NEET UG Registration 2025: നീറ്റ് യുജി പ്രവേശന പരീക്ഷ 2025: രജിസ്ട്രേഷൻ ആരംഭിച്ചു, വിശദാംശങ്ങൾ അറിയാം
NEET UG 2025 Registration Begins: എംബിബിഎസ്, ബിഡിഎസ്, ബിഎഎംഎസ്, ബിയുഎംഎസ്, ബിഎസ്എംഎസ്, ബിഎച്ച്എംഎസ്, എന്നീ കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷയാണ് നീറ്റ് യുജി.

പ്രതീകാത്മക ചിത്രം
ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയായ നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ് യുജി) 2025ലേക്കുള്ള അപേക്ഷ ക്ഷണിച്ചു. നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) ആണ് ഇന്ത്യയിൽ ഉടനീളമുള്ള ബിരുദ മെഡിക്കൽ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശന പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചത്. വിദ്യാർത്ഥികൾക്ക് നീറ്റ് യുജിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷ നൽകാം. മാർച്ച് 7 ആണ് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി. അപേക്ഷയിൽ തിരുത്തലുകൾ വരുത്താൻ വിദ്യാർത്ഥികൾക്ക് മാർച്ച് 9 മുതൽ 11 വരെയാണ് സമയം അനുവദിച്ചിരിക്കുന്നത്.
മെയ് 4നാണ് നീറ്റ് യുജി 2025 പ്രവേശന പരീക്ഷ നടക്കുക. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, ആസാമീസ്, ബംഗാളി, ഗുജറാത്തി, കന്നഡ, മറാത്തി, ഒഡിയ, തമിഴ്, പഞ്ചാബി, തെലുങ്ക്, ഉറുദു എന്നിങ്ങനെ 13 ഭാഷകളിലാണ് പരീക്ഷ നടക്കുക. 1,700 രൂപയാണ് അപേക്ഷ ഫീസ് അടയ്‌ക്കേണ്ടത്. ജനറൽ-ഇഡബ്ല്യുഎസ്, ഒബിസി-എൻസിഎൽ എന്നീ വിഭാഗക്കാർക്ക് 1,600 രൂപയും, എസ്‌സി, എസ്ടി, ഭിന്നശേഷിക്കാർ, തേർഡ് ജെൻഡർ എന്നിവർക്ക് 1,000 രൂപയും, ഇന്ത്യയ്ക്ക് പുറത്ത് പരീക്ഷാ കേന്ദ്രം തിരഞ്ഞെടുക്കുന്നവർക്ക് 9,500 രൂപയുമാണ് ഫീസ്. മാർച്ച് 7 വരെ ഓൺലൈനായി ഫീസ് അടയ്ക്കാം. 2008 ഡിസംബർ 31ന് മുൻപ് ജനിച്ചവർക്ക് അപേക്ഷ നൽകാം. ഉയർന്ന പ്രായപരിധി നിശ്ചയിച്ചിട്ടില്ല.
എംബിബിഎസ്, ബിഡിഎസ്, ബിഎഎംഎസ്, ബിയുഎംഎസ്, ബിഎസ്എംഎസ്, ബിഎച്ച്എംഎസ്, എന്നീ കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷയാണ് നീറ്റ് യുജി. എന്നാൽ, ബിവിഎസ്സി, & എഎച്ച് (വെറ്റിനറി), ബിഎസ്സി (ഓണേഴ്‌സ്), നഴ്‌സിംഗ് പ്രവേശനം എന്നിവയ്ക്കും നീറ്റ് യുജി പ്രവേശന പരീക്ഷയിലെ സ്കോർ തന്നെയാണ് ഉപയോഗിക്കുന്നത്.
അപേക്ഷിക്കേണ്ട വിധം:
- ഔദ്യോഗിക വെബ്സൈറ്റായ neet.nta.nic.in സന്ദർശിക്കുക .
- ഹോം പേജിൽ കാണുന്ന “NEET UG 2025-നുള്ള രജിസ്ട്രേഷൻ” എന്ന ലിങ്ക് തിരഞ്ഞെടുക്കുക.
- ലോഗിൻ ക്രെഡൻഷ്യലുകൾ ലഭിക്കുന്നതിന് ആദ്യം സൈൻഅപ്പ് പ്രക്രിയ പൂർത്തിയാക്കുക.
- ഇനി ലോഗിൻ ചെയ്ത് ആവശ്യമായ വിവരങ്ങൾ പൂരിപ്പിച്ച് നൽകിയ ശേഷം രേഖകൾ അപ്ലോഡ് ചെയ്യുക.
- തുടർന്ന് ഫീസ് അടച്ച ശേഷം അപേക്ഷ സമർപ്പിക്കാം.
- ഭാവി ആവശ്യങ്ങൾക്കായി അപേക്ഷയുടെ ഒരു പകർപ്പ് സൂക്ഷിക്കുക.