Actress Gautami: ജീവന് ഭീഷണി, പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് നടി ഗൗതമി
Actress Gautami: ചെന്നൈയിലെ നീലാങ്കരൈയിലുള്ള 9 കോടി രൂപ വിലമതിക്കുന്ന സ്വത്തുമായി ബന്ധപ്പെട്ടാണ് ഭീഷണി. വസ്തു അഴകപ്പൻ എന്നയാൾ കൈവശപ്പെടുത്തിയെന്ന് ആരോപിച്ച് ഗൗതമി നേരത്തേ പരാതിനൽകിയിരുന്നു.
ചെന്നൈ: പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് നടിയും രാഷ്ട്രീയ പ്രവർത്തകയുമായ ഗൗതമി. ജീവന് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി ചെന്നൈ പോലീസ് കമ്മീഷർക്ക് നടി പരാതി നൽകി. സ്വത്തുതർക്കവുമായി ബന്ധപ്പെട്ട് പല വ്യക്തികളിൽ നിന്ന് ഭീഷണി വരുന്നതായി പരാതിയിൽ പറയുന്നു.
തുടർച്ചയായ ഭീഷണികളിൽ ആശങ്കയുണ്ടെന്നും തന്റെ സുരക്ഷ ഉറപ്പാക്കാൻ പോലീസ് അടിയന്തര നടപടി സ്വീകരിക്കണമെന്നും ഗൗതമി പരാതിയിൽ ആവശ്യപ്പെട്ടു. ചെന്നൈയിലെ നീലാങ്കരൈയിലുള്ള 9 കോടി രൂപ വിലമതിക്കുന്ന സ്വത്തുമായി ബന്ധപ്പെട്ടാണ് ഭീഷണി. വസ്തു അഴകപ്പൻ എന്നയാൾ കൈവശപ്പെടുത്തിയെന്ന് ആരോപിച്ച് ഗൗതമി നേരത്തേ പരാതിനൽകിയിരുന്നു. ഇതിൽ കേസ് നടന്ന് കൊണ്ടിരിക്കുകയാണ്. കോടതിയുടെ നിർദ്ദേശത്തെത്തുടർന്ന്, തർക്ക ഭൂമി സീൽ ചെയ്തിട്ടുണ്ട്.
ALSO READ: വേടൻ അറസ്റ്റിലായപ്പോൾ ഞാനും ഡാബ്സിയും ഒളിവിലായിരുന്നു! സത്യത്തിൽ പേടിയായിരുന്നു; ബേബി ജീൻ
സ്ഥലത്തെ അനധികൃത നിർമിതികൾ പൊളിച്ച് കളയുന്നതിനായി ചില ഉദ്യോഗസ്ഥർ കൈക്കൂലി ചോദിക്കുന്നുണ്ടെന്നും ചില അഭിഭാഷകർ ഭീഷണി മുഴക്കുന്നുവെന്നും ഗൗതമി പരാതിയിൽ പറയുന്നു. ചിലർ പ്രതിഷേധ പ്രകടനത്തിന് പദ്ധതിയിടുന്നുണ്ടെന്നും അറിഞ്ഞതായും അത് തന്നെ അപായപ്പെടുത്താനുള്ള പദ്ധതിയുടെ ഭാഗമാണെന്ന് സംശയിക്കുന്നതായും ഗൗതമി കൂട്ടിച്ചേർത്തു.
ബിജെപി പ്രവർത്തകയായിരുന്ന ഗൗതമി കഴിഞ്ഞവർഷമാണ് അണ്ണാ ഡിഎംകെയിൽ ചേർന്നത്. തന്റെ സ്വത്ത് തട്ടിയെടുത്തയാളെ പാർട്ടി നേതൃത്വം സംരക്ഷിക്കാൻ ശ്രമിച്ചു എന്ന് ആരോപിച്ചാണ് നടി ബിജെപി വിട്ടത്.