തുകയാണെങ്കിൽ സൗജന്യമായി ഒരു അക്കൗണ്ട് രജിസ്റ്റർ ചെയ്യുക.
- 11, 12 എന്നിവയ്ക്കുള്ള കോഴ്സുകളുടെ ലിസ്റ്റ് ബ്രൗസ് ചെയ്യുക.
- പാഠ്യഭാഗം ആക്സസ് ചെയ്ത് പഠനം ആരംഭിക്കുക
കൂടുതൽ വിവരങ്ങൾക്ക് moocs.helpdesk@ciet.nic.in സന്ദർശിക്കുകയോ െഎ വി ആർ എസ് ഹെൽപ് ലൈൻ നമ്പറായ 8800440559 ൽ ബന്ധപ്പെടുകയോ ചെയ്യുക