Prithviraj: എമ്പുരാൻ്റെ ബജറ്റിനെ കുറിച്ച് സംസാരിച്ചത് എന്തിനാണെന്ന് ആൻ്റണി പെരുമ്പാവൂർ; ‘എല്ലാം ഓക്കെ അല്ലേ അണ്ണാ’ എന്ന് പൃഥ്വിരാജ്
Prithviraj Supports Antony Perumbavur: സുരേഷ് കുമാറിന്‍റെ അഭിപ്രായങ്ങളോട് നിര്‍മ്മാതാക്കളുടെ സംഘടനയില്‍ ഭിന്നതയുണ്ടെന്ന് സൂചിപ്പിച്ചു കൊണ്ടായിരുന്നു ആന്‍റണിയുടെ പോസ്റ്റ്.

നിര്‍മ്മാതാവ് ജി സുരേഷ് കുമാറിനെ വിമര്‍ശിച്ച ആന്‍റണി പെരുമ്പാവൂരിന് പിന്തുണയുമായി നടൻ പൃഥ്വിരാജ് സുകുമാരന്‍. ഫേസ്ബുക്കില്‍ ആന്‍റണി പെരുമ്പാവൂർ എഴുതിയ പോസ്റ്റ് പൃഥ്വിരാജ് ഷെയര്‍ ചെയ്തിട്ടുണ്ട്. പോസ്റ്റിനൊപ്പം ‘എല്ലാം ഓക്കെ അല്ലേ അണ്ണാ’ എന്നാണ് താരം കുറിച്ചിരിക്കുന്നത്. സുരേഷ് കുമാറിന്‍റെ അഭിപ്രായങ്ങളോട് നിര്‍മ്മാതാക്കളുടെ സംഘടനയില്‍ ഭിന്നതയുണ്ടെന്ന് സൂചിപ്പിച്ചു കൊണ്ടായിരുന്നു ആന്‍റണിയുടെ പോസ്റ്റ്. കൂടാതെ, എമ്പുരാന്‍റെ നിർമാണ ചെലവ് 141 കോടി രൂപയാണെന്ന് സുരേഷ് കുമാര്‍ പറഞ്ഞതിനെയും ആന്‍റണി വിമര്‍ശിച്ചിരുന്നു.
പൃഥ്വിരാജ് ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റ്:
ALSO READ: ‘ഒരു രൂപ വാങ്ങാതെയാണ് മോഹൻലാൽ സാർ കണ്ണപ്പ ചെയ്തത്; കാരണം ഇത്’; വെളിപ്പെടുത്തി വിഷ്ണു മഞ്ചു
‘ഇത്രയും കാര്യങ്ങളാണ് സംഘടനപരമായിട്ടുള്ളത്. ഇനി വ്യക്തിപരമായ ചിലതു കൂടി’ എന്ന് പറഞ്ഞുകൊണ്ടാണ് ആന്റണി പെരുമ്പാവൂർ എമ്പുരാനെ കുറിച്ച് ജി സുരേഷ് കുമാർ പറഞ്ഞതിനെതിരെ പ്രതികരിച്ചത്. ആശിര്‍വാദ് സിനിമാസിന്റെ എമ്പുരാൻ എന്ന സിനിമയുടെ ബജറ്റിനെ കുറിച്ച് പൊതുസമക്ഷം അദ്ദേഹം സംസാരിച്ചതിന്റെ ഔചിത്യബോധമെന്തെന്ന് എത്ര ആലോചിച്ചിട്ടും തനിക്ക് മനസിലാകുന്നില്ലെന്ന് ആന്റണി പറയുന്നു. പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പൂര്‍ത്തിയാവാത്തൊരു ചിത്രത്തിന്റെ നിർമാണ ചെലവിനെ പറ്റി പൊതുവേദിയിൽ പരസ്യമായി ചർച്ച ചെയ്തത് എന്തിനാണ്? തന്റെ സിനിമകളുടെ ബജറ്റിനെപ്പറ്റിയോ കളക്ഷനെപ്പറ്റിയോ ബിസിനസിനെപ്പറ്റിയോ ഒരിക്കലും താൻ പരസ്യമായി സംസാരിച്ചിട്ടില്ല. അതുകൊണ്ട് തന്നെ എന്ത് ആവേശത്തിലും വികാരത്തിലുമാണ് അദ്ദേഹം ഇങ്ങനെ പബ്ലിക് ആയി സംസാരിച്ചതെന്നും, ഇതൊക്കെ വ്യവസായത്തെ നന്നാക്കാനാണോ അതോ പ്രതികൂലമായി ബാധിക്കാൻ ആണോ ഇക്കാര്യങ്ങൾ പറഞ്ഞതെന്ന് തിരിച്ചറിയാൻ കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
വൻ ബജറ്റിൽ നിർമിച്ച കെ ജി എഫ് പോലൊരു സിനിമ ആഗോളതലത്തിൽ വലിയ വിജയം കൈവരിച്ചതോടെ കന്നഡ ഭാഷാ സിനിമയ്ക്ക് തന്നെ അഖിലേന്ത്യാതലത്തില്‍ കൈവന്ന പ്രാമാണ്യത്തെപ്പറ്റി നമുക്കെല്ലാം അറിയാം. അത്തരത്തിലൊരു വിജയം നേടാൻ ഇന്നേവരെ ഒരു മലയാള ചിത്രത്തിനും സാധിച്ചിട്ടില്ല. അത്തരത്തിലൊരു ബഹുഭാഷാ വിജയം സ്വപ്‌നം കണ്ടുകൊണ്ടാണ് ആശിര്‍വാദിന്റെ പരിശ്രമം എന്നതിൽ അഭിമാനിക്കുന്ന ആളാണ് താനെന്നും ആന്റണി പെരുമ്പാവൂർ കൂട്ടിച്ചേർത്തു. ഈ ലക്ഷ്യത്തിന് വേണ്ടി കഴിഞ്ഞ രണ്ട് വർഷമായി അര്‍പണബോധത്തോടെ പ്രവര്‍ത്തിക്കുകയാണ് അതിന്റെ സംവിധായകൻ ഉൾപ്പടെയുള്ള പിന്നണിപ്രവര്‍ത്തകര്‍. മോഹൻലാലിനെ പോലൊരു മഹാനടനുമായും, ലൈക പോലൊരു വലിയ നിർമ്മാണ കമ്പനിയുമായി സഹകരിച്ചാണ് ഞങ്ങൾ ഈ സ്വപ്നം മുന്നോട്ട് കൊണ്ടുപോകുന്നത് എന്നും ആന്റണി പെരുമ്പാവൂർ പറഞ്ഞു.