AMMA Memory Card Controversy: ‘മെമ്മറി കാര്‍ഡ് KPAC ലളിതയുടെ കൈവശം ഏൽപ്പിച്ചു’; കുക്കു പരമേശ്വരന് ക്ലീന്‍ചിറ്റ്
AMMA Memory Card Controversy Kukku Parameswaran Clean Chit: മെമ്മറി കാർഡ് കുക്കു പരമേശ്വരന്റെ പക്കലുണ്ടെന്നും അത് ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ടെന്നുമായിരുന്നു ഇവർക്കെതിരെ ഉയർന്ന പ്രധാന ആരോപണം
മലയാളി താരസംഘടനയായ ‘അമ്മ’യിലെ ഏറെ നാളത്തെ പുകച്ചിലിന് ആശ്വാസം. ഹേമ കമ്മിറ്റി രൂപീകരിക്കുന്നതിന് മുൻപ് സിനിമാമേഖലയിലെ സ്ത്രീകൾ ഒത്തുചേർന്ന് ദുരനുഭവങ്ങൾ പങ്കുവെച്ചതിന്റെ റെക്കോർഡിംഗുകൾ അടങ്ങിയ മെമ്മറി കാർഡുമായി ബന്ധപ്പെട്ട് ആരോപണ വിധേയയായിരുന്ന കുക്കു പരമേശ്വരന് ക്ലീൻ ചിറ്റ്. മെമ്മറി കാർഡ് കുക്കു പരമേശ്വരന്റെ പക്കലുണ്ടെന്നും അത് ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ടെന്നുമായിരുന്നു ഇവർക്കെതിരെ ഉയർന്ന പ്രധാന ആരോപണം.
എന്നാൽ ആരോപണത്തിനുമേലുണ്ടായ അന്വേഷണത്തിൽ അഞ്ചംഗ സമിതി കുക്കു പരമേശ്വരന് അനുകൂലമായ റിപ്പോർട്ടാണ് സമർപ്പിച്ചത്. സംഭവത്തിൽ കുക്കു പരമേശ്വരൻ ഉൾപ്പടെ 11 പേരുകളുടെ മൊഴികളാണ് രേഖപ്പെടുത്തിയിരുന്നത്. പണ്ട് കെ.പി.എ.സി ലളിതയെ താൻ പ്രസ്തുത മെമ്മറികാർഡ് ഏൽപ്പിച്ചിരുന്നുവെന്നാണ് കുക്കു പരമേശ്വരന്റെ വാദം.
പിന്നീട് അതിന് എന്ത് സംഭവിച്ചു എന്ന് അറിയില്ലെന്നും ഇവർ പറയുന്നു. മറ്റ് സാക്ഷിമൊഴികളും മിനിറ്റ്സിലെ രേഖകളും പരിശോധിച്ച ശേഷം ഈ വാദം സമിതി അംഗീകരിക്കുകയായിരുന്നു. നിലവിൽ അത്തരമൊരു മെമ്മറി കാർഡ് ആരുടെയും പക്കലുള്ളതായി കണ്ടെത്താൻ സാധിച്ചിട്ടില്ല എന്നാണ് സംഘടനയുടെ അന്വേഷണത്തിലൂടെ പറയുന്നത്. അന്വേഷണ റിപ്പോർട്ട് എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ അവതരിപ്പിച്ച ശേഷം അമ്മ പ്രസിഡന്റ് ശ്വേതാ മേനോൻ മാധ്യമങ്ങളെ കണ്ട് ഇക്കാര്യങ്ങൾ വ്യക്തമാക്കുകയും ചെയ്തു.
അതിൽ പങ്കെടുത്തവർ തന്നെ മെമ്മറി കാർഡിൽ ഉൾപ്പെട്ടിരിക്കുന്ന വിവരങ്ങൾ മറ്റുള്ളവരോട് സംസാരിച്ചിരിക്കാം എന്ന നിഗമനത്തിലാണ് സമിതി എത്തിയത്. അല്ലാതെ വിവരങ്ങൾ ആരും ചോർത്തിയതാകാൻ വഴിയില്ലെന്ന് ശ്വേതാ പറഞ്ഞു. സംഘടനയുടെ തലത്തിലുള്ള അന്വേഷണമാണ് ഇപ്പോൾ പൂർത്തിയായിരിക്കുന്നത്. ഈ റിപ്പോർട്ടിൽ തൃപ്തരല്ലാത്ത പരാതിക്കാർക്ക് കോടതിയെ സമീപിക്കാനോ നിയമനടപടികളുമായി മുന്നോട്ട് പോകാനോ പൂർണ്ണ സ്വാതന്ത്ര്യമുണ്ടെന്നും സമിതി വ്യക്തമാക്കി.