Amrutha Suresh: ‘സ്വന്തം അനിയത്തികുട്ടിയെ പോലെ’; വീട്ടിലെ ജോലിക്കാരിയുടെ പിറന്നാൾ ആഘോഷമാക്കി അമൃത സുരേഷ്, കയ്യടിച്ച് സോഷ്യൽ മീഡിയ
Amrutha Suresh's House Helper Birthday Party: കേക്കും, സദ്യയുമൊരുക്കിയാണ് രസികയെ അമൃതയും കുടുംബവും ചേർന്ന് സർപ്രൈസ് ചെയ്തത്. ഇതിനായി മുറി അലങ്കരിക്കുന്നതും മറ്റ് സാധനങ്ങൾ ഒരുക്കുന്നതുമെല്ലാം വീഡിയോയിൽ കാണാം.

അമൃത സുരേഷും കുടുംബവും രസികയ്‌ക്കൊപ്പം
മലയാളികൾക്ക് ഏറെ സുപരിചിതയാണ് ഗായിക അമൃത സുരേഷും സഹോദരി അഭിരാമി സുരേഷും. യൂട്യുബിലും സജീവമായ ഇവരുടെ ഏറ്റവും പുതിയ വ്ലോഗ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. കഴിഞ്ഞ ദിവസം, വീട്ടിൽ ജോലിക്ക് നിൽക്കുന്ന രസികയുടെ ജന്മദിനത്തിൽ സർപ്രൈസ് ആഘോഷമൊരുക്കിയതിന്റെ വീഡിയോ ഇവർ പങ്കുവെച്ചിരുന്നു. ഇതോടെ, താരത്തെയും കുടുംബത്തെയും അഭിനന്ദിച്ചുകൊണ്ട് നിരവധി പേരാണ് രംഗത്തെത്തുന്നത്.
കേക്കും, സദ്യയുമൊരുക്കിയാണ് രസികയെ അമൃതയും കുടുംബവും ചേർന്ന് സർപ്രൈസ് ചെയ്തത്. ഇതിനായി മുറി അലങ്കരിക്കുന്നതും മറ്റ് സാധനങ്ങൾ ഒരുക്കുന്നതുമെല്ലാം വീഡിയോയിൽ കാണാം. അമൃതയുടെ അമ്മയ്‌ക്കൊപ്പമാണ് രസിക ഫ്ലാറ്റിൽ എത്തുന്നത്. വാതിൽ തുറന്നതും യുവതി കേൾക്കുന്നത് അമൃതയും അഭിരാമിയും ചേർന്ന് ‘ഹാപ്പി ബർത്ത്ഡേ…’ പാടുന്നതാണ്.
സന്തോഷം കൊണ്ട് പുഞ്ചിരി അടക്കാൻ കഴിയാത്ത രസികയെ കണ്ട പ്രേക്ഷകരും കമന്റ് ബോക്സിലൂടെ സന്തോഷം പ്രകടിപ്പിച്ചു. തുടർന്ന് കേക്ക് മുറിക്കുന്നതും പരസ്പരം അത് പങ്കുവെക്കുന്നതും ശേഷം ഒന്നിച്ചിരുന്ന് സദ്യ കഴിക്കുന്നതുമാണ് വീഡിയോയിൽ ഉള്ളത്. പിറന്നാൾ സമ്മാനമായി അമൃതയും അഭിരാമിയും ചേർന്ന് രസികയ്ക്ക് ഡ്രസ്സും സമ്മാനിക്കുന്നുണ്ട്. ഇത് രസിക ധരിച്ചു നോക്കുന്നതും വീഡിയോയിൽ ഉൾപ്പെടുന്നു.’
അമൃത പങ്കുവെച്ച വീഡിയോ:
ALSO READ: ഫൈവ് സ്റ്റാർ ഹോട്ടൽ പോലെ സൗകര്യം; ദിയയുടെ ലേബർ സ്യൂട്ട് റൂമിന്റെ വാടക വെളിപ്പെടുത്തി സിന്ധു കൃഷ്ണ
അതേസമയം, നന്മമരം കളിക്കാനാണ് എന്ന് പറഞ്ഞുകൊണ്ട് വീഡിയോയ്ക്ക് താഴെ പലരും വരുമായിരിക്കും, എന്നാൽ, ഇതുകണ്ട് പ്രചോദനം ഉൾകൊണ്ട് ആരെങ്കിലും ഇത് ആവർത്തിക്കട്ടെ എന്നുള്ള നല്ല ഉദ്ദേശം കൊണ്ടാണ് വീഡിയോ പങ്കുവയ്ക്കുന്നതെന്ന് വീഡിയോയുടെ തുടക്കത്തിൽ തന്നെ അമൃതയും അഭിരാമിയും പറയുന്നുണ്ട്.
എന്നാൽ, അവരുടെ പ്രതീക്ഷയ്ക്ക് വിപരീതമായി വീഡിയോ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. ഈ പ്രവർത്തിയെ പ്രശംസിച്ചു കൊണ്ടും ഇവർക്ക് നന്മകൾ നേർന്നുകൊണ്ടും നിരവധി പേരാണ് കമന്റ്ബോക്സിൽ എത്തിയത്. ‘ഒത്തിരി സന്തോഷം തോന്നുന്നു’, ‘ഈ വ്ലോഗ് ഒരുപാടു ഇഷ്ടപ്പെട്ടു’, ‘ദൈവം അനുഗ്രഹിക്കട്ടെ’, ‘സന്തോഷം കണ്ട് കണ്ണുനിറഞ്ഞു’ തുടങ്ങിയ കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വരുന്നത്.