AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Nilambur Bypoll Result 2025: ആകെയൊരു ചേലക്കര മാത്രം; ക്വാര്‍ട്ടര്‍ ഫൈനലിലും സെമിയിലുമെല്ലാം തോറ്റ് എല്‍ഡിഎഫ്; മുന്നില്‍ ‘എലിമിനേറ്റര്‍’ ഭീഷണി

How will the defeat in Nilambur affect the LDF: വരാന്‍ പോകുന്ന തദ്ദേശ, നിയമസഭ തിരഞ്ഞെടുപ്പുകളിലെ സെമി പോരാട്ടമായാണ് ഇരുമുന്നണികളും നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിനെ കണ്ടത്. വിജയങ്ങളുടെ ഈ തുടര്‍ക്കഥ യുഡിഎഫ് നേതൃത്വത്തെയും, പ്രവര്‍ത്തകരെയും ഒരുപോലെ കരുത്തരാക്കും

Nilambur Bypoll Result 2025: ആകെയൊരു ചേലക്കര മാത്രം; ക്വാര്‍ട്ടര്‍ ഫൈനലിലും സെമിയിലുമെല്ലാം തോറ്റ് എല്‍ഡിഎഫ്; മുന്നില്‍ ‘എലിമിനേറ്റര്‍’ ഭീഷണി
സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും, മുഖ്യമന്ത്രി പിണറായി വിജയനും Image Credit source: PTI
jayadevan-am
Jayadevan AM | Published: 23 Jun 2025 14:18 PM

”നിലമ്പൂരില്‍ ജയമോ തോല്‍വിയോ പ്രശ്‌നമാക്കുന്നില്ല. പരമ്പരാഗത യുഡിഎഫ് മണ്ഡലമാണത്”-നിലമ്പൂരിലെ തോല്‍വി എല്‍ഡിഎഫ് നേരത്തെ തന്നെ തിരിച്ചറിഞ്ഞിരുന്നുവെന്ന് വ്യക്തമാക്കുന്നതാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് അവലോകനയോഗത്തില്‍ നടത്തിയ പരാമര്‍ശം. നിലമ്പൂര്‍ യുഡിഎഫ് മണ്ഡലമെന്ന വാദമുയര്‍ത്തിയാണ് തിരഞ്ഞെടുപ്പ് തോല്‍വിക്ക് ശേഷം സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും പ്രതിരോധമുയര്‍ത്തുന്നത്. തിരഞ്ഞെടുപ്പ് ചരിത്രം പരിശോധിച്ചാല്‍ നിലമ്പൂര്‍ യുഡിഎഫിന് മേധാവിത്തമുള്ള മണ്ഡലമാണെന്ന ഇടതുവാദം ശരിയാണെന്നും വ്യക്തമാകും. എന്നാല്‍ അത്തരം വാദങ്ങള്‍ കൊണ്ട് എല്‍ഡിഎഫിന് പിടിച്ചുനില്‍ക്കാന്‍ പറ്റുന്നതല്ല നിലവിലെ രാഷ്ട്രീയസാഹചര്യം.

പി.വി. അന്‍വറിന്റെ കരുത്തിലൂടെയാണെങ്കിലും എല്‍ഡിഎഫ് കഴിഞ്ഞ ഒമ്പത് വര്‍ഷമായി പൊന്നുപോലെ കാത്തുസൂക്ഷിച്ച മണ്ഡലാണ് ഇത്തവണ കൈവിട്ടത്. എം. സ്വരാജെന്ന ‘സ്റ്റാര്‍ കാന്‍ഡിഡേറ്റി’നെ അവതരിപ്പിച്ചിട്ടും ഫലമുണ്ടായില്ല. വിവാദങ്ങള്‍ക്ക് ഒട്ടും കുറവില്ലാഞ്ഞിട്ടും നിലമ്പൂര്‍ വെട്ടിപ്പിടിക്കാനായത് യുഡിഎഫിന് പകരുന്ന രാഷ്ട്രീയ ആത്മവിശ്വാസവും ചെറുതല്ല.

വരാന്‍ പോകുന്ന തദ്ദേശ, നിയമസഭ തിരഞ്ഞെടുപ്പുകളിലെ ‘സെമി’ പോരാട്ടമായാണ് ഇരുമുന്നണികളും നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിനെ കണ്ടത്. മുന്‍ ഉപതിരഞ്ഞെടുപ്പുകളിലെ പോലെ നിലമ്പൂര്‍ സെമി ഫൈനലിലും എല്‍ഡിഎഫ് തോറ്റമ്പി. താന്‍ കെപിസിസി പ്രസിഡന്റായതിനു ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പില്‍ തന്നെ യുഡിഎഫ് വിജയക്കൊടി പാറിച്ചതില്‍ സണ്ണി ജോസഫിനും ആശ്വസിക്കാനും ആനന്ദിക്കാനും വകയുണ്ട്‌. വി.ഡി. സതീശന്‍ പ്രതിപക്ഷ നേതാവായതിന് ശേഷം നടന്ന പല പ്രധാന തിരഞ്ഞെടുപ്പുകളിലും യുഡിഎഫിന് തന്നെയായിരുന്നു വിജയം.

വിജയങ്ങളുടെ ഈ തുടര്‍ക്കഥ യുഡിഎഫ് നേതൃത്വത്തെയും, പ്രവര്‍ത്തകരെയും ഒരുപോലെ കരുത്തരാക്കുമെന്ന് തീര്‍ച്ച. എന്നാല്‍ അത്തരത്തിലുള്ള ആത്മവിശ്വാസം പകരുന്ന ഒന്നും സമീപകാല തിരഞ്ഞെടുപ്പുകളില്‍ എല്‍ഡിഎഫിന് നേടിയെടുക്കാനായില്ല.

ചേലക്കര ഉപതിരഞ്ഞെടുപ്പ് മാത്രമായിരുന്നു ഒരു അപവാദം. പരീക്ഷണങ്ങളും തന്ത്രങ്ങളുമെല്ലാം പാളുന്നത് ഇടതുമുന്നണിയെയും പ്രവര്‍ത്തകരെയും അലോസരപ്പെടുത്തുന്നുണ്ട്. തൃക്കാക്കരയില്‍ തുടങ്ങിയ പാളിച്ചകള്‍ നിലമ്പൂരിലും തുടരുന്നത്‌ നേതൃത്വത്തെ കടുത്ത സമ്മര്‍ദ്ദത്തിലാക്കും. മൂന്നാം ഇടതുസര്‍ക്കാര്‍ എന്ന പ്രചാരണത്തിനും ഇത് മങ്ങലേല്‍പ്പിക്കും. ഭരണവിരുദ്ധവികാരം ശക്തമെന്ന യുഡിഎഫ് പ്രചരണായുധത്തിന് കൂടുതല്‍ കരുത്തും മൂര്‍ച്ഛയും നല്‍കുന്നതാണ് നിലമ്പൂരിലെ വിജയം.

ആദ്യ പ്രഹരം തൃക്കാക്കരയില്‍

പി.ടി. തോമസിന്റെ വിയോഗത്തോടെ തൃക്കാക്കരയില്‍ നടന്ന ഉപതിരഞ്ഞെടുപ്പിലാണ് ഇടതുപക്ഷം ആദ്യ തിരിച്ചടി നേരിട്ടത്. പി.ടിയുടെ ഭാര്യ ഉമ തോമസിനെ യുഡിഎഫ് മത്സരിപ്പിച്ചപ്പോള്‍, ഡോ. ജോ. ജോസഫിലൂടെ സിപിഎം രാഷ്ട്രീയ പരീക്ഷണം നടത്തി. ഈ പരീക്ഷണം പൂര്‍ണമായി പരാജയമായിരുന്നുവെന്നു പറയാനാകില്ല. 2021ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ ഇടതുസ്വതന്ത്രന്‍ ഡോ. ജേ. ജേക്കബ് നേടിയതിനെക്കാള്‍ കൂടുതല്‍ വോട്ടുകള്‍ സമാഹരിക്കാന്‍ ജോ. ജോസഫിന് കഴിഞ്ഞു. 4,55,10 വോട്ടുകളാണ് ജേ ജേക്കബ് നേടിയത്. ജോ ജോസഫ് നേടിയത് 47,754 വോട്ടുകളും. പക്ഷേ, ഉമ തോമസിന്റെ കുതിപ്പില്‍ ഇടതുപക്ഷം ആടിയുലഞ്ഞു. 72,770 വോട്ടുകളാണ് ഉമ നേടിയത്. 2021ല്‍ പി.ടി. തോമസ് നേടിയതിനെക്കാള്‍ 12931 വോട്ടുകള്‍ അധികമായിരുന്നു ഇത്.

ശേഷം പുതുപ്പള്ളിയില്‍

ജീവിച്ചിരുന്ന ഉമ്മന്‍ ചാണ്ടിയെക്കാള്‍ കരുത്തനായിരുന്നു വിടപറഞ്ഞ ഉമ്മന്‍ചാണ്ടിയെന്ന് വ്യക്തമാക്കുന്നതായിരുന്നു പുതുപ്പള്ളിയിലെ ഉപതിരഞ്ഞെടുപ്പുഫലം. 2016 മുതല്‍ മണ്ഡലത്തില്‍ ഇടതുസ്ഥാനാര്‍ത്ഥിയായ ജെയ്ക്ക് സി. തോമസായിരുന്നു ഇടതുസ്ഥാനാര്‍ത്ഥി. എതിരാളി ഉമ്മന്‍ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മനും. 2021ലെ തിരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടിയെ വിറപ്പിച്ച് കീഴടങ്ങിയ ഒരു ചരിത്രം ജെയ്ക്കിനുണ്ട്. പക്ഷേ, ഉപതിരഞ്ഞെടുപ്പില്‍ ചാണ്ടി ഉമ്മന് ഒരു ഘട്ടത്തില്‍ പോലും വെല്ലുവിളി ഉയര്‍ത്താന്‍ പോലുമാകാതെ സിപിഎം അടിയറവ് പറഞ്ഞു. ഉപതിരഞ്ഞെടുപ്പ് പരീക്ഷണശാലയില്‍ ഇടതുമുന്നണി 2021ന് ശേഷം നേരിട്ട രണ്ടാമത്തെ ആഘാതം.

Read Also: Aryadan Shoukath: വാപ്പച്ചിയുടെ ലെഗസി കാത്തുസൂക്ഷിക്കുന്ന ആര്യാടൻ ഷൗക്കത്ത്; കൈവച്ച മേഖലകളിലെല്ലാം കയ്യൊപ്പ്

കഥ തുടരുന്നു

തുടര്‍ന്ന് 2024ലെ ലോക്‌സഭ തിരഞ്ഞെടുപ്പ്. 2019ലെ തിരഞ്ഞെടുപ്പ് ഫലത്തിന്റെ ‘ദേജാവൂ’ ആയിരുന്നു 2024ലും. രണ്ട് തിരഞ്ഞെടുപ്പുകളിലും ഇടതുപക്ഷത്തിന് വിജയിക്കാനായത് ഒരേയൊരു സീറ്റ് മാത്രം. പിന്നീട്‌ വയനാട് ലോക്‌സഭ മണ്ഡലത്തിലും, പാലക്കാട്, ചേലക്കര നിയമസഭ മണ്ഡലങ്ങളിലും ഉപതിരഞ്ഞെടുപ്പ്. കോണ്‍ഗ്രസ് പാളയം വിട്ടെത്തിയ ഡോ. പി. സരിനായിരുന്നു പാലക്കാട്ടെ ഇടതുസ്ഥാനാര്‍ത്ഥി. നീലപ്പെട്ടി വിവാദമടക്കം ആഞ്ഞടിച്ച പാലക്കാട്ട് ഉപതിരഞ്ഞെടുപ്പിലും എല്‍ഡിഎഫ് തോറ്റു.

വയനാട് ലോക്‌സഭ മണ്ഡലത്തിലെ പ്രിയങ്ക ഗാന്ധിയുടെ വിജയം അപ്രതീക്ഷിതമല്ലായിരുന്നതുകൊണ്ട് അവിടുത്തെ ഇടതു തോല്‍വി അത്ര മാത്രം ചര്‍ച്ചയായില്ല. ചേലക്കരയില്‍ യുഡിഎഫിന്റെ രമ്യ ഹരിദാസിനെതിരെ, ഇടതുപക്ഷത്തിന്റെ യു.ആര്‍. പ്രദീപ് നേടിയ വിജയം മാത്രമാണ് അന്ന് ആശ്വസിക്കാനുണ്ടായിരുന്നത്.