SET and KTET Exam 2025: സെറ്റും കെടെറ്റും ഒരേദിവസം, പരീക്ഷയെഴുതുന്നവർ ആശങ്കയിൽ
SET and KTET : ഹൈസ്കൂൾ വരെ പഠിപ്പിക്കാൻ യോഗ്യതയ്ക്ക് വേണ്ടി കെടെറ്റും ഹയർ സെക്കൻഡറി അധ്യാപനത്തിന് സെറ്റുമാണ് വേണ്ടത്. സെറ്റ് ഉള്ളവർക്ക് കെടെറ്റ് യോഗ്യതയിൽ ഇളവുണ്ടെന്നത് പ്രത്യേകം ഓർക്കണം.

തിരുവനന്തപുരം: അധ്യാപകരാവാൻ ആഗ്രഹിക്കുന്ന എല്ലാ ഉദ്യോഗാർത്ഥികൾക്കും സെറ്റും കെ ടെറ്റും ഏറെ പ്രാധാന്യമുള്ള പരീക്ഷകളാണ്. അധ്യാപക യോഗ്യതയെ നിശ്ചയിക്കുന്ന സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്, കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് എന്നിവ ഇപ്രാവശ്യം ഒരേ ദിവസമാണ് നടക്കുന്നത്. ഇത് രണ്ടും എഴുതുന്നത് മിക്കവാറും ഒരേ വിദ്യാർത്ഥികൾ തന്നെ ആയിരിക്കും എന്നത് പരീക്ഷാർത്ഥികളുടെ ആശങ്ക വർദ്ധിപ്പിക്കുന്നു.
നിലവിലെ നോട്ടിഫിക്കേഷൻ പ്രകാരം സെറ്റ് പരീക്ഷയും കെടെറ്റും ഒക്ടോബർ 24 നാണ് നടക്കുന്നത്. ഈ വർഷം ജൂണിൽ എത്തിയ നോട്ടിഫിക്കേഷൻ പ്രകാരമാണ് ഇരു പരീക്ഷകളും ഒരേ ദിവസം വന്നിരിക്കുന്നത്. സെറ്റ് പരീക്ഷയുടെ നോട്ടിഫിക്കേഷൻ ആണ് ആദ്യം വന്നത്. പരീക്ഷയുടെ ആപ്ലിക്കേഷൻ അയക്കാനുള്ള തീയതി മേയിൽ കഴിഞ്ഞിരുന്നു. എൽബിഎസ് സെന്റർ ആണ് പരീക്ഷ നടത്തുന്നത്.
കെടെറ്റ് പരീക്ഷയുടെ നോട്ടിഫിക്കേഷൻ ഈ കഴിഞ്ഞ ദിവസമാണ് വന്നത്. തുടർന്ന് വ്യാഴാഴ്ച മുതൽ അപേക്ഷ സ്വീകരിച്ചു തുടങ്ങുകയും ചെയ്തു. പരീക്ഷാഭവൻ ആണ് കെടെറ്റ് പരീക്ഷ നടത്തുക. രണ്ടു പരീക്ഷകളും എഴുതുന്ന ഒട്ടേറെ ഉദ്യോഗാർത്ഥികൾ ഉണ്ട്. ഒട്ടുമിക്ക പി ജി, ബി എഡ് യോഗ്യത ഉള്ളവരും ഈ പരീക്ഷ എഴുതുന്നവരാണ്.
Also read – കെ-ടെറ്റ് പരീക്ഷ; രജിസ്ട്രേഷൻ ആരംഭിച്ചു, അപേക്ഷിക്കാം ഉടൻ തന്നെ
ഹൈസ്കൂൾ വരെ പഠിപ്പിക്കാൻ യോഗ്യതയ്ക്ക് വേണ്ടി കെടെറ്റും ഹയർ സെക്കൻഡറി അധ്യാപനത്തിന് സെറ്റുമാണ് വേണ്ടത്. സെറ്റ് ഉള്ളവർക്ക് കെടെറ്റ് യോഗ്യതയിൽ ഇളവുണ്ടെന്നത് പ്രത്യേകം ഓർക്കണം. എന്നാലും രണ്ടു പരീക്ഷയും എഴുതുന്നവർ ഏറെയുണ്ട്.
നിലവിലെ ടൈംടേബിൾ അനുസരിച്ച് കെടെറ്റ് കാറ്റഗറി മൂന്നിന്റെ പരീക്ഷയും സെറ്റ് ജനറൽ പേപ്പറും രാവിലെയാണ്. മെയിൻ ഉച്ചയ്ക്ക് ശേഷവും.
ഇങ്ങനെ രണ്ട് സെക്ഷൻ ആയിട്ടാണ് നടക്കുന്നത്. രണ്ടു പരീക്ഷയുടെ സിലബസും ഏകദേശം ഒരുപോലെ ആയതിനാൽ തയ്യാറെടുപ്പും ഒരുപോലെ തന്നെ നടത്തുന്നവരാണ് അധികവും. വർഷത്തിൽ രണ്ട് തവണ ഈ പരീക്ഷകൾ ഉണ്ട്. നിലവിലെ ഉദ്യോഗാർത്ഥികളുടെ ബുദ്ധിമുട്ട് മനസ്സിലാക്കി ഏതെങ്കിലും ഒരു പരീക്ഷയുടെ തീയതി മാറ്റുമെന്ന് പ്രതീക്ഷയിലാണ് പരീക്ഷാർത്ഥികൾ.