Seema: ‘അത് അവസാനത്തെ യാത്രയെന്ന് ലോഹിതദാസ് പറഞ്ഞു, അതുപോലെ തന്നെ സംഭവിച്ചു’; സീമ
Seema About Her Long Break From Films: 'മഹായാനം' സിനിമയെ കുറിച്ചും അതിന്റെ എഴുത്തുകാരനായ ലോഹിത ദാസിനെ കുറിച്ചും സംസാരിക്കുകയാണ് സീമ.

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് സീമ. 1978ൽ ഐവി ശശിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ‘അവളുടെ രാവുകൾ’ എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ താരം, 80കളിൽ മലയാളത്തിലെ ഏറ്റവും തിരക്കേറിയ നടിയായിരുന്നു. ഇപ്പോൾ, ‘മഹായാനം’ സിനിമയെ കുറിച്ചും അതിന്റെ എഴുത്തുകാരനായ ലോഹിത ദാസിനെ കുറിച്ചും സംസാരിക്കുകയാണ് സീമ.
‘മഹായാനം’ സിനിമയിൽ അഭിനയിക്കുമ്പോൾ തനിക്ക് അതിന്റെ അർഥം അറിയില്ലായിരുന്നെന്നും ഒരു ദിവസം താൻ അത് സിനിമയുടെ എഴുത്തുകാരനായ ലോഹിതദാസിനോട് ചോദിച്ചുവെന്നും സീമ പറയുന്നു. അത് അവസാനത്തെ യാത്ര എന്നാണെന്ന് ലോഹിതദാസ് പറഞ്ഞു. അപ്പോൾ തന്നെ പറഞ്ഞുവിടാൻ വേണ്ടിയാണോ ഇങ്ങനെ പേരിട്ടിരിക്കുന്നതെന്ന് താൻ അദ്ദേഹത്തോട് ചോദിച്ചുവെന്നും സിനിമയുടെ അർഥം പോലെ തന്നെ സംഭവിച്ചുവെന്നും സീമ കൂട്ടിച്ചേർത്തു.
ആ സിനിമയോടെ തനിക്ക് ഒരു ബ്രേക്ക് വന്നു. അത് വലിയൊരു ബ്രേക്ക് ആയിരുന്നു. അതുകഴിഞ്ഞിട്ടുള്ള സിനിമയാണ് ‘ഒളിമ്പ്യൻ അന്തോണി ആദമെ’ന്നും നടി പറയുന്നു. അമൃത ടിവിയുടെ റെഡ് കാർപ്പറ്റിൽ സംസാരിക്കുകയായിരുന്നു നടി.
“‘മഹായാനം’ സിനിമയിൽ അഭിനയിക്കുമ്പോൾ ഇതിന്റെ അര്‍ത്ഥം എന്താണെന്ന് എനിക്ക് അറിയില്ല. ലോഹിതദാസാണ് ആ സിനിമയുടെ എഴുത്തുകാരന്‍. അപ്പോള്‍ ഒരു ദിവസം പുള്ളി എന്റെ അടുത്ത് വന്നിരുന്നു. ഞാന്‍ ചോദിച്ചു, ‘മഹായാനം എന്നുപറഞ്ഞാല്‍ എന്താ അര്‍ത്ഥം’ എന്ന്. ‘അത് അവസാനത്തെ യാത്രയാണ്’ എന്ന് അദ്ദേഹം പറഞ്ഞു.
അപ്പോള്‍ ഞാന്‍ ചോദിച്ചു ‘ഇതാണോ അർഥം, എന്നെ പറഞ്ഞയയ്ക്കാന്‍ വേണ്ടിയാണോ ഇങ്ങനെ പേരിട്ടത്’ എന്ന്. ‘അയ്യോ അങ്ങനെയല്ല, അതിന്റെ അർഥം അതാണ്’ എന്ന് ലോഹിതദാസ് പറഞ്ഞു. ഒടുവിൽ അത് അതുപോലെ തന്നെ സംഭവിച്ചു. അതൊരു വലിയ ബ്രേക്ക് ആയിരുന്നു. അത് കഴിഞ്ഞിട്ടുള്ള പടമാണ് ഒളിമ്പ്യന്‍ അന്തോണി ആദം” സീമ പറഞ്ഞു.