Delhi Elections 2025: രാജ്യ തലസ്ഥാനം ഇന്ന് പോളിംഗ് ബൂത്തിലേക്ക്; മത്സരരംഗത്ത് 699 സ്ഥാനാര്‍ത്ഥികള്‍
Delhi Assembly Election 2025 Polling: രാവിലെ ഏഴ് മണിക്ക് ആരംഭിക്കുന്ന വോട്ടെടുപ്പ് വൈകീട്ട് ആറ് മണി വരെ നീളും. 1.56 കോടി വോട്ടർമാർ ഇന്ന് വിധിയെഴുതും.

ന്യൂഡൽഹി: ഒരു മാസം നീണ്ട പ്രചാരണത്തിനൊടുവിൽ രാജ്യതലസ്ഥാനം ഇന്ന് പോളിംഗ് ബൂത്തിലേക്ക്. 70 സംസ്ഥാനങ്ങളിൽ നിന്നായി 96 വനിതകളും ഒരു ട്രാൻസ്ജെൻഡറും ഉൾപ്പടെ 699 സ്ഥാനാർത്ഥികളാണ് ഇന്ന് ജനവിധി തേടുന്നത്. തെരഞ്ഞെടുപ്പിനായി സജ്ജമാക്കിയിരിക്കുന്ന 13766 പോളിംഗ് ബൂത്തുകളിൽ 3000 ബൂത്തുകൾ പ്രശ്‌നബാധിത ബൂത്തുകളാണ്. രാവിലെ ഏഴ് മണിക്ക് ആരംഭിക്കുന്ന വോട്ടെടുപ്പ് വൈകീട്ട് ആറ് മണി വരെ നീളും. 1.56 കോടി വോട്ടർമാർ ഇന്ന് വിധിയെഴുതും. ഇതിൽ 83.76 ലക്ഷം വോട്ടർമാർ പുരുഷന്മാരും, 72.36 ലക്ഷം സ്ത്രീകളും, 1,267 പേർ ട്രാൻസ്ജെൻഡറുകളുമാണ്.
ശക്തമായ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. 220 അർധസൈനിക സേന, 35,626 ഡൽഹി പോലീസ് ഓഫീസർമാർ, 19,000 ഹോം ഗാർഡുകൾ എന്നിങ്ങനെ തിരഞ്ഞെടുപ്പ് കമ്മീഷൻ വിന്യസിച്ചിട്ടുണ്ട്. കൂടാതെ ചില പ്രദേശങ്ങളിൽ ഡ്രോൺ നിരീക്ഷണം അടക്കമുള്ള സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ആംആദ്മി പാർട്ടി, ബിജെപി, കോൺഗ്രസ് എന്നിവരുടെ ത്രികോണ മത്സരത്തിനാണ് ഇന്ന് ന്യൂഡൽഹി സാക്ഷ്യം വഹിക്കാന്‍ പോകുന്നത്.
കഴിഞ്ഞ രണ്ട് നിയമസഭാ തിരഞ്ഞെടുപ്പിലും വലിയ ഭൂരിപക്ഷത്തോട് കൂടിയാണ് ആംആദ്മി പാർട്ടി ഡൽഹി പിടിച്ചെടുത്തത്. തുടര്‍ച്ചയായ മൂന്നാം തവണയും അധികാരത്തില്‍ എത്തുമെന്ന പ്രതീക്ഷയിലാണ് പാർട്ടി. പത്ത് വർഷമായി അധികാരത്തിൽ കയറാൻ കഴിയാതിരിക്കുന്ന കോൺഗ്രസും, 27 വർഷമായി ഭരണത്തിന് പുറത്തിരിക്കുന്ന ബിജെപിയും ഇതൊരു വെല്ലിവിളിയായി തന്നെ സ്വീകരിച്ചിരിക്കുകയാണ്.
പ്രശ്‌നബാധിത പ്രദേശങ്ങളിലെ പോളിംഗ് സ്റ്റേഷനുകളില്‍ കൂടുതൽ പൊലീസ് സേനയെ വിന്യസിക്കുമെന്ന് ഡല്‍ഹി പൊലീസ് അറിയിച്ചിട്ടുണ്ട്. ക്വിക്ക് റിയാക്ഷന്‍ ടീമിനെയും (ക്യുആര്‍ടി) സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. ഫെബ്രുവരി 8 ന് വോട്ടുകൾ എണ്ണി അന്ന് തന്നെ ഫലം പ്രഖ്യാപനവും ഉണ്ടാകും.