Amala Paul: ‘ആ വലിയ പ്രൊജക്ടിനായുള്ള ഓഡിഷന്‍; ജീവിതത്തിലെടുത്ത ഏറ്റവും മോശം തീരുമാനം’: അമല പോള്‍
Amala Paul About Keto Diet Struggle: ജീവിതത്തിൽ എടുത്തിട്ടുള്ളതിൽ വെച്ച് ഏറ്റവും മോശമായ തീരുമാനത്തെ കുറിച്ച് സംസാരിക്കുകയാണ് അമല പോൾ. ഒരു വലിയ പ്രോജക്ടിനായുള്ള ഓഡിഷന് വേണ്ടി കീറ്റോ ഡയറ്റ് എടുത്തതിനെ കുറിച്ചാണ് അമല പറയുന്നത്.

മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അമല പോൾ. 2009ൽ ലാൽ ജോസ് സംവിധാനം ചെയ്ത ‘നീലത്താമര’ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് ചുവടുവെച്ച അമല പിന്നീട് 2010ൽ ‘മൈന’ എന്ന ചിത്രത്തിലൂടെ തമിഴിലും അരങ്ങേറി. ‘മൈന’യിലെ പ്രകടനത്തിന് അമല പോളിന് മികച്ച നടിക്കുള്ള തമിഴ്‌നാട് സംസ്ഥാന ചലച്ചിത്ര അവാർഡും ലഭിച്ചിരുന്നു. തുടർന്ന്, വിവിധ ഭാഷകളിലായി ഒട്ടേറെ സിനിമകൾ ചെയ്യാൻ നടിക്ക് കഴിഞ്ഞു.
ഇപ്പോഴിതാ, ജീവിതത്തിൽ എടുത്തിട്ടുള്ളതിൽ വെച്ച് ഏറ്റവും മോശമായ തീരുമാനത്തെ കുറിച്ച് സംസാരിക്കുകയാണ് അമല പോൾ. ഒരു വലിയ പ്രോജക്ടിനായുള്ള ഓഡിഷന് വേണ്ടി കീറ്റോ ഡയറ്റ് എടുത്തതിനെ കുറിച്ചാണ് അമല പറയുന്നത്. തന്നെ അത് വളരെ മോശമായി ബാധിച്ചിരുനെന്നും നടി കൂട്ടിച്ചേർത്തു. ജെ.എഫ്.ഡബ്ല്യുവിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അവർ.
“ഇതുവരെ ഞാൻ ജീവിതത്തിൽ എടുത്തിട്ടുള്ളതിൽ വെച്ച് ഏറ്റവും മോശമായ തീരുമാനം ഏതാണെന്ന് ചോദിച്ചാൽ, എനിക്ക് ഒന്നും പെട്ടെന്ന് ഓർമ കിട്ടുന്നില്ല. ഒരുപക്ഷെ കീറ്റോ ഡയറ്റ് എടുത്ത തീരുമാനമായിരിക്കാ. ഞാൻ ഒരിക്കൽ കീറ്റോ ഡയറ്റ് എടുത്തിരുന്നു. അത് ഭയങ്കര മോശമായി എന്നെ ബാധിച്ചിരുന്നു. ആ സമയത്ത് ഒരു വലിയ പ്രോജക്ടിന് വേണ്ടിയുള്ള ഓഡിഷൻ ഉണ്ടായിരുന്നു. അതിനായാണ് കീറ്റോ ഡയറ്റ് എടുത്തത്. ഏറ്റവും മോശമായ തീരുമാനം ഏതെന്ന് ചോദിച്ചപ്പോൾ എനിക്ക് പെട്ടെന്ന് ഓർമ വരുന്നത് അത് മാത്രമാണ്.” അമല പറഞ്ഞു.
ആടുജീവിതത്തിൽ അഭിനയിച്ചതിന്റെ കുറിച്ചും പൃഥ്വിരാജിനെ കുറിച്ചും അഭിമുഖത്തിൽ അമല പോൾ സംസാരിച്ചു. പൃഥ്വിരാജിന് താൻ ഇപ്പോൾ മെസേജ് അയക്കുമ്പോൾ ഇക്ക എന്നാണ് വിളിക്കാറുള്ളതെന്ന് അമല പറയുന്നു. ആടുജീവിതത്തിന്റെ പോസ്റ്റർ കണ്ടാൽ അതിൽ ഉള്ളത് അമല പോളും പൃഥ്വിരാജുമായി തോന്നാറില്ലെന്നും അത് സൈനുവും നജീബുമായാണ് തോന്നുന്നതെന്നും അമല കൂട്ടിച്ചേർത്തു.