Actors Remuneration Dispute: ‘അഞ്ച് ലക്ഷത്തിന് മുകളിൽ പ്രതിഫലം വാങ്ങുന്ന അഭിനേതാക്കൾക്ക് മൂന്ന് ഘട്ടമായി നൽകും’; ജനറൽ ബോഡി കഴിയട്ടേ എന്ന് ‘അമ്മ’
Amma Responds to the Actors Remuneration Dispute: 'അമ്മ' സംഘടനയിലെ അംഗംങ്ങളായ ഭൂരിഭാഗം പേരും അഞ്ച് ലക്ഷത്തിന് മുകളിൽ പ്രതിഫലം വാങ്ങുന്നവരായതിനാൽ ഇക്കാര്യത്തിൽ കമ്മിറ്റിക്ക് ഒരു തീരുമാനം പറയാൻ കഴിയില്ലെന്നും ലിസ്റ്റിൻ വ്യക്തമാക്കി.

ലിസ്റ്റിൻ സ്റ്റീഫൻ
കൊച്ചി: പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യ്ക്ക് അയച്ച കത്തിന്റെ വിശദാംശങ്ങൾ പുറത്തു വിട്ട് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ ട്രഷറർ ലിസ്റ്റിൻ സ്റ്റീഫൻ. അഞ്ച് ലക്ഷത്തിന് മുകളിൽ പ്രതിഫലം വാങ്ങുന്ന അഭിനേതാക്കളുടെ പ്രതിഫലവുമായി സംബന്ധിച്ച വിഷയത്തിലാണ് സംഘടനയ്ക്ക് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ കത്തയച്ചിരുന്നത്. എന്നാൽ, വിഷയത്തിൽ ജനറൽ ബോഡി മീറ്റിങ് കൂടിയതിന് ശേഷം മാത്രമേ മറുപടി നൽകാൻ കഴിയൂ എന്നാണ് അമ്മ സംഘടന നൽകിയ മറുപടി.
അഞ്ച് ലക്ഷം രൂപയ്ക്ക് മുകളിൽ പ്രതിഫലം വാങ്ങുന്ന അഭിനേതാക്കൾക്ക് മൂന്ന് ഘട്ടമായി പ്രതിഫലം നൽകുന്നതിനെ കുറിച്ചാണ് കത്തിൽ പരാമർശിച്ചിരിക്കുന്നത്. ഷൂട്ടിങ് സമയത്ത് 30 ശതമാനം തുകയും, ഡബ്ബിങ് സമയത്ത് 30 ശതമാനവും ബാക്കി 40 ശതമാനം റിലീസിനോടനുബന്ധിച്ചും നൽകാം എന്നതാണ് പ്രൊഡ്യൂസഴ്സ് അസോസിയേഷൻ മുന്നോട്ട് വെക്കുന്ന നിർദേശം. ഡബ്ബിങ് പൂർത്തിയാകുന്നതോടെ അഭിനേതാക്കൾക്ക് സിനിമയ്ക്ക് മേൽ ഒരു ഹോൾഡ് ഇല്ലാതെ വരാം. ആ സാഹചര്യത്തിൽ നിർമാതാക്കൾ തുക നൽകാതിരിക്കാനും സാധ്യതയുണ്ട്. എന്നാൽ, ഇതൊഴിവാക്കാൻ ബാക്കി വരുന്ന തുകയുടെ ഉത്തരവാദിത്വം സംഘടന ഏറ്റെടുക്കുമെന്നും, പ്രൊഡ്യൂസഴ്സ് അസോസിയേഷൻ എൻഒസി നൽകിയാൽ മാത്രമേ സിനിമ സെൻസർ ചെയ്യാൻ കഴിയൂ എന്നും ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞു.
എന്നാൽ, ‘അമ്മ’ സംഘടനയിലെ അംഗംങ്ങളായ ഭൂരിഭാഗം പേരും അഞ്ച് ലക്ഷത്തിന് മുകളിൽ പ്രതിഫലം വാങ്ങുന്നവരായതിനാൽ ഇക്കാര്യത്തിൽ കമ്മിറ്റിക്ക് ഒരു തീരുമാനം പറയാൻ കഴിയില്ലെന്നും ലിസ്റ്റിൻ വ്യക്തമാക്കി. ഒരു ജനറൽ ബോഡി മീറ്റിങ് കൂടിയതിന് ശേഷം മറുപടി നൽകാമെന്നാണ് അവർ പറഞ്ഞതെന്നും, എന്നാൽ അതുവരെ കാത്തിരിക്കാൻ ഞങ്ങൾക്ക് കഴിയില്ലെന്നും ലിസ്റ്റിൻ പറയുന്നു. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ അമ്മ സംഘടനയുമായി നല്ല ബന്ധത്തിലാണ് പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, മലയാള സിനിമ തകർച്ചയുടെ വക്കിലാണെന്ന് ആരോപിച്ചുകൊണ്ടാണ് ആദ്യം ജി സുരേഷ് കുമാർ രംഗത്തെത്തിയത്. താരങ്ങൾ പ്രതിഫലമായി വാങ്ങുന്നത് മലയാള സിനിമയ്ക്ക് താങ്ങാവുന്നതിലും വലിയ തുകയാണെന്നും അദ്ദേഹം ആരോപിച്ചു. എന്നാൽ, സിനിമാ സമരം പ്രഖ്യാപിക്കാൻ സുരേഷ് കുമാർ ആരാണെന്നും വിഷയത്തിൽ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ തീരുമാനം എടുത്തിട്ടില്ലെന്നും ചൂണ്ടിക്കാട്ടി ആന്റണി പെരുമ്പാവൂർ ഫേസ്ബുക്കിൽ പോസ്റ്റ് പങ്കുവെച്ചു. ഇതിനെ പിന്തുണച്ച് പൃഥ്വിരാജ്, ഉണ്ണി മുകുന്ദൻ, ടൊവിനോ തോമസ്, മോഹൻലാൽ ഉൾപ്പടെയുള്ളവർ രംഗത്ത് വന്നിരുന്നു. അതിനിടെ സുരേഷ് കുമാറിന് പിന്തുണയുമായി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും രംഗത്തെത്തി.