IFFK: കാഴ്ച വിരുന്നൊരുക്കിയ സിനിമാ രാവുകൾക്ക് തിരശീല; കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് സമാപനം
International Film Festival of Kerala concludes today: അസാധാരണമായ വിലക്കിനും പ്രതിഷേധത്തിനും കീഴടങ്ങലിനും സാക്ഷിയായ സിനിമാകാലത്തിനാണ് ഇന്ന് തിരശ്ശീല വീഴുന്നത്. അവസാന ദിനം ഇൻസൈഡ് ദി വുൾഫ്, റിവർസ്റ്റോൺ എന്നിവ ഉൾപ്പെടെ 11 ചിത്രങ്ങളാണ് മേളയിൽ പ്രദർശിപ്പിക്കുന്നത്.

IFFK
തിരുവനന്തപുരം: ഒരാഴ്ചത്തെ കാഴ്ചവസന്തത്തിന് ഇന്ന് തിരശ്ശീല വീഴും. മുപ്പതാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ സമാപന സമ്മേളം തിരുവനന്തപുരത്ത് നടക്കും. വൈകിട്ട് ആറിന് നിശാഗന്ധിയിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും. അവസാന ദിനം ഇൻസൈഡ് ദി വുൾഫ്, റിവർസ്റ്റോൺ എന്നിവ ഉൾപ്പെടെ 11 ചിത്രങ്ങളാണ് മേളയിൽ പ്രദർശിപ്പിക്കുന്നത്.
സിനിമയിൽ 50 വർഷം പൂർത്തിയാക്കിയ സംവിധായകനും കോട്ടയം കെ ആർ നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സ് ചെയർമാനുമായ സയീദ് മിർസയയെ സമാപന ചടങ്ങിൽ ആദരിക്കും. മൗറിത്തേനിയൻ സംവിധായകനും 30ാമത് മേളയിലെ ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്‌കാര ജേതാവുമായ അബ്ദെറഹ്മാൻ സിസാക്കോയ്ക്ക് മുഖ്യമന്ത്രി പുരസ്‌കാരം സമ്മാനിക്കും.
കൂടാതെ, ജൂറി ചെയർപേഴ്സൺ മുഹമ്മദ് റസൂലാഫിനേയും മുഖ്യമന്ത്രി ആദരിക്കും.
തുടർന്ന് മേളയിലെ ഏറ്റവും മികച്ച സിനിമയ്ക്കുള്ള സുവർണ ചകോരം ഉൾപ്പെടെയുള്ള അവാർഡുകൾ വിതരണം ചെയ്യും. സമാപന ചടങ്ങിന് ശേഷം സുവർണ ചകോരം നേടിയ സിനിമ നിശാഗന്ധിയിൽ പ്രദർശിപ്പിക്കുന്നതാണ്. ഇന്ന് രണ്ട് മണി വരെയാണ് പ്രേക്ഷകർക്ക് ഇഷ്ട സിനിമയ്ക്ക് വോട്ട് ചെയ്യാനുള്ള അവസരമുള്ളത്.
ALSO READ: ഇനി കാത്തിരിപ്പ് വേണ്ട; എക്കോ സിനിമ ഒടിടിയിലേക്ക്, എപ്പോൾ, എവിടെ കാണാം?
അസാധാരണമായ വിലക്കിനും പ്രതിഷേധത്തിനും കീഴടങ്ങലിനും സാക്ഷിയായ സിനിമാകാലത്തിനാണ് ഇന്ന് തിരശ്ശീല വീഴുന്നത്. ബാറ്റിൽഷിപ്പ് പോട്ടംകിൻ അടക്കം 19 സിനിമകൾക്ക് കേന്ദ്രം സെൻസർ ഇളവ് അനുവദിക്കാതെ വന്നതോടെയാണ് മുപ്പതാം ചലച്ചിത്ര മേള പ്രതിസന്ധിയിലായത്. പിന്നാലെ കടുത്ത പ്രതിഷേധമുയർന്നു. വ്യാപക വിമർശനത്തിന് പിന്നാലെ ആറെണ്ണം ഒഴികെ മറ്റ് സിനിമകൾക്ക് കേന്ദ്രം സെൻസർ ഇളവ് നൽകി.
വിലക്ക് നോക്കാതെ എല്ലാ ചിത്രങ്ങളും പ്രദർശിപ്പിക്കുമെന്ന് കേരളം ആദ്യം നിലപാട് വ്യക്തമാക്കിയിരുന്നു. എന്നാൽ, കേന്ദ്രം നിലപാട് കടുപ്പിച്ചതോടെ വിലക്കിയ സിനിമകളുടെ പ്രദർശനം ഒടുവിൽ മാറ്റിവയ്ക്കുകയായിരുന്നു. കൂടാതെ, മേളക്കാലത്ത് അക്കാദമി ചെയർമാൻ റസൂൽ പൂക്കുട്ടി സ്ഥലത്തില്ലാത്തതും വ്യാപക വിമർശനത്തിനിടയാക്കി.