Oriental Insurance Company Recruitment 2025: അരലക്ഷത്തിലേറെ രൂപ ശമ്പളം, ഡിഗ്രിയുണ്ടെങ്കില്‍ അപേക്ഷിക്കാം; ഓറിയന്റല്‍ ഇന്‍ഷുറന്‍സ് കമ്പനി വിളിക്കുന്നു
OICL AO Notification 2025 Out: ഓറിയന്റല്‍ ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡില്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ തസ്തികയില്‍ അവസരം. ഡിസംബര്‍ മൂന്ന് മുതല്‍ അപേക്ഷിക്കാം. ബിരുദമുള്ളവര്‍ക്കാണ് യോഗ്യത

Oriental Insurance Company Limited
ഓറിയന്റല്‍ ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡില്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ തസ്തികയിലേക്ക് ഡിസംബര്‍ 3 മുതല്‍ അപേക്ഷിക്കാം. 300 ഒഴിവുകളുണ്ട്. ഇതില്‍ 285 ഒഴിവുകളാണ് ജനറലിസ്റ്റ് തസ്തികയിലുള്ളത്. 15 ഒഴിവുകള്‍ ഹിന്ദി ഓഫീസേഴ്‌സ് തസ്തികയിലാണ്. ഡിസംബര്‍ 18 വരെ അപേക്ഷിക്കാം. 2026 ജനുവരി പത്തിന് പ്രിലിമിനറി ഓണ്‍ലൈന്‍ പരീക്ഷ നടത്താനാണ് തീരുമാനം. ഫെബ്രുവരി 28ന് മെയിന്‍ പരീക്ഷ നടത്തും. ഓണ്‍ലൈന്‍ വഴിയാണ് അപേക്ഷിക്കേണ്ടത്. ഏതെങ്കിലും വിഷയത്തില്‍ ബിരുദാനന്തര ബിരുദമോ, ബിരുദമോ ഉള്ളവര്‍ക്ക് ജനറലിസ്റ്റ് തസ്തികയിലേക്ക് അപേക്ഷിക്കാം.
ഹിന്ദിയില്‍ മാസ്റ്റേഴ്‌സ് ഡിഗ്രിയുള്ളവര്‍ക്ക് ഹിന്ദി ഓഫീസേഴ്‌സ് തസ്തികയിലേക്കും അപേക്ഷിക്കാം. കുറഞ്ഞത് 60 ശതമാനം മാര്‍ക്ക് വേണം. 21-30 ആണ് അപേക്ഷിക്കുന്നതിനുള്ള പ്രായപരിധി. അതായത് 1995 ഡിസംബര്‍ ഒന്നിനും, 2004 നവംബര്‍ 30നും മധ്യേ (രണ്ട് തീയതികളും ഉള്‍പ്പെടെ) ജനിച്ചവരാണ് അപേക്ഷിക്കാന്‍ യോഗ്യര്‍.
ജനറലിസ്റ്റ് തസ്തികയുടെ പ്രിലിമിനറി പരീക്ഷയില്‍ ഇംഗ്ലീഷ് (30 ചോദ്യങ്ങള്‍), റീസണിങ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ് (35 ചോദ്യങ്ങള്‍ വീതം) എന്നീ സെഷനുകളില്‍ നിന്നാണ് ചോദ്യങ്ങള്‍ വരുന്നത്. പരമാവധി മാര്‍ക്ക് 100. മെയിൻ പരീക്ഷയിൽ 200 മാർക്കിന്റെ ഒബ്ജക്റ്റീവ് പരീക്ഷകളും 30 മാർക്കിന്റെ ഡിസ്ക്രിപ്റ്റീവ് പരീക്ഷയും ഉൾപ്പെടും.
ഒബ്ജക്റ്റീവ്, ഡിസ്ക്രിപ്റ്റീവ് പരീക്ഷകൾ ഓൺലൈനായിരിക്കും. കമ്പ്യൂട്ടറിൽ ടൈപ്പ് ചെയ്തുകൊണ്ട് ഉദ്യോഗാർത്ഥികൾ ഡിസ്ക്രിപ്റ്റീവ് പരീക്ഷയ്ക്ക് ഉത്തരം നൽകേണ്ടിവരും. ഒബ്ജക്റ്റീവ് പരീക്ഷ പൂർത്തിയാക്കിയ ഉടൻ, ഡിസ്ക്രിപ്റ്റീവ് പരീക്ഷ നടത്തും.
എങ്ങനെ അപേക്ഷിക്കാം?
https://orientalinsurance.org.in/ എന്ന ഔദ്യോഗിക വെബ്‌സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. വെബ്‌സൈറ്റിലെ ‘അപ്ലെ ഓണ്‍ലൈന്‍’ എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യണം. തുടര്‍ന്ന് ‘ക്ലിക്ക് ഹിയര്‍ ഫോര്‍ ന്യൂ രജിസ്‌ട്രേഷന്‍’ എന്ന ടാബ് തിരഞ്ഞെടുത്തണം. രജിസ്‌ട്രേഷന് ശേഷം അപേക്ഷിക്കാം. അപേക്ഷിക്കുന്നതിന് മുമ്പ് നോട്ടിഫിക്കേഷന്‍ വിശദമായി വായിക്കണം. റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ടുള്ള മുഴുവന്‍ വിശദാംശങ്ങളും വിജ്ഞാപനത്തിലുണ്ട്. ഡിസംബര്‍ ഒന്ന് മുതല്‍ അപേക്ഷിക്കാമെന്നാണ് നോട്ടിഫിക്കേഷനിലുള്ളത്. എന്നാല്‍ ചില തടസങ്ങള്‍ മൂലം ഡിസംബര്‍ മൂന്നിലേക്ക് രജിസ്‌ട്രേഷന്‍ തീയതി നീട്ടുകയായിരുന്നു.
ആയിരം രൂപയാണ് ഫീസ്. എസ്‌സി, എസ്ടി, പിഡബ്ല്യുബിഡി വിഭാഗങ്ങള്‍ക്ക് 250 രൂപ മതി. കേരളത്തില്‍ എറണാകുളം, തിരുവനന്തപുരം, കോഴിക്കോട് ജില്ലകളില്‍ പ്രിലിമിനറി പരീക്ഷയ്ക്ക് കേന്ദ്രങ്ങളുണ്ട്. മെയിന്‍ പരീക്ഷയ്ക്ക് സംസ്ഥാനത്ത് എറണാകുളത്ത് മാത്രമാണ് കേന്ദ്രം. 50925-96765 ആണ് പേ സ്‌കെയില്‍. മറ്റ് അലവന്‍സുകളും ലഭിക്കും. മെട്രോപൊളിറ്റൻ സെന്ററുകളിൽ ആകെ ശമ്പളം ഏകദേശം 85000 രൂപയായിരിക്കും.
ഉദ്യോഗാര്‍ത്ഥികള്‍ പതിവായി ചോദിക്കുന്ന ചോദ്യങ്ങളും ഉത്തരങ്ങളും
1. എന്ന് മുതല്‍ എന്ന് വരെ അപേക്ഷിക്കാം?
2025 ഡിസംബര്‍ മൂന്ന് മുതല്‍ എട്ട് വരെ അപേക്ഷിക്കാം. ആദ്യം ഡിസംബര്‍ ഒന്ന് മുതല്‍ 15 വരെയാണ് തീരുമാനിച്ചിരുന്നതെങ്കിലും ചില തടസങ്ങള്‍ മൂലം തീയതി പുനഃക്രമീകരിക്കുകയായിരുന്നു.
2. പരീക്ഷ എന്ന് നടക്കും?
പ്രിലിമിനറി പരീക്ഷ 2026 ജനുവരി 10നാണ് നിലവില്‍ തീരുമാനിച്ചിരിക്കുന്നത്. തീയതിയില്‍ മാറ്റമുണ്ടോയെന്ന് അറിയാന്‍ ഓറിയന്റല്‍ ഇന്‍ഷുറന്‍സിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് പതിവായി സന്ദര്‍ശിക്കുക. മെയിന്‍ പരീക്ഷ 2026 ഫെബ്രുവരി 28ന് നടക്കും.
3. അപേക്ഷിക്കേണ്ടത് ഏത് വെബ്‌സൈറ്റിലൂടെയാണ്?
https://orientalinsurance.org.in/ എന്ന വെബ്‌സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്.
4. എത്ര രൂപ ശമ്പളം ലഭിക്കും?
₹ 50925 മുതലാണ് പേ സ്‌കെയില്‍ ആരംഭിക്കുന്നത്.