Nisha Sarang: ആ പ്രശ്നമുണ്ടായപ്പോൾ ആദ്യം വിളിച്ചയാൾ മമ്മൂക്കയായിരുന്നു; പേടിക്കേണ്ട ഒപ്പമുണ്ടെന്ന് പറഞ്ഞു: നിഷ സാരംഗ്
Nisha Sarang About Mammootty: ജനപ്രിയ സിറ്റ്കോം പ്രശ്നത്തിൽ തന്നെ ആദ്യം വിളിച്ചയാൾ മമ്മൂട്ടി ആയിരുന്നു എന്ന് നിഷ സാരംഗ്. രാവിലെ തന്നെ വിളിച്ചെന്നാണ് താരം വെളിപ്പെടുത്തിയത്.
ജനപ്രിയ സിറ്റ്കോമുമായി ബന്ധപ്പെട്ട പ്രശ്നത്തിൽ മമ്മൂട്ടി തനിക്ക് ഫോണിലൂടെ പിന്തുണ നൽകിയെന്ന് നിഷ സാരംഗ്. ആദ്യം വന്ന കോൾ മമ്മൂട്ടിയുടേതായിരുന്നു എന്നും തങ്ങളൊക്കെ ഒപ്പമുണ്ടെന്ന് മമ്മൂട്ടി പറഞ്ഞു എന്നും നിഷ സാരംഗ് വെളിപ്പെടുത്തി. മമ്മൂട്ടി ടൈംസിനോടാണ് നിഷയുടെ വെളിപ്പെടുത്തൽ.
“ആ സീരിയലിൽ ഉണ്ടായ വിഷയം നിങ്ങൾക്കറിയാം. ഒരു ദിവസം രാത്രി എട്ട് മണിയ്ക്കാണ് ആ ന്യൂസ് വരുന്നത്. പിറ്റേദിവസം രാവിലെ തന്നെ ആദ്യ കോൾ വരുന്നത് മമ്മൂക്കയുടേതായിരുന്നു. മമ്മൂക്കയുടെ നമ്പർ എൻ്റെ കയ്യിലില്ല, ജോർജേട്ടൻ്റെ നമ്പരുണ്ട്. ജോർജേട്ടൻ്റെ നമ്പരിൽ നിന്നാണ് കോൾ വന്നത്. പേടിച്ചാണ് കോൾ അറ്റൻഡ് ചെയ്തത്. ജോർജേട്ടനാണ് വിളിക്കുന്നതെന്ന് വിചാരിച്ചു. പക്ഷേ, അപ്പുറത്ത് മമ്മൂക്കയായിരുന്നു.”- നിഷ സാരംഗ് പറഞ്ഞു.




“നമ്മുടെ ഒരു സഹോദരനെപ്പോലെ മമ്മൂക്ക ചോദിക്കുന്നു, ‘എന്താണ്, എന്തിപറ്റി?’ ഞാൻ കരയുന്ന അവസ്ഥയിലായിരുന്നു. ‘വിഷമിക്കണ്ട, എന്താണ് സംഭവം ഉണ്ടായതെന്ന് പറയൂ, ഞങ്ങൾ എല്ലാവരുമില്ലേ കൂടെ’ എന്ന് പറഞ്ഞു. ഞാൻ അപ്പോൾ കാര്യങ്ങൾ പറഞ്ഞു. അപ്പോൾ മമ്മൂക്ക പറഞ്ഞു, ഒരു ടെൻഷനും വേണ്ട എന്ന്. ഇതൊക്കെ പറഞ്ഞതുകൊണ്ട് ഇനി വർക്ക് കിട്ടുമോ എന്നറിയില്ല എന്ന് ഞാൻ പറഞ്ഞപ്പോൾ ഒരു വിഷമവും വേണ്ട, ഞങ്ങളെല്ലാം ഒപ്പമുണ്ട്. എന്തുണ്ടെങ്കിലും വിളിച്ചാൽ മതി. നമ്മൾ എല്ലാവരുടെയും പിന്തുണയുണ്ടാവും. സീരിയൽ ഉണ്ടാവില്ല എന്ന് വിചാരിച്ചിട്ട് ഇത്തരം അവസ്ഥകൾ വരുമ്പോൾ പുറത്തുപറയാതിരിക്കരുത്. നിങ്ങളൊക്കെ ഇങ്ങനെ പ്രതികരിക്കുന്നതാണ് ഏറ്റവും നല്ലത്. ടെൻഷനൊന്നും വേണ്ട. ഞങ്ങളൊക്കെ ഒപ്പമുണ്ട്’ എന്ന് പറഞ്ഞപ്പോൾ എനിക്കുണ്ടായ ആശ്വാസം പറഞ്ഞറിയിക്കാൻ കഴിയില്ല.”- അവർ കൂട്ടിച്ചേർത്തു.
ക്യാൻസർ ചികിത്സയിലായിരുന്ന മമ്മൂട്ടി കഴിഞ്ഞ ദിവസം പൂർണമായും രോഗമുക്തനായിരുന്നു. താരം ഉടൻ സിനിമാചിത്രീകരണത്തിലേക്ക് കടക്കും.