Baburaj: ‘ആരോപണം തെളിഞ്ഞാല്‍ ഞാന്‍ അഭിനയം നിര്‍ത്തും, അന്വേഷിച്ച് കണ്ടെത്തട്ടെ’; ബാബുരാജ്
Actor Baburaj on Allegations Against Him: 'അമ്മ'യുടെ ഭാരവാഹി തിരഞ്ഞെടുപ്പിൽ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കാനായി ബാബുരാജ് നാമനിർദേശ പത്രിക നൽകിയിരുന്നെങ്കിലും ആരോപണവിധേയർ മത്സരിക്കുന്നതിനെതിരെ വിമർശനം ഉയർന്നതിനെ തുടർന്ന് പത്രിക പിൻവലിക്കുകയായിരുന്നു.
തനിക്കെതിരായ ആരോപണങ്ങൾ തെളിഞ്ഞാൽ താൻ അഭിനയം നിർത്തുമെന്ന് നടൻ ബാബുരാജ്. താരസംഘടനയായ ‘അമ്മ’യുടെ ഭരണസമിതിയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ എത്തിയതായിരുന്നു ബാബുരാജ്. ശ്വേത തന്റെ സുഹൃത്താണെന്നും തന്നെക്കുറിച്ച് പറഞ്ഞാൽ പലതും വിശ്വസിക്കും, അതിനാലാണ് പലരും പലതും പറഞ്ഞ് പരത്തിയതെന്നും ബാബുരാജ് മാധ്യമങ്ങളോട് പറഞ്ഞു. പുതിയ ഭരണസമിതി എല്ലാം അന്വേഷിച്ച് കണ്ടെത്തട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അമ്മയ്ക്കൊപ്പം എപ്പോഴും ഉണ്ടാകുമെന്നും അമ്മ തുടങ്ങിവച്ച നല്ല പ്രവർത്തികൾ ഇനിയും തുടരുമെന്നും ബാബുരാജ് വ്യക്തമാക്കി. തെരഞ്ഞെടുപ്പിലൂടെ അമ്മയിലെ ജനാധിപത്യം വർധിച്ചു. പറയേണ്ട കാര്യങ്ങൾ ‘അമ്മ’ ജനറൽ ബോഡിയിൽ പറയുമെന്നും ആര് ജയിച്ചാലും അവർക്കൊപ്പമാണെന്നും നടൻ പറഞ്ഞു. അഡ്‌ഹോക്ക് കമ്മിറ്റിയുമായി മുന്നോട്ട് പോയല്ലോ ആരോപണങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. ഇതിന് ശേഷമായിരുന്നു ആരോപണങ്ങൾ ഉയർന്നതെന്നും ബാബുരാജ് കൂട്ടിച്ചേർത്തു.
ശ്വേതാ മേനോൻ തന്റെ നല്ല സുഹൃത്താണെന്നും ബാബുരാജ് പറഞ്ഞു. ശ്വേതയ്ക്ക് എതിരായ കേസിന് പിന്നിൽ ആരാണെന്ന് കണ്ടെത്തണം. എല്ലാത്തിനും തന്റെ പേര് വലിച്ചിഴയ്ക്കുകയാണ്. ശ്വേതയ്ക്കെതിരായ കേസിൽ പുറത്തുവന്ന ആരോപണങ്ങൾ അന്വേഷിച്ച് കണ്ടെത്തട്ടെ. നേതൃസ്ഥാനത്തേക്ക് സ്ത്രീകൾ വരണമെന്നും അവർ മോശക്കാരല്ലെന്നും ബാബുരാജ് മാധ്യമങ്ങളോട് പറഞ്ഞു.
‘അമ്മ’യുടെ ഭാരവാഹി തിരഞ്ഞെടുപ്പിൽ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കാനായി ബാബുരാജ് നാമനിർദേശ പത്രിക നൽകിയിരുന്നെങ്കിലും ആരോപണവിധേയർ മത്സരിക്കുന്നതിനെതിരെ വിമർശനം ഉയർന്നതിനെ തുടർന്ന് പത്രിക പിൻവലിക്കുകയായിരുന്നു. വിഴുപ്പലക്കാൻ താൽപര്യമില്ലാത്തതിനാൽ അമ്മ സംഘടനയുടെ പ്രവർത്തനങ്ങളിൽ നിന്ന് എന്നെന്നേക്കുമായി പിന്മാറുകയാണ് എന്നാണ് ബാബുരാജ് നേരത്തെ ഫേസ്ബുക്കിൽ കുറിച്ചത്. ഈ തീരുമാനം ആരെയും ഭയന്നിട്ടല്ലെന്നും, കഴിഞ്ഞ എട്ട് വർഷക്കാലമായി അമ്മ സംഘടനയിൽ പ്രവർത്തിച്ച തനിക്ക് പീഡന പരാതികളും അപവാദങ്ങളും മാത്രമാണ് സമ്മാനമായി ലഭിച്ചതെന്നും അദ്ദേഹം കുറിച്ചു.