Actor Bala – Elizabeth Udayan: ‘ടിവിയിൽ കണ്ടു, സുരക്ഷിതരായിരിക്കൂ ഡോക്ടർ’; മുൻപങ്കാളിക്ക് ആശ്വാസവാക്കുകളുമായി ബാല
Actor Bala Message to Ex-Partner Doctor Elizabeth Udayan: ഫേസ്ബുക്ക് പോസ്റ്റിൽ എലിസബത്തിന്റെ പേര് ബാല പരാമർശിച്ചിട്ടില്ലെങ്കിലും, നടൻ ഡോക്ടർ എന്ന് കുറിപ്പിൽ അഭിസംബോധന ചെയ്യുന്നത് എലിസബത്തിനെ ആണെന്ന് ആരാധകരും ചൂണ്ടിക്കാട്ടി.
അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദിൽ ഉണ്ടായ വിമാന ദുരന്തത്തിൽ നിന്ന് മുൻപങ്കാളി ഡോക്ടർ എലിസബത്ത് ഉദയൻ രക്ഷപ്പെട്ടുവെന്ന് അറിയിച്ചു കൊണ്ട് നടൻ ബാല നേരത്തെ ഒരു കുറിപ്പ് സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. അതിന് പിന്നാലെ, ഇപ്പോഴിതാ ആശ്വാസവാക്കുകളുമായി രംഗത്തെത്തിയിരിക്കുകയാണ് നടൻ. ടിവിയിൽ കണ്ടുവെന്നും സുരക്ഷിതയായിരിക്കൂ ഡോക്ടർ എന്നും ബാല കുറിച്ചു.
എലിസബത്തിന്റെ പേര് ബാല പരാമർശിച്ചിട്ടില്ലെങ്കിലും, നടൻ ഡോക്ടർ എന്ന് കുറിപ്പിൽ അഭിസംബോധന ചെയ്യുന്നത് എലിസബത്തിനെ ആണെന്ന് ആരാധകരും ചൂണ്ടിക്കാട്ടി. അഹമ്മദാബാദ് സിവിൽ ആശുപത്രിയിൽ ട്രാൻസിഷൻ മെഡിസിൻ പിജി രണ്ടാം വർഷ വിദ്യാർഥി ആണ് എലിസബത്ത്. താൻ സുരക്ഷിതയാണെന്നും, എന്നാൽ തന്റെ സഹപ്രവർത്തകരും എംബിബിഎസ് വിദ്യാർഥികളിൽ പലരും മരണപ്പെട്ടെന്നും, ചിലർക്ക് പരിക്കേറ്റെന്നും, അവർക്കുവേണ്ടി പ്രാർത്ഥിക്കണമെന്നും പറഞ്ഞുകൊണ്ട് എലിസബത്ത് നേരത്തെ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് പങ്കുവെച്ചിരുന്നു.
‘അഹമ്മദാബാദ് വിമാനാപകടത്തിൽ ഉണ്ടായ വലിയ നഷ്ടത്തിൽ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു. ദൈവം എല്ലാവർക്കുമൊപ്പം ഉണ്ടാവട്ടെ. നിങ്ങളെ ഞാൻ ടിവിയിൽ കണ്ടു, സുരക്ഷിതയായിരിക്കൂ ഡോക്‌ടർ. എന്റെ ആത്മാർഥമായ പ്രാർഥനകൾ. ബാല, കോകില” എന്നായിരുന്നു ബാല ഫേസ്ബുക്കിൽ കുറിച്ചത്.
ബാലയുടെ ഫേസ്ബുക്ക് പോസ്റ്റ്:
ALSO READ: ‘ഞാൻ സുരക്ഷിത, സഹപ്രവർത്തകർ മരണപ്പെട്ടു, പ്രാർഥിക്കണം’: അഹമ്മദാബാദിൽ നിന്നും എലിസബത്ത് ഉദയൻ
വ്യാഴാഴ്ച ഉച്ചയോടെ അഹമ്മദാബാദിലെ സർദാർവല്ലഭായ് പട്ടേൽ വിമാനത്താവളത്തിൽ നിന്ന് ലണ്ടനിലേക്ക് പറന്നുയർന്ന എയർ ഇന്ത്യ വിമാനം നിമിഷങ്ങൾക്കകം ജനവാസ മേഖലയിൽ തകർന്നുവീണാണ് ദുരന്തമുണ്ടായത്. മേഘാനി നഗറിലെ ബിജെ മെഡിക്കൽ കോളേജ് ഹോസ്റ്റൽ കെട്ടിടത്തിന്റെ മുകളിലേക്കാണ് വിമാനം തകർന്നുവീണത്. തന്റെ സഹപ്രവർത്തകരിൽ പലരും മരണപ്പെട്ടുവെന്നും, പലർക്കും പരിക്കേറ്റിട്ടുണ്ടെന്നും, ഹോസ്റ്റലിൽ ഉണ്ടായിരുന്ന അമ്പതു പേരെങ്കിലും ദുരന്തത്തിൽ മരിച്ചിട്ടുണ്ടെന്നും എലിസബത്ത് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയാകാറായപ്പോൾ മാസ്സ് കാഷ്വാലിറ്റി ഉണ്ടെന്ന് ആശുപത്രിയിൽ നിന്ന് അറിയിപ്പ് കിട്ടിയെന്നും, എന്നാൽ വിമാനാപകടം നടന്നുവെന്ന് അറിഞ്ഞില്ലെന്നും എലിസബത്ത് പറഞ്ഞു. വിമാനം തകർന്നുവീണ ഹോസ്റ്റൽ കെട്ടിടവും ആശുപത്രിയും തമ്മിൽ ഒരു കിലോമീറ്റർ ദൂരമുണ്ട്. അപകട സമയത്തെ ശബ്ദം കേട്ടിരുന്നില്ല. വിമാനം തകർന്നു വീണത് ഹോസ്റ്റലിലേക്കാണെന്ന് പിന്നീടാണ് അറിഞ്ഞത്. പിന്നീട് പലരെയും കാണാനില്ലെന്ന് അറിഞ്ഞു. മൃതദേഹങ്ങൾ കത്തിക്കരിഞ്ഞ നിലയിലാണ് ഉള്ളത്. ഒരുപാടുപേരെ കാണാനില്ല. ഡിഎൻഎ ടെസ്റ്റ് നടത്തിയാലേ മരിച്ചവരെ തിരിച്ചറിയാൻ സാധിക്കൂവെന്നും എലിസബത്ത് വ്യക്തമാക്കി.