Ansiba Hassan: ‘ദൃശ്യം വരുമ്പോൾ മാത്രം കാണുന്ന നായിക’; ട്രോളുകളിൽ പ്രതികരിച്ച് നടി അൻസിബ ഹസ്സൻ
Ansiba Hassan Responds to Trolls: 'ദൃശ്യം' വരുമ്പോൾ മാത്രം പ്രശസ്തയാകുന്ന നടിയെന്ന തരത്തിലുള്ള ട്രോളുകൾ തനിക്കെതിരെ വരാറുണ്ടെന്നും അതിൽ വിഷമമില്ലെന്നും നടി പറയുന്നു.
സിനിമാപ്രേമികൾ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് ‘ദൃശ്യം 3’. ചിത്രത്തിന്റെ ആദ്യ രണ്ട് ഭാഗങ്ങൾക്കും പ്രേക്ഷകരിൽ നിന്ന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ചിത്രത്തിന്റെ മൂന്നാം ഭാഗം പ്രഖ്യാപിച്ചത് മുതൽ അതിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ഇപ്പോഴിതാ ദൃശ്യത്തിന്റെ മൂന്നാം ഭാഗത്തെ കുറിച്ചും താൻ നേരിട്ട ട്രോളുകളെ കുറിച്ചും സംസാരിക്കുകയാണ് നടി അൻസിബ ഹസ്സൻ.
‘ദൃശ്യം 3’യുടെ ചിത്രീകരണം അടുത്ത മാസം ആരംഭിക്കുമെന്ന് അൻസിബ പറഞ്ഞു. ‘ദൃശ്യം’ വരുമ്പോൾ മാത്രം പ്രശസ്തയാകുന്ന നടിയെന്ന തരത്തിലുള്ള ട്രോളുകൾ തനിക്കെതിരെ വരാറുണ്ടെന്നും അതിൽ വിഷമമില്ലെന്നും നടി പറയുന്നു. ഏതെങ്കിലുമൊരു സിനിമ ചെയ്തല്ലേ താൻ പ്രശസ്തയായതെന്നും, ‘ദൃശ്യം’ എന്ന ബ്രാൻഡ് ചിത്രമാണ് ചെയ്തിരിക്കുന്നതെന്നും അൻസിബ കൂട്ടിച്ചേർത്തു. ക്യൂ സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.
‘ദൃശ്യം 3’യുടെ ഷൂട്ടിങ് അടുത്ത മാസം ആരംഭിക്കുമെന്നും ഡേറ്റും കാര്യങ്ങളുമെല്ലാം ലഭിച്ചു കഴിഞ്ഞുവെന്നും അൻസിബ പറഞ്ഞു. ആ സിനിമ ആരംഭിക്കുന്നതിൽ സന്തോഷം ഉണ്ട്. തന്നെ കളിയാക്കി കൊണ്ടുള്ള ചില ട്രോളുകൾ കാണാറുണ്ട്. ‘ദൃശ്യം’ വരുമ്പോൾ മാത്രം വരുന്ന നായിക എന്നെല്ലാം പറയാറുണ്ട്. ആളുകൾ തനിക്ക് അത്തരം ട്രോളുകൾ അയച്ചുതരാറുണ്ടെന്നും അൻസിബ പറയുന്നു.
ALSO READ: ‘ആ സീനിൽ അഭിനയിച്ചവരിൽ ഇന്ന് ഞാൻ മാത്രമേയുള്ളൂ, കാണുമ്പോൾ സങ്കടം വരും’
ആളുകൾ ഏറ്റവും അധികം കണ്ട തന്റെ ചിത്രം ദൃശ്യമാണ്. വേറെയും നിരവധി സിനിമകൾ ചെയ്തിട്ടുണ്ടെങ്കിലും അവർ അത് കണ്ടിട്ടില്ല. ഇതിൽ ആരെയും കുറ്റം പറയാൻ കഴിയില്ലെന്നും അൻസിബ പറയുന്നു. എന്നാൽ, തന്നെ അവർ അങ്ങനെ ഓർക്കുന്നതിൽ സന്തോഷമുണ്ട്. ‘കെജിഎഫ്’ എന്ന സിനിമയിൽ യാഷ് പറയുന്നൊരു ഡയലോഡ് ഉണ്ട്, ‘ആരെയെങ്കിലും പത്ത് പേരെ തല്ലി ഡോൺ ആയതല്ല ഞാൻ, ഞാൻ തല്ലിയ പത്ത് പേരും ഡോൺ ആയിരുന്നു’ എന്നത്. അതുപോലെ ഏതെങ്കിലും ഒരു സിനിമ ചെയ്ത് പ്രശസ്തയായ ആളല്ല താൻ. തൻ ചെയ്ത സിനിമ ‘ദൃശ്യം’ എന്നൊരു ബ്രാൻഡ് ആയിരുന്നുവെന്ന് പറയുന്നതിൽ അഭിമാനം ഉണ്ടെന്നും അൻസിബ ഹസ്സൻ കൂട്ടിച്ചേർത്തു.