Sanchana Natarajan: ‘ബിക്കിനിയിട്ട ചിത്രം പോസ്റ്റ് ചെയ്യുന്നുണ്ടെങ്കിൽ നല്ലതാണോ അല്ലയോ എന്ന് ആലോചിച്ചിട്ടായിരിക്കുമല്ലോ’; സഞ്ജന നടരാജൻ
Sanchana Natarajan on Posting Bikini Photos: സുന്ദരിയാണെന്ന് കേൾക്കുന്നതിന് വേണ്ടി ഒരു ഫോട്ടോ പോസ്റ്റ് ചെയ്യുന്നത് എത്രമാത്രം തെറ്റാണോ, അതുപോലെ തന്നെ മറ്റുള്ളവർ എന്തെങ്കിലും പറയും എന്ന് കരുതി പോസ്റ്റ് ചെയ്യാതിരിക്കുന്നതും തെറ്റാണെന്ന് സഞ്ജന പറഞ്ഞു.

വിജയ് ദേവരകൊണ്ട നായകനായ ‘നോട്ട’, രജനികാന്തിന്റെ ‘2.൦’, മാധവൻ നായകനായ ‘ഇരുദി സുട്രു’ തുടങ്ങിയ ചിത്രങ്ങളിൽ ചെയ്ത വേഷങ്ങളിലൂടെ ശ്രദ്ധേയമായ താരമാണ് സഞ്ജന നടരാജൻ. സമൂഹ മാധ്യമങ്ങളിലും താരം സജീവമാണ്. ജീവിതത്തിലെ പ്രധാന നിമിഷങ്ങളും, സന്തോഷങ്ങളും എല്ലാം താരം സമൂഹ മാധ്യമത്തിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. എന്നാൽ, അടുത്തിടെ താരം ബിക്കിനി ധരിച്ചുള്ള ചില ചിത്രങ്ങൾ പോസ്റ്റ് ചെയ്തത് രൂക്ഷ വിമർശനങ്ങൾക്ക് കാരണമായിരുന്നു. ഇപ്പോഴിതാ, ഒരു അഭിമുഖത്തിൽ സഞ്ജന ഈ വിഷയത്തിൽ നൽകിയ പ്രതികരണമാണ് ശ്രദ്ധ നേടുന്നത്.
ബിക്കിനി ധരിച്ച ചിത്രങ്ങൾ താൻ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നുണ്ടെങ്കിൽ അത് തനിക്ക് പൂർണമായും ഓക്കെ ആയതുകൊണ്ടാണെന്നും, പോസ്റ്റ് ചെയ്യുന്നതിന് മുൻപ് അതിന്റെ വരുംവരായ്കകളെ കുറിച്ച് ചിന്തിച്ചു കാണില്ലേയെന്നും സഞ്ജന പറഞ്ഞു. സുന്ദരിയാണെന്ന് കേൾക്കുന്നതിന് വേണ്ടി ഒരു ഫോട്ടോ പോസ്റ്റ് ചെയ്യുന്നത് എത്രമാത്രം തെറ്റാണോ, അതുപോലെ തന്നെ മറ്റുള്ളവർ എന്തെങ്കിലും പറയും എന്ന് കരുതി പോസ്റ്റ് ചെയ്യാതിരിക്കുന്നതും തെറ്റാണെന്ന് താരം പറഞ്ഞു. വാവ് തമിഴ് ഒഫീഷ്യലിന് നൽകിയ അഭിമുഖത്തിലാണ് സഞ്ജന മനസ് തുറന്നത്.
“ഞാൻ ബിക്കിനി ധരിച്ച ചിത്രം സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നുണ്ടെങ്കിൽ അത് എനിക്ക് ഓക്കേ ആയത് കൊണ്ടാണ്. എനിക്കതിൽ ഒന്നും തെറ്റായി തോന്നുന്നില്ല. പക്ഷെ ഞാൻ ആത്മവിശ്വാസത്തോടെ ആ ഫോട്ടോ പോസ്റ്റ് ചെയ്യുന്നുണ്ടെങ്കിൽ അതിന്റെ വരുംവരായ്കകളെ കുറിച്ച് ചിന്തിച്ചു കാണില്ലേ? അത് നല്ലതാണോ അല്ലയോയെന്ന് ചിന്തിച്ചു കാണില്ലേ? ചിത്രത്തിൽ ഉള്ളത് എന്റെ മുഖമല്ല. അതെനിക്ക് ഓക്കെ ആയതുകൊണ്ടല്ലേ പോസ്റ്റ് ചെയ്തത്. ഇതല്ലാതെ ഞാൻ മറ്റൊരാളിൽ നിന്നും ഉറപ്പ് ലഭിക്കാനായി ചെയ്യുകയാണെങ്കിൽ മാത്രമാണത് തെറ്റ്. നമ്മൾ ചെയ്യുന്ന ഒരു കാര്യം, അതിപ്പോൾ കോസ്മറ്റിക് സർജറി ആണെങ്കിൽ പോലും എനിക്ക് വേണ്ടി ഞാൻ ചെയ്യുകയാണെങ്കിൽ അതിലെന്താണ് തെറ്റ്. എന്റെ അച്ഛനും അമ്മയ്ക്കും ഞാൻ സുന്ദരി ആണ്. മറ്റുവർക്ക് അവരുടെ മക്കൾ സുന്ദരികളാണ്. എന്നാൽ മറ്റൊരാളുടെ മാതാപിതാക്കൾക്ക് ഞാൻ സുന്ദരിയാണെന്ന് തോന്നണം എന്നില്ല” സഞ്ജന നടരാജൻ പറഞ്ഞു.
“ഞാൻ സുന്ദരിയാണെന്ന് മറ്റുള്ളവരെ കൊണ്ട് പറയിപ്പിക്കുന്നതിന് വേണ്ടി ഒരു ഫോട്ടോ പോസ്റ്റ് ചെയ്യുന്നത് എത്രത്തോളം തെറ്റാണോ, അതുപോലെ തന്നെ മറ്റുള്ളവർ എന്തെങ്കിലും പറയും എന്ന് കരുതി പോസ്റ്റ് ചെയ്യാതിരിക്കുന്നതും തെറ്റാണ്. എന്നെയോ എനിക്ക് ചുറ്റുമുള്ള ആളുകളെയോ ഇത് ഒരുതരത്തിലും ബാധിക്കുന്നില്ല. ഇതിനപ്പുറം ഞാൻ ആരെ പറ്റിയാണ് ചിന്തിക്കേണ്ടത്? ഈ വിഷയത്തെ സംബന്ധിച്ച് നിരവധി പേർ എന്നോട് ചോദ്യങ്ങൾ ചോദിച്ചിരുന്നു. എന്നാൽ, അപ്പോഴെല്ലാം ഞാൻ ചിന്തിച്ചത് ഇതെന്തുകൊണ്ട് സംസാരിക്കാനുള്ള ഒരു വിഷയമായി മാറി എന്നതാണ്. എനിക്ക് ശരിക്കും കേട്ടപ്പോൾ അത്ഭുതമാണ് തോന്നിയത്.
സിനിമ ലഭിക്കാത്തത് കൊണ്ടാണ് താൻ ഇത്തരം ഫോട്ടോകൾ പോസ്റ്റ് ചെയ്യുന്നതെന്ന് പറഞ്ഞുകൊണ്ടുള്ള ചില ആർട്ടിക്കിളുകൾ എന്റെ സുഹൃത്തുക്കൾ എനിക്ക് അയച്ചുതന്നിരുന്നു. എന്റെ അഭിനയം കണ്ട് ലഭിക്കാത്ത ചാൻസുകൾ എങ്ങനെയാണ് അത്തരം ഫോട്ടോകൾ പോസ്റ്റ് ചെയ്യുന്നതിലൂടെ ലഭിക്കുന്നത്. അവർ എന്നെ കുറിച്ച് എഴുതുമെന്ന് കരുതി പോസ്റ്റ് ചെയ്യാതിരിക്കേണ്ട കാര്യമില്ല. അതുപോലെ ഞാൻ അത് ധരിച്ചെന്ന് കരുതി അവർ വാർത്ത എഴുത്തുകയാണെങ്കിൽ എഴുതട്ടെ. മറ്റൊരു വിഷയം വരുമ്പോൾ അവർ അതിനുപുറകേ പോകും. ഇതെല്ലാം കണക്കിലെടുത്ത് എനിക്ക് സന്തോഷം തരുന്ന ഒരു കാര്യം ഞാൻ എന്തിന് ചെയ്യാതിരിക്കണം. എനിക്ക് സ്വയം വേണ്ടെന്ന് തോന്നുകയാണെങ്കിൽ ഞാൻ ചെയ്യില്ല. ഞാൻ തെറ്റ് ചെയ്യുന്നില്ലെന്നും, ഇത് മറ്റുള്ളവരെ ബാധിക്കുന്നില്ലെന്നും എനിക്ക് ഉറപ്പുണ്ട്. അതുകൊണ്ട് പറയുന്നവർ പറയട്ടെ” സഞ്ജന കൂട്ടിച്ചേർത്തു.