Anusree: ’34 വയസിൽ മറ്റൊരു വീട്ടിലേക്ക് പോകാൻ വയ്യ, ഇങ്ങോട്ടേക്ക് വരുന്ന ആരെയെങ്കിലും നോക്കാം’; അനുശ്രീ
Actress Anusree on Marriage: മുപ്പതുകളിലേക്ക് കടന്നിട്ടും ഇന്നും വിവാഹം ചെയ്യാത്തതെന്തെന്ന ചോദ്യം അനുശ്രീ സ്ഥിരമായി കേൾക്കാറുണ്ട്. ഇപ്പോഴിതാ, ഭാവി ഭർത്താവിനെക്കുറിച്ചുള്ള സങ്കൽപ്പങ്ങൾ പങ്കവെച്ചിരിക്കുകയാണ് താരം.
‘ഡയമണ്ട് നെക്ലേസ്’ എന്ന സിനിമയിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന നടിയാണ് അനുശ്രീ. നാട്ടിൻപുറത്തുകാരിയുടെ വേഷത്തിൽ എത്തിയ നടിയുടെ ആദ്യ സിനിമ തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടു. പിന്നീട് മികച്ച പല സിനിമകളുടെയും ഭാഗമാകാൻ അനുശ്രീക്ക് കഴിഞ്ഞു. മുപ്പതുകളിലേക്ക് കടന്നിട്ടും ഇന്നും വിവാഹം ചെയ്യാത്തതെന്തെന്ന ചോദ്യം നടി സ്ഥിരമായി കേൾക്കാറുണ്ട്. ഇപ്പോഴിതാ, ഭാവി ഭർത്താവിനെക്കുറിച്ചുള്ള സങ്കൽപ്പങ്ങൾ പങ്കവെച്ചിരിക്കുകയാണ് താരം. ജിഞ്ചർ മീഡിയ എന്റർടെയിൻമെന്റ്സിനോട് സംസാരിക്കുകയായിരുന്നു അനുശ്രീ.
തനിക്ക് സിനിമയിൽ അഭിനയിക്കാനാണ് ഏറ്റവും കൂടുതൽ ഇഷ്ടമെന്നും ആരോഗ്യമുള്ളിടത്തോളം കാലം അതിന് നിയന്ത്രണം വെക്കാതെ അഭിനയിക്കാൻ വിടുന്ന ഒരാളായിരിക്കണം തന്റെ ഭാവി വരനെന്നും അനുശ്രീ പറയുന്നു. 23 വയസിൽ കല്യാണം കഴിക്കുമ്പോൾ ഇനി മറ്റൊരു വീട്ടിൽ ജീവിക്കാം എന്ന ചിന്തയൊക്കെ വരും. എന്നാൽ, അതും കഴിഞ്ഞ് പത്ത് വർഷം കൂടി ഇപ്പുറത്തേക്ക് വന്നിരിക്കുന്നു. ഇപ്പോൾ 34 വയസ്സായി. ഇത്രയും വയസ് വരെ ഇവിടെ താമസിച്ചിട്ട് ഇനി വേറൊരു വീട്ടിലേക്ക് പോകാൻ വയ്യെന്നും, ഇങ്ങോട്ടേക്ക് വരുന്ന ആരെയെങ്കിലും നമുക്ക് നോക്കാമെന്നും അനുശ്രീ പറഞ്ഞു.
വേറെ വീട് വെക്കണം എന്നൊക്കെയുള്ള ചെക്കന്മാരുണ്ടാകില്ലേ. അവരെ വേറെ വീട് വയ്‌ക്കേണ്ടെന്ന് പറഞ്ഞ് തന്റെ വീട്ടിലേക്ക് കൊണ്ടുവരാം. അങ്ങനെ ഉള്ള ആരെങ്കിലുമുണ്ടോ എന്ന് നോക്കട്ടെയെന്ന് താൻ വീട്ടുകാരോട് പറയാറുണ്ടെന്നും, അങ്ങനെ ഒരു മാറ്റമെങ്കിലും ഉണ്ടായതിൽ സന്തോഷമുണ്ടെന്ന് അമ്മയും ചേട്ടനും പറയാറുണ്ടെന്നും അനുശ്രീ കൂട്ടിച്ചേർത്തു. തന്റെ വീട്ടിലേക്ക് വന്ന് താമസിക്കാൻ ആഗ്രഹിക്കുന്നവരിൽ നിന്ന് ആലോചന ക്ഷണിക്കുന്നുവെന്ന് മാട്രിമോണിയലിൽ പരസ്യം കൊടുക്കുമെന്നും നടി പറഞ്ഞു.
സിനിമയിലേക്ക് വന്നതിന് പിന്നാലെ ആദ്യ കാലങ്ങളിൽ കേൾക്കേണ്ടി വന്ന കുറ്റപ്പെടുത്തലുകളെ കുറിച്ചും അഭിമുഖത്തിൽ അനുശ്രീ സംസാരിക്കുന്നുണ്ട്. താൻ സിനിമയിലേക്ക് വന്ന സമയത്ത് വളരെ വിഷമം തോന്നുന്ന കാര്യങ്ങൾ കേൾക്കുമ്പോൾ ആരുടെ അടുത്താണ് പറയേണ്ടതെന്ന് അറിയില്ലായിരുന്നുവെന്ന് അനുശ്രീ പറയുന്നു. പറയാൻ ആകെയുള്ളയാൾ ലാൽ ജോസ് സാറായിരുന്നു. അദ്ദേഹത്തെ വിളിച്ച് കരയുമ്പോൾ, നിന്നെ കുറ്റം പറയുന്നവർ നാളെ നിന്റെ ബന്ധുക്കളാണ് എന്ന് പറയുന്ന കാലം വരുമെന്ന് അദ്ദേഹം പറയാറുണ്ടെന്നും അത് സത്യമാണെന്നും നടി കൂട്ടിച്ചേർത്തു. ഷൂട്ടിന് പോയി തിരിച്ചുവരുമ്പോൾ നാട്ടുകാരുടെ ഓരോ കഥകൾ കേട്ട് അച്ഛൻ വരെ കരഞ്ഞിട്ടുണ്ടെന്നും അനുശ്രീ പറഞ്ഞു.