Actor Dharmajan: ‘വേണ്ട എന്നു വയ്ക്കേണ്ട സാഹചര്യം വന്നു, രണ്ടെണ്ണം അടിച്ച് ഞാൻ ദിലീപേട്ടനെ കാണാൻ പോയി’: ധർമ്മജൻ
Actor Dharmajan About Dileep: നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിനെതിരെ ഒരു തെളിവും കണ്ടെത്താൻ എട്ട് വർഷത്തിൽ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ലെന്നാണ് ധർമ്മജൻ പറയുന്നത്.
മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരനാണ് നടൻ ധർമ്മജൻ. മലയാള സിനിമാരംഗത്തും രാഷ്ട്രീയ രംഗത്തും ഒരുപോലെ സജീവമാണ് താരം. ഇപ്പോഴിതാ നടൻ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിനെതിരെ ഒരു തെളിവും കണ്ടെത്താൻ എട്ട് വർഷത്തിൽ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ലെന്നാണ് ധർമ്മജൻ പറയുന്നത്. മൂവി വേൾഡ് മീഡിയക്ക് നൽകിയ അഭിമുഖത്തിലായിരുന്നു നടന്റെ പരാമർശം.
തന്റെ നിലപാടുകളുടെ കൂടെ തന്നെയാണ് താൻ പോകുന്നതെന്നും താൻ തെറ്റായ നിലപാടൊന്നും പറയാറില്ലെന്നുമാണ് താരം പറയുന്നത്. ദിലീപേട്ടൻ ജയിലിൽ നിന്നറങ്ങിയപ്പോൾ താൻ കരഞ്ഞത് തന്റെ ഇമോഷണലാണെന്നും മതിലിന് പെയിന്റടിച്ച് ഇരിക്കുമ്പോഴാണ് നാദിർഷ ദിലീപ് പുറത്തിറങ്ങിയെന്ന് വിളിച്ച് പറയുന്നതെന്നും ഉടനെ തന്നെ താൻ ഡ്രസിട്ട് രണ്ടെണ്ണം അടിച്ചിട്ട് പോയെന്നും തനിക്ക് ഇത് പറയാൻ ഒരു മടിയില്ലെന്നും താരം പറയുന്നു.
Also Read:‘നമ്മൾ’ നായികയെ ഓർമയുണ്ടോ? രേണുക മേനോൻ ഇപ്പോൾ എവിടെയാണ്? വീണ്ടും സിനിമയിലെത്തുമോ
ദിലീപേട്ടന്റെ അഭിനയമികവിനെ ചോദ്യം ചെയ്യാൻ ഒരാളുമില്ല. നല്ല സിനിമയാണെങ്കിൽ ഇവിടെ വിജയിക്കുമെന്നാണ് താരം പറയുന്നത്. കുറ്റാരോപിതൻ മാത്രമായിരുന്നു അദ്ദേഹമെന്നും എന്നാൽ ഇപ്പോൾ കുറ്റവിമുക്തനായി എന്നാണ് നടൻ പറയുന്നത്. എന്നാൽ പലരും ദ്രോഹിച്ച് പിറകെ നടന്നു. എന്നാൽ കഴിഞ്ഞ എട്ട് വർഷമായി അദ്ദേഹത്തിനെതിരെ ഒരു തെളിവും കണ്ടെത്താൻ കഴിഞ്ഞില്ലെന്നും അതിജീവിതയുമായി തനിക്കുൾപ്പെടെ നല്ല സൗഹൃദമുണ്ടായിരുന്നെന്നും ധർമ്മജൻ പറയുന്നു.
മദ്യപാന ശീലത്തെ കുറിച്ചും താരം തുറന്നുസംസാരിക്കുന്നുണ്ട്. മദ്യപാനം പൂർണമായും അവസാനിപ്പിച്ചെന്നാണ് നടൻ പറയുന്നത്. വേണ്ട എന്നു വയ്ക്കേണ്ട ഒരു സാഹചര്യം വന്നെന്നും അപ്പോൾ നിർത്തിയതാണെന്നും ധർമജൻ വ്യക്തമാക്കുന്നു. കുറച്ച് നല്ല ആൾക്കാർ താൻ നന്നാകണം എന്ന് വിചാരിക്കുന്ന കുറച്ച് പേർ പറഞ്ഞപ്പോൾ നിർത്തിയതാണെന്നും താരം പറയുന്നു.