Ajith Kumar: വാഹനപ്രേമം! അജിത്തിന്റെ ഗ്യാരേജിലേക്ക് പുതിയൊരു അതിഥി കൂടി, വില ഒന്നരക്കോടി
Ajith Kumar Car Collection: മിക്ക താരങ്ങൾക്കും ആഡംബര വാഹനങ്ങളോടും വിന്റേജ് വാഹനങ്ങളോടുമാണ് താത്പര്യമെങ്കിൽ, റേസിങ് ട്രാക്കിൽ മികവ് തെളിയിക്കുന്ന അജിത്തിന് സ്പോർട്സ് കാറുകളോടാണ് ഇഷ്ടം കൂടുതൽ.

അജിത് സ്വന്തമാക്കിയ കാർ
വാഹന പ്രേമികളായിട്ടുള്ള ഒട്ടേറെ സെലിബ്രിറ്റികൾ ഉണ്ടെങ്കിലും നടൻ അജിത് കുമാറിന്റെ വാഹനപ്രേമം വളരെ പ്രശസ്തമാണ്. മിക്ക താരങ്ങൾക്കും ആഡംബര വാഹനങ്ങളോടും വിന്റേജ് വാഹനങ്ങളോടുമാണ് താത്പര്യമെങ്കിൽ, റേസിങ് ട്രാക്കിൽ മികവ് തെളിയിക്കുന്ന അജിത്തിന് സ്പോർട്സ് കാറുകളോടാണ് ഇഷ്ടം കൂടുതൽ.
അടുത്തിടെ, എഫ്1 റേസിങ് ഇതിഹാസ താരം അയർട്ടൺ സെന്നയുടെ പേരിലുള്ള മക്ലാരൻ സെന്ന എന്ന അപൂർവ ഹൈപ്പർകാർ അജിത് സ്വന്തമാക്കിയിരുന്നു. ഇതിന്റെ വീഡിയോകളും മറ്റും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇപ്പോഴിതാ, തന്റെ ഗ്യാരേജിലേക്ക് പുതിയൊരു അതിഥിയെ കൂടി സ്വാഗതം ചെയ്തിരിക്കുകയാണ് അജിത് കുമാർ. ഷെവർലെ കോർവെറ്റ് സി8 206 എന്ന റോഡ്‌സ്റ്ററാണ് താരം പുതിയതായി സ്വന്തമാക്കിയത്.
അജിത്തിന്റെ പുതിയ കാർ:
ദുബായിലെ ഷെവർലെ കോർവെറ്റ് ഡീലർഷിപ്പിൽ നിന്ന് അജിത് പുതിയ സൂപ്പർകാർ എടുക്കുന്നതിന്റെ വീഡിയോയും സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.. ദുബായിൽ 6,24,800 ദിർഹം വില വരുന്ന ഈ വാഹനത്തിന്റെ ഇന്ത്യയിലെ വില ഏകദേശം 1.40 കോടി രൂപയാണ്. അതേസമയം, വേറെയും നിരവധി വാഹനങ്ങൾ താരത്തിന്റെ ഗാരേജിലുണ്ട്.
മെഴ്‌സിഡസ് ബെൻസ് 350 ജിഎൽഎസ്, ബിഎംഡബ്ല്യു 740എൽഐ, ഫെരാരി എസ്എഫ്90, പോർഷെ ജിടി3 ആർഎസ്, മക്ലാരൻ സെന്ന എന്നിവ അതിൽ ഉൾപ്പെടുന്നു. കൂടാതെ, ബിഎംഡബ്ല്യു എസ് 1000ആർആർ, ബിഎംഡബ്ല്യു കെ 1300 എസ്, കവാസാക്കി നിൻജ ZX-145 എന്നീ സുപ്പർബൈക്കുകളും താരത്തിന് സ്വന്തമായുണ്ട്.