Saniya Iyyappan: ഇയ്യപ്പനോ അതോ അയ്യപ്പനോ? പേരിലെ ആശയകുഴപ്പം വ്യക്തമാക്കി സാനിയ
Saniya Iyyappan Clears Her Name: സാനിയയുടെ പേരിനെ ചൊല്ലിയുള്ള സംശയം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ചിലർ സാനിയ അയ്യപ്പൻ എഴുതുമ്പോൾ മറ്റുചിലർ സാനിയ ഇയ്യപ്പൻ എന്നാണ് എഴുതാറുള്ളത്

നടി സാനിയ അയ്യപ്പൻ (Image Credits: Saniya Facebook)
ഡി ഫോർ ഡാൻസ് എന്ന റിയാലിറ്റി ഷോയിലൂടെ ശ്രദ്ധിക്കപ്പെട്ട സാനിയ അയ്യപ്പൻ മലയാളി സിനിമ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടുന്നത് ‘ക്വീൻ’ എന്ന ചിത്രത്തിലൂടെയാണ്. തുടർന്ന്, സൂപ്പർ ഹിറ്റ് മോഹൻലാൽ ചിത്രം ‘ലൂസിഫറി’ലൂടെ താരത്തിന് ഏറെ സ്വീകാര്യത ലഭിച്ചു. സിനിമകളോടൊപ്പം സമൂഹ മാധ്യമത്തിലും സാനിയ സജീവമാണ്. ഒരുപാട് യാത്രകൾ പോകാറുള്ള താരം യാത്രാകുറിപ്പുകളും ചിത്രങ്ങളും ആരാധകർക്കായി സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെക്കാറുണ്ട്.
സാനിയയുടെ പേരിനെ ചൊല്ലിയുള്ള സംശയം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. താരത്തിന്റെ പേര് പലരും പലവിധത്തിലാണ് എഴുതാറുള്ളത്. വാർത്തകളിലും മറ്റും ചിലർ സാനിയ അയ്യപ്പൻ എന്ന് എഴുതുമ്പോൾ മറ്റുചിലർ സാനിയ ഇയ്യപ്പൻ എന്ന് എഴുതുന്നു. ഇതാണ് ആശയകുഴപ്പം സൃഷ്ടിക്കുന്നതും. ഇപ്പോഴിതാ, സംശയത്തിന് അറുതി വരുത്തിക്കൊണ്ട്, സാനിയ തന്നെ പേരിലെ ആശയകുഴപ്പം വ്യക്തമാക്കിയിരിക്കുകയാണ്. തന്റെ പേര് സാനിയ ഇയ്യപ്പൻ എന്നല്ല അയ്യപ്പൻ ആണെന്ന് താരം പറഞ്ഞു. ഗൃഹലക്ഷ്മിക്ക് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തൽ.
“എന്റെ പേര് സാനിയ അയ്യപ്പൻ എന്നാണ്. എന്റെ അച്ഛന്റെ പേരാണ് അയ്യപ്പൻ. അതാണ് ഞാൻ എന്റെ പേരിനിടൊപ്പം ചേർത്തിരിക്കുന്നത്. പലരും ഇയ്യപ്പൻ എന്ന് ഉപയോഗിക്കുന്നത് ശ്രദ്ധയിൽപ്പെടാറുണ്ട്. ഒരുപക്ഷെ അവരെ സംശയത്തിലാക്കുന്നത് എന്റെ പേരിലെ ഇംഗ്ലീഷ് അക്ഷരങ്ങൾ ആയിരിക്കാം. അയ്യപ്പനിൽ ‘A’ എന്ന അക്ഷരത്തിന് പകരം ‘I’ ആണ് ഉപയോഗിക്കുന്നത്.” സാനിയ പറഞ്ഞു.
അതേസമയം, ‘സ്വർഗ്ഗവാസൽ’ എന്ന തമിഴ് ചിത്രമാണ് സാനിയയുടേതായി പുറത്തിറങ്ങിയ ഒടുവിലത്തെ ചിത്രം. മലയാളി സിനിമ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന എമ്പുരാനിലും സാനിയ എത്തുമെന്നാണ് വിവരം.