Askar Ali: ‘പേര് മാറ്റാതെ സർട്ടിഫിക്കറ്റ് തരില്ലെന്നാണെങ്കിൽ സെൻസർ ബോർഡ് അടച്ചുപൂട്ടി പോകണം’; അസ്കർ അലി
Askar Ali on JSK vs Censor board issue: ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരളയാണ് അസ്കറിന്റേതായി റിലീസിന് ഒരുങ്ങുന്ന ചിത്രം. ഇപ്പോഴിതാ, സിനിമയുടെ പേരുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരിക്കുകായണ് താരം. കൗമുദി മൂവീസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സുരേഷ് ഗോപി പ്രധാന കഥാപാത്രമാകുന്ന ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള റിലീസിന് മുമ്പ് തന്നെ വാർത്തകളിൽ നിറഞ്ഞിരിക്കുകയാണ്. ചിത്രത്തിൽ ജാനകി എന്ന പേര് മാറ്റാതെ സർട്ടിഫിക്കറ്റ് നൽകില്ലെന്ന നിലപാടിലാണ് സെൻസർ ബോർഡ്.
ഹണി ബീ 2.5 എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ താരമാണ് ആസിഫ് അലിയുടെ സഹോദരൻ കൂടിയായ അസ്കർ അലി. എട്ട് വർഷത്തെ കരിയറിൽ വളരെ കുറച്ച് സിനിമകളിൽ മാത്രമേ അസ്കർ അലി അഭിനയിച്ചിട്ടുള്ളൂ. ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരളയാണ് അസ്കറിന്റേതായി റിലീസിന് ഒരുങ്ങുന്ന ചിത്രം. ഇപ്പോഴിതാ, സിനിമയുടെ പേരുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരിക്കുകായണ് താരം. കൗമുദി മൂവീസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘സിനിമക്ക് സെൻസർ സർട്ടിഫിക്കറ്റ് കിട്ടണമെങ്കിൽ പേര് മാറ്റണമെന്ന വാർത്ത ആദ്യം കണ്ടപ്പോൾ വിശ്വസിച്ചില്ല. കോമഡിയായിട്ടാണ് ആദ്യം എനിക്ക് തോന്നിയത്. ഇതിന് മുമ്പ് ഇത്തരത്തിലുള്ള കാര്യം കേട്ടിട്ടില്ലല്ലോ. ചാനലുകളിൽ വാർത്തയായി വന്നപ്പോഴും വിശ്വസിക്കാനായില്ല,
ക്രൂവിനെയൊന്നും ഇതുവരെ വിളിച്ചിട്ടില്ല. അവരെല്ലാം ഈ പ്രശ്നത്തിന്റെ പിന്നാലെ ഓടികൊണ്ടിരിക്കുകയാണല്ലോ. പിന്നെ കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ഡയറക്ടറിനെ വിളിച്ച്, ചേട്ടാ, ഇത് ശരിക്കുമുള്ളതാണോ, പ്രൊമോഷൻ പരിപാടിയല്ലല്ലോ എന്ന് ചോദിച്ചു. അല്ലെന്ന് പുള്ളി പറഞ്ഞപ്പോഴാണ് ചിത്രത്തിന്റെ സീരിയസ്നെസ്സ് മനസിലായത്.
ഇത്തരം ആവശ്യമൊന്നും അംഗീകരിച്ച് കൊടുക്കരുതെന്നാണ് പറയാൻ സാധിക്കൂ. ജാനകി എന്ന പേര് മാറ്റിയാലെ സർട്ടിഫിക്കറ്റ് തരൂള്ളൂ എന്ന് സീരിയസായിട്ട് പറഞ്ഞാൽ അങ്ങനെയൊരു സെൻസർ ബോർഡ് അടച്ചുപൂട്ടി പോകണം എന്നേ ഞാൻ പറയുള്ളൂ, അല്ലാതെ എന്താ ചെയ്യുക’, അസ്കർ അലി പറയുന്നു.