Anupam Kher: വഴിതെറ്റി ഇടുങ്ങിയ സ്ഥലത്ത് കുടുങ്ങി; ഒടുവിൽ പ്രഭാസിന്റെ സെറ്റിലെത്താൻ മതിൽ ചാടി അനുപം ഖേർ, വീഡിയോ വൈറൽ
Anupam Kher Viral Video: അനുപം സഞ്ചരിച്ച ഒരു കാർ കാടിനിടയിൽ കുടുങ്ങിപോകുന്നതും, അദ്ദേഹം പ്രഭാസിന്റെ ഏറ്റവും പുതിയ സിനിമയുടെ സെറ്റിലേക്ക് സാഹസികമായി കയറി പോകുന്നതുമാണ് വീഡിയോ.

ബോളിവുഡ് നടനും സംവിധായകനുമായ അനുപം ഖേർ അടുത്തിടെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു റീലാണ് ഇപ്പോൾ വൈറലാകുന്നത്. അനുപം സഞ്ചരിച്ച ഒരു കാർ കാടിനിടയിൽ കുടുങ്ങിപോകുന്നതും, പ്രഭാസിന്റെ ഏറ്റവും പുതിയ സിനിമയുടെ സെറ്റിലേക്ക് അദ്ദേഹം സാഹസികമായി കയറി പോകുന്നതുമാണ് വീഡിയോ.
അനുപം ഖേറിന്റെ ഡ്രൈവർക്ക് വഴിതെറ്റിയതാണ് സംഭവം. ഇടതൂർന്ന വനപ്രദേശത്തിന്റെ മധ്യത്തിലാണ് ഇവർ ചെന്ന് കുടുങ്ങിയത്. ഇടുങ്ങിയ റോഡ് ആയതുകൊണ്ട് തന്നെ കാർ റിവേഴ്‌സ് എടുക്കാനും കഴിഞ്ഞില്ല. എന്നാൽ, അനുപം ഖേറിന് എത്തേണ്ടിയിരുന്ന പ്രഭാസിന്റെ ഷൂട്ടിംഗ് സെറ്റ് ഒരു മതിൽ അപ്പുറമാണ്. നിവർത്തിയില്ലാതെ വന്നതോടെ മതിൽ ചാടിയാണ് അദ്ദേഹം സെറ്റിൽ എത്തിയത്. ഇതിന്റെ വീഡിയോ ആണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
“എന്റെ 40 വർഷത്തെ സിനിമാ ജീവിതത്തിനിടയിൽ ഞാൻ എന്റെ ഷൂട്ടിംഗ് ലൊക്കേഷനുകളിലേക്ക് പല വഴികളിലൂടെയും പ്രവേശിച്ചിട്ടുണ്ട്! എന്നാൽ ഇന്നത്തേത് പ്രത്യേകത നിറഞ്ഞത് മാത്രമല്ല വളരെ ഹാസ്യാത്മകവുമായിരുന്നു. പ്രഭാസ് നായകനാകുന്ന പേരിടാത്ത ചിത്രത്തിന്റെ ഷൂട്ടിംഗ് ഹൈദരാബാദിൽ നടക്കുമ്പോൾ, എന്റെ ഡ്രൈവർ ഒരു സാഹസികത കാണിക്കാൻ തീരുമാനിച്ചു. വൈകാതെ ഞങ്ങൾ ഒരു കാട്ടിലെ ഇടുങ്ങിയ പ്രദേശത്ത് കുടുങ്ങി. കാർ തിരിച്ചെടുക്കാൻ കഴിഞ്ഞില്ല! അടുത്തതായി എന്താണ് സംഭവിച്ചതെന്ന് ഇവിടെ കാണുക.” എന്ന അടികുറിപ്പോടു കൂടിയാണ് അനുപം ഖേർ വീഡിയോ പങ്കുവെച്ചത്.
അനുപം ഖേർ പങ്കുവെച്ച വീഡിയോ:
View this post on Instagram
അതേസമയം, പ്രഭാസിന്റെ ഏറ്റവും പുതിയ ചിത്രം സംവിധാനം ചെയ്യുന്നത് ഹനു രാഘവപുടിയാണ്. പ്രഭാസിനൊപ്പം അനുപം ഖേറും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. തെലുങ്കിലെ പ്രശസ്ത ബാനറായ മൈത്രി മൂവി മേക്കേഴ്‌സാണ് ചിത്രം നിർമ്മിക്കുന്നത്. 1940-കളുടെ പശ്ചാത്തലത്തിൽ ഒരു യോദ്ധാവിന്റെ കഥ പറയുന്ന ഈ ചിത്രം ബിഗ് ബജറ്റിലാണ് ഒരുക്കുന്നത്. ഹിസ്റ്റോറിക്കൽ ഫിക്ഷൻ വിഭാഗത്തിൽ പെടുന്നൊരു ചിത്രമാണിത്.