Shine Tom Chacko: ഷൈൻ ടോം ചാക്കോയുടെ പിതാവിന്റെ സംസ്കാരം ഇന്ന്
Shine Tom Chacko's Father's Funeral Today: അപകടത്തിൽ ഗുരുതര പരിക്കേറ്റ ഷൈൻ ടോം ചാക്കോയെ ഇന്നു ശസ്ത്രക്രിയയ്ക്കു വിധേയനാക്കും. ഇടതു തോളിനു താഴെ മൂന്ന് പൊട്ടലുള്ള ഷൈനിനെ സംസ്കാര ചടങ്ങുകൾക്ക് ശേഷമായിരിക്കും തിരിച്ച് ആശുപത്രിയിൽ എത്തിക്കുക.

തൃശൂർ: തമിഴ്നാട്ടിലെ ധർമപുരിയിലുണ്ടായ കാർ അപകടത്തിൽ മരിച്ച നടൻ ഷൈൻ ടോം ചാക്കോയുടെ പിതാവ് സി.പി. ചാക്കോയുടെ (73) സംസ്‍കാരം ഇന്ന് നടക്കും. ഇന്ന് രാവിലെ 10: 30ന് തൃശൂർ മുണ്ടൂർ കർമല മാതാ പള്ളിയിൽ വച്ചാണ് സംസ്കാരം നടക്കുക. ചടങ്ങിൽ പങ്കെടുക്കാൻ ഷൈൻ ഇന്ന് രാവിലെ ആശുപത്രിയിൽ നിന്ന് മുണ്ടൂരിലെത്തും.
അപകടത്തിൽ ഗുരുതര പരിക്കേറ്റ ഷൈൻ ടോം ചാക്കോയെ ഇന്നു ശസ്ത്രക്രിയയ്ക്കു വിധേയനാക്കും. ഇടതു തോളിനു താഴെ മൂന്ന് പൊട്ടലുള്ള ഷൈനിനെ സംസ്കാര ചടങ്ങുകൾക്ക് ശേഷമായിരിക്കും തിരിച്ച് ആശുപത്രിയിൽ എത്തിക്കുക. ഇടുപ്പെല്ലിനു ഗുരുതര പരുക്കേറ്റ അമ്മ മരിയ കാർമലും (68) സൺ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്. എന്നാൽ ഭർത്താവ് ചാക്കോ മരിച്ച വിവരം അറിയിച്ചിട്ടില്ല. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണെന്നാണു സൂചിപ്പിച്ചിരിക്കുന്നത്. അമ്മയെ ഇന്നു രാവിലെ വിവരമറിയിച്ച് സംസ്കാരച്ചടങ്ങിന് എത്തിക്കാനാണ് കുടുംബത്തിന്റെ തീരുമാനം.
ഷൈനിന്റെ നട്ടെല്ലിനും നേരിയ പൊട്ടലുണ്ട്. ശസ്ത്രക്രിയ്ക്കു ശേഷം മൂന്ന് ദിവസത്തിനുള്ളിൽ ആശുപത്രി വിടാമെങ്കിലും രണ്ട് മാസത്തെ വിശ്രമം ആവശ്യമാണ്. അമ്മ മരിയയ്ക്ക് രണ്ട് മാസത്തെ പൂർണ വിശ്രമം വേണ്ടിവരുമെന്നാണ് ഡോക്ടർമാരുടെ നിഗമനം. ചാക്കോയുടെ മൃതദേഹം തൃശൂരിലെ ജൂബിലി മിഷൻ ആശുപത്രിയിൽ നിന്ന് കഴിഞ്ഞ ദിവസം വൈകിട്ട് മുണ്ടൂരിലെ വീട്ടിൽ പൊതുദർശനത്തിനെത്തിച്ചു.
വെള്ളിയാഴ്ച രാവിലെ ആറോടെയാണ് ഷൈൻ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ചിരുന്ന കാർ ധർമപുരിക്കു സമീപം നല്ലംപള്ളിയിൽ അപകടത്തിൽപെട്ടത്. നടന്റെ ചികിത്സാര്‍ത്ഥം ബെംഗളൂരുവിലേക്കുള്ള യാത്രയ്ക്കിടെയാണ് ദാരുണമായ സംഭവം ഉണ്ടായത്. ഷൈനിനൊപ്പം പിതാവ് ചാക്കോ, അമ്മ മരിയ, സഹോദരൻ ജോ ജോൺ , ഡ്രൈവർ അനീഷ് എന്നിവരാണ് വാഹനത്തിലുണ്ടായിരുന്നത്. ദിശ മാറിയെത്തിയ ലോറിയുടെ പിന്നിൽ കാറിടിക്കുകയായിരുന്നെന്നാണ് ഡ്രൈവറുടെ മൊഴി.