Vishnu Unnikrishnan : അതുവരെ തോന്നിയില്ല, ഇന്റര്‍വ്യൂകളിലെ ആ ചോദ്യങ്ങള്‍ കേട്ടപ്പോള്‍ എനിക്കും സംശയമായി; വിഷ്ണു ഉണ്ണികൃഷ്ണന്റെ വെളിപ്പെടുത്തല്‍
Vishnu Unnikrishnan on his entry into cinema: എന്റെ വീടും അപ്പുവിന്റെയും എന്ന സിനിമയിലേക്ക് അസിസ്റ്റന്റ് ഡയറക്ടറായ നിഷാദ് ഖാന്‍ വഴിയാണ് എത്തുന്നത്. ആദ്യ ടേക്കില്‍ തന്നെ ശരിയാക്കി. സംവിധായകന്‍ സിബി മലയില്‍ ഷെയ്ക്ക് ഹാന്‍ഡ് നല്‍കി. ഷെയ്ക്ക് ഹാന്‍ഡ് നാഷണല്‍ അവാര്‍ഡായി തോന്നി. സെറ്റില്‍ മിമിക്രി ചെയ്യുമായിരുന്നു. അഞ്ചാറു ദിവസമേ ഷൂട്ടിംഗ് ഉണ്ടായിരുന്നുള്ളൂ

മലയാള യുവതാരനിരയില്‍ തന്റേതായ സ്ഥാനം സൃഷ്ടിച്ചെടുത്ത നടനാണ് വിഷ്ണു ഉണ്ണികൃഷ്ണന്‍. ബാലതാരമായി സിനിമയിലെത്തിയ വിഷ്ണു ചെറിയ വേഷങ്ങളിലൂടെ ചുവടുവച്ച് നായക കഥാപാത്രത്തിലേക്കുമെത്തി. 2003ല്‍ പുറത്തിറങ്ങിയ എന്റെ വീടും അപ്പുവിന്റെയും ആണ് ആദ്യ ചിത്രം. സ്‌ക്രീന്‍ റൈറ്ററെന്ന നിലയിലും ശ്രദ്ധേയനാണ് താരം. നടനും സുഹൃത്തുമായ ബിബിന്‍ ജോര്‍ജിനൊപ്പം, അമര്‍ അക്ബര്‍ അന്തോണി എന്ന സിനിമയുടെ കഥയെഴുതി. ബിബിനൊപ്പം വെടിക്കെട്ട് എന്ന ചിത്രം സംവിധാനവും ചെയ്തു. ഇരുവരെയും പ്രധാന കഥാപാത്രങ്ങളായി മനസില്‍ കണ്ടാണ് വിഷ്ണുവും ബിബിനും അമര്‍ അക്ബര്‍ അന്തോണി എന്ന സിനിമയുടെ കഥ എഴുതിയത്. എന്നാല്‍ മറ്റ് ചില കാരണങ്ങളാല്‍ അത് സംഭവിച്ചില്ല. സിനിമയിലേക്ക് വന്നതിനെക്കുറിച്ചും, അമര്‍ അക്ബര്‍ അന്തോണിയുടെ കഥ എഴുതിയതിനെക്കുറിച്ചും വിഷ്ണു അടുത്തിടെ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു.
ചെറിയ പ്രായം മുതല്‍ നടനാകണമെന്നായിരുന്നു ആഗ്രഹമെന്ന് വിഷ്ണു വ്യക്തമാക്കി. നടനാകുമ്പോള്‍ മറക്കരുതെന്ന് സുഹൃത്തുക്കള്‍ 10-ാം ക്ലാസിലെ ഓട്ടോഗ്രാഫില്‍ എഴുതിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദ ക്യൂവിന് നല്‍കിയ അഭിമുഖത്തിലാണ് വിഷ്ണുവിന്റെ വെളിപ്പെടുത്തല്‍. നായകാനാകാന്‍ പറ്റുമോയെന്നതില്‍ സംശയമില്ലായിരുന്നുവെന്നും, എന്നാല്‍ ചില ഇന്റര്‍വ്യൂവിലെ ചോദ്യങ്ങള്‍ കേട്ടപ്പോഴാണ് തനിക്ക് സംശയം തോന്നിയതെന്നും വിഷ്ണു പറഞ്ഞു.
”കട്ടപ്പനയിലെ ഋതിക് റോഷന്‍ ചെയ്തുകഴിഞ്ഞതിന് ശേഷം, ചില ഇന്റര്‍വ്യൂവില്‍ ആളുകളുടെ ‘ഓവര്‍ എക്‌സൈറ്റ്‌മെന്റ്’ കാണുമ്പോഴാണ് എനിക്കും സംശയം തോന്നിയത്. നിങ്ങള്‍ നായകനാകുമോയെന്ന് എന്നെങ്കിലും ചിന്തിച്ചിട്ടുണ്ടോയെന്നൊക്കെയാകും ചോദ്യങ്ങള്‍. ഞാന്‍ നായകനാകാന്‍ മാത്രം ഒന്നുമില്ലേയെന്ന് അപ്പോഴാണ് ആദ്യമായി സംശയം തോന്നിയത്. അതുവരെ സംശയമൊന്നും തോന്നിയിട്ടില്ല. ആ സംശയങ്ങള്‍ തോന്നാത്തതാകും ഏറ്റവും വലിയ പ്ലസ്”-വിഷ്ണു വ്യക്തമാക്കി.




എന്റെ വീടും അപ്പുവിന്റെയും എന്ന സിനിമയിലേക്ക്
എന്റെ വീടും അപ്പുവിന്റെയും എന്ന സിനിമയിലേക്ക് ആ ചിത്രത്തിലെ അസിസ്റ്റന്റ് ഡയറക്ടറായ നിഷാദ് ഖാന്‍ വഴിയാണ് എത്തുന്നത്. ആദ്യ ടേക്കില്‍ തന്നെ ശരിയാക്കി. തുടര്‍ന്ന് സംവിധായകന്‍ സിബി മലയില്‍ വന്ന് ഷെയ്ക്ക് ഹാന്‍ഡ് നല്‍കി. അദ്ദേഹത്തിന്റെ ഷെയ്ക്ക് ഹാന്‍ഡ് നാഷണല്‍ അവാര്‍ഡായി തോന്നി. സെറ്റില്‍ മിമിക്രി ചെയ്യുമായിരുന്നു. അഞ്ചാറു ദിവസമേ ഷൂട്ടിംഗ് ഉണ്ടായിരുന്നുള്ളൂ. എങ്കിലും മിമിക്രിയിലൂടെ അവിടെ ഫെയ്മസായെന്നും താരം പറഞ്ഞു.
പിന്നെ കണ്ണിനും കണ്ണാടിക്കും, രാപ്പകല്‍ എന്നീ സിനിമകളില്‍ അഭിനയിച്ചു. സിനിമാനടനായെന്നും, ഇനി അവസരങ്ങള്‍ ലഭിച്ചുകൊണ്ടിരിക്കുമെന്നായിരുന്നു അപ്പോള്‍ ചിന്തിച്ചത്. പക്ഷേ, സ്ഥിരമായിട്ട് അവസരം ലഭിച്ചില്ല. പിന്നെ പളുങ്ക് സിനിമയിലേക്ക് എത്തിയെന്നും താരം പറഞ്ഞു.
അമര്‍ അക്ബര്‍ അന്തോണി
തന്നെയും, ബിബിനെയും ലീഡ് ക്യാരക്ടേഴ്‌സാക്കി ഒരു സിനിമ എഴുതാനും, അത് സംവിധാനം ചെയ്യാമെന്നും ബി.സി. നൗഫല്‍ പറഞ്ഞു. അങ്ങനെ തങ്ങളെ നായകന്മാരാക്കി കഥ എഴുതി. എഴുതിക്കഴിഞ്ഞപ്പോഴേക്കും, സാറ്റലൈറ്റ് കൊടുക്കുന്നതൊക്കെ ചാനലുകള്‍ നിര്‍ത്തിയിരുന്നു. സാറ്റലൈറ്റ് കിട്ടുമല്ലോ എന്നൊക്കെ കരുതിയാണ് നൗഫല്‍ സംവിധാനം ചെയ്യാമെന്ന് പറഞ്ഞതെന്നും വിഷ്ണു കൂട്ടിച്ചേര്‍ത്തു.
ഈ കഥ കലാഭവന്‍ ഷാജോണിനെയും വായിച്ച് കേള്‍പ്പിച്ചിട്ടുണ്ട്. ആ സമയത്ത് ബിബിന്‍ ബഡായി ബംഗ്ലാവിന് വേണ്ടിയും എഴുതുന്നുണ്ട്. ഒരിക്കല്‍ നടന്‍ മുകേഷിനെ കാണാന്‍ നാദിര്‍ഷ വന്നിരുന്നു. നിങ്ങളുടെ കയ്യില്‍ ഒരു സ്‌ക്രിപ്റ്റ് ഉണ്ടെന്ന് ഷാജോണ്‍ പറഞ്ഞെന്നും, അതുമായി വന്ന് കാണാനും ബിബിനോട് നാദിര്‍ഷ നിര്‍ദ്ദേശിച്ചു. അങ്ങനെ അദ്ദേഹത്തിന്റെ അടുത്ത് കഥയുമായി ചെന്നു. അദ്ദേഹത്തിന് കഥ ഇഷ്ടപ്പെട്ടു. രണ്ട് കൊല്ലമായിട്ട് കഥ കയ്യിലുണ്ടായിരുന്നു അതുകൊണ്ട് അതില്‍ അഭിനയിക്കണമെന്നുള്ള ആഗ്രഹവും ഉപേക്ഷിച്ചിരുന്നുവെന്നും വിഷ്ണു വ്യക്തമാക്കി.