Adoor Gopalakrishnan: ‘ഞാൻ ജാതി ഉപേക്ഷിച്ചയാൾ; എനിക്ക് ജാതിവെറി എന്ന് പറയുന്നവർക്ക് മാനസികപ്രശ്നം’; അടൂർ ഗോപാലകൃഷ്ണൻ്റെ പഴയ അഭിമുഖം വൈറൽ
Adoor Gopalakrishnan Says He Has Non Cast: തനിക്ക് ജാതിയില്ലെന്ന അടൂർ ഗോപാലകൃഷ്ണൻ്റെ പഴയ പരാമർശം വൈറൽ. 20ആം വയസിൽ താൻ ജാതി ഉപേക്ഷിച്ചു എന്നാണ് അദ്ദേഹം പറയുന്നത്.

അടൂർ ഗോപാലകൃഷ്ണൻ
പട്ടികജാതിക്കാർക്ക് സിനിമയെടുക്കാൻ സർക്കാർ ധനസഹായം നൽകുന്നതുമായി ബന്ധപ്പെട്ട് വിവാദപരാമർശം നടത്തിയ സംവിധായകൻ അടൂർ ഗോപാലകൃഷ്ണനെതിരെ വ്യാപക വിമർശനം ഉയരുകയാണ്. ഈ അവസരത്തിൽ അദ്ദേഹത്തിൻ്റെ പഴയ ഒരു ഇൻ്റർവ്യൂ വീണ്ടും ശ്രദ്ധനേടുകയാണ്. ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൻ്റെ ചില ഭാഗങ്ങൾ അവർ തന്നെ വീണ്ടും തങ്ങളുടെ ഇൻസ്റ്റഗ്രാം ഹാൻഡിലിൽ പങ്കുവച്ചു.
തനിക്ക് ജാതിയില്ലെന്നും 20ആം വയസ് ജാതി ഉപേക്ഷിച്ചയാളാണ് താൻ എന്നുമാണ് അടൂർ അഭിമുഖത്തിൽ പറയുന്നത്. തനിക്ക് ജാതിവെറിയാണെന്ന് പറയുന്നവർക്ക് എന്തോ മാനസിക പ്രശ്നമുണ്ടെന്നും അടൂർ ആരോപിച്ചിരുന്നു.
“20 വയസാവുന്നതിന് മുൻപ് വാല് മുറിച്ച ആളാണ് ഞാൻ. ഞാൻ ഉണ്ണിത്താനാണ്. അടൂർ ഗോപാലകൃഷ്ണൻ ഉണ്ണിത്താണ്. ജാതിയും മതവുമൊക്കെ ആ സമയത്ത് കളഞ്ഞ ആളാണ് ഞാൻ. എന്നെ ഇനി ജാതി പഠിപ്പിക്കാൻ, എനിക്ക് ജാതിവെറി പിടിച്ചു എന്ന് പറയുന്നവർക്ക്, അവർക്കെന്തോ പ്രശ്നമുണ്ട്. മാനസികപ്രശ്നമാണ്. പുതിയ തലമുറകൾ എന്നെ എതിർക്കുന്നതിന് കാരണം ആരെങ്കിലുമൊക്കെ ശ്രദ്ധിക്കാനാണ്. ഇൻസ്റ്റിറ്റ്യൂട്ടിൽ ഇപ്പോൾ നടക്കുന്നത് ആഷിഖ് അബു എന്നൊക്കെ പറയുന്ന ആളുകൾ വന്ന് പഠിപ്പിക്കുന്നതാണ്.”- അടൂർ പറഞ്ഞു.
സിനിമയെടുക്കാന്‍ വരുന്ന പട്ടികജാതിക്കാര്‍ക്ക് കുറഞ്ഞത് മൂന്ന് മാസത്തെ പരിശീലനം നല്‍കണമെന്നായിരുന്നു അടൂരിൻ്റെ പരാമര്‍ശം. എസ്‌സി, എസ്ടി വിഭാഗങ്ങള്‍ക്ക് സിനിമയെടുക്കാൻ സർക്കാർ നല്‍കുന്നത് ഒന്നരക്കോടി രൂപയാണ്. ഇതുവഴി സർക്കാർ അഴിമതിക്കുള്ള വഴിയൊരുക്കുകയാണ്. ഇക്കാര്യം താന്‍ മുഖ്യമന്ത്രിയോട് പറഞ്ഞിട്ടുണ്ട്. ഇതിന് പിന്നിലെ ഉദ്ദേശ്യം നല്ലതാണെങ്കിലും ഇവർക്ക് വിദഗ്ധന്‍മാരുടെ കീഴില്‍ മൂന്ന് മാസത്തെ കഠിനപരിശീലനം നൽകണം. പൊതുജനങ്ങളുടെ പണമാണെന്ന് ഇവരെ പറഞ്ഞ് മനസ്സിലാക്കണം. ഒന്നരക്കോടി രൂപ കുറച്ച് 50 ലക്ഷം രൂപ ആക്കണമെന്നും അടൂർ പറഞ്ഞു.