Krishna Prabha: 37-ാം വയസിലും സിംഗിൾ; കല്യാണം കഴിക്കാൻ താത്പര്യമില്ല, ചേട്ടനും അവിവാഹിതൻ; കാരണം വെളിപ്പെടുത്തി കൃഷ്ണപ്രഭ
Krishna Prabha on Marriage: വിവാഹം ചെയ്യാൻ തനിക്ക് ആഗ്രഹമില്ലെന്നും അമ്മ അക്കാര്യത്തിൽ തന്നെ നിർബന്ധിക്കാറില്ലെന്നും നടി കൃഷ്ണപ്രഭ പറയുന്നു.

കൃഷ്ണപ്രഭ
മലയാളികൾക്ക് ഏറെ സുപരിചിതയാണ് നടി കൃഷ്ണപ്രഭ. മുപ്പത്തിയേഴുകാരിയായ താരം ഇപ്പോഴും സിംഗിളാണ്. വിവാഹം വൈകുന്നതിനെ കുറിച്ചുള്ള ചോദ്യത്തിന് നടി നൽകിയ മറുപടിയാണ് ഇപ്പോൾ വൈറലാകുന്നത്. താൻ വിവാഹം കഴിക്കാൻ ആഗ്രഹമില്ലെന്നാണ് കൃഷ്ണപ്രഭ പറയുന്നത്. മൂവി മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.
വിവാഹം ചെയ്യാൻ തനിക്ക് ആഗ്രഹമില്ലെന്നും അമ്മ അക്കാര്യത്തിൽ തന്നെ നിർബന്ധിക്കാറില്ലെന്നും കൃഷ്ണപ്രഭ പറയുന്നു. പൊതുവെ ഇപ്പോൾ കണ്ടുവരുന്നത് ഒരു അഡ്ജസ്റ്റ്മെന്റ് ജീവിതമാണെന്നും അങ്ങനെ കളയേണ്ടതല്ലല്ലോ ജീവിതം എന്നും നടി ചോദിക്കുന്നു. അല്ലെങ്കിൽ അതിനനുസരിച്ചുള്ള ഒരു പങ്കാളിയെ കിട്ടണം. തനിക്കറിയാവുന്ന പലരും വിവാഹശേഷം സന്തോഷത്തോടെയല്ല ജീവിക്കുന്നത്. പലരും സിനിമയിലേതിനേക്കാൾ നന്നായി ജീവിതത്തിൽ അഭിനയിക്കുന്നു. വിവാഹത്തിന്റെ ആവശ്യമുണ്ടെന്ന് തനിക്ക് തോന്നിയിട്ടില്ലെന്നും കൃഷ്ണപ്രഭ കൂട്ടിച്ചേർത്തു.
തന്റെ സഹോദരനെ കുറിച്ചും നടി അഭിമുഖത്തിൽ പറയുന്നുണ്ട്. സഹോദരന്റെ പേര് ഉണ്ണികൃഷ്ണൻ എന്നാണ്. തങ്ങൾ രണ്ടുപേരും അമ്മയും അടങ്ങുന്നതാണ് തന്റെ കുടുംബമെന്നും ചേട്ടൻ അവിവാഹിതനാണെന്നും നടി പറഞ്ഞു. ചേട്ടനും താനും തമ്മിൽ പത്ത് വയസ് വ്യത്യാസമുണ്ട്. അമ്മയും രണ്ട് മക്കളും അടങ്ങുന്ന സന്തോഷ കുടുംബമാണ് തങ്ങളുടേത്. സന്തോഷവും സമാധാനവും ഉണ്ടെന്നും കൃഷ്ണപ്രഭ പറഞ്ഞു.
അതേസമയം, ആര്യ – സിബിൻ വിവാഹത്തിന് ജീൻസും ജാക്കറ്റും ധരിച്ചെത്തിയതിന് കുറിച്ചുള്ള ചോദ്യത്തിനും കൃഷ്ണപ്രഭ മറുപടി നൽകി. ആര്യയുടെ മകൾ ഖുഷിക്ക് ഒപ്പം നൃത്തം ചെയ്യുന്ന വീഡിയോ വൈറൽ ആയിരുന്നുവെന്നും അതുകൊണ്ടാണ് പലരും തന്നോട് എന്തുകൊണ്ടാണ് കല്യാണത്തിന് ജീൻസും ജാക്കറ്റും ധരിച്ച് പോയതെന്ന് ചോദിച്ചതെന്നും നടി പറയുന്നു. സംഗീത നൈറ്റിൽ താനും ഖുഷിയും ഒന്നിച്ചു ചെയ്തൊരു പെർഫോമൻസ് വീഡിയോ ആണത്. ഒരു ആക്ട് ആണ് ചെയ്തത്. ലൈഫ് സ്റ്റോറി ആയിരുന്നു. അതിൽ സിബിനായാണ് താൻ അഭിനയിച്ചത്. അതുകൊണ്ടതായിരുന്നു ജാക്കറ്റ് ധരിച്ചെത്തിയതെന്നും എല്ലാവരും കാത്തിരുന്ന വിവാഹമായിരുന്നു അവരുടേത് എന്നും കൃഷ്ണപ്രഭ കൂട്ടിച്ചേർത്തു.