Vrinda Menon : ‘അവിഹിതം’ ടേണിങ് പോയിൻ്റ്, 30-ാം വയസിൽ നായിക; നിർമലേച്ചി മനസ് തുറക്കുന്നു
Avihitham Movie Actress Vrinda Menon :സെന്ന ഹെഗ്ഡെ സംവിധാനം ചെയ്യ്ത ചിത്രമായ അവിഹിതത്തിൽ നായികയായി എത്തിയതിന്റെ സന്തോഷത്തിലാണ് കാഞ്ഞങ്ങാട് സ്വദേശിനി ഡോ.വൃന്ദ മേനോൻ. അഭിനയ ജീവതത്തിലെ നാലാമത്തെ ചിത്രത്തിൽ നായികയായി എത്തിയത് സിനിമ ജീവിതത്തിലെ നാഴികക്കല്ലാണെന്നാണ് നടി വിശ്വസിക്കുന്നത്.
കാസർകോഡിന്റെ പശ്ചാത്തലത്തിൽ സെന്ന ഹെഗ്ഡെ സംവിധാനം ചെയ്യ്ത ചിത്രമായ ‘അവിഹിത’ത്തിൽ നായികയായി എത്തിയതിന്റെ സന്തോഷത്തിലാണ് കാഞ്ഞങ്ങാട് സ്വദേശിനി ഡോ.വൃന്ദ മേനോൻ. അഭിനയ ജീവതത്തിലെ നാലാമത്തെ ചിത്രത്തിൽ നായികയായി എത്തിയത് സിനിമ ജീവിതത്തിലെ നാഴികക്കല്ലാണെന്നാണ് നടി വിശ്വസിക്കുന്നത്. തിയറ്ററിലും ഒടിടിയിലും മികച്ച പ്രതികരണം നേടിയ ചിത്രത്തിന്റെ അനുഭവങ്ങളെ കുറിച്ചും സിനിമ ജീവിതത്തെ കുറിച്ചും പങ്കുവെക്കുകയാണ് ടിവി9 മലയാളം ഡയലോഗ് ബോക്സിലൂടെ.
അവിഹിതത്തിലേക്ക് എത്തിയത്!
സംവിധായകൻ സെന്ന ഹെഗ്ഡെയും എന്റെ ഭർത്താവും തമ്മിൽ പരിചയമുണ്ട്. അങ്ങനെയിരിക്കുമ്പോഴാണ് സെന്ന സാറിന്റെ പുതിയ ചിത്രത്തിന്റെ ഓഡിഷന്‍ നടക്കുന്നുണ്ടെന്ന് അറിഞ്ഞത്. ഈ സമയത്ത് എന്റെ അഭിനയത്തോടുള്ള താത്പര്യം അറിയുന്ന ഭർത്താവ്, സെന്ന സാറിനോട് ഓഡിഷനിൽ എന്നെയും ഉൾപ്പെടുത്താമോ എന്ന് ചോദിക്കുകയായിരുന്നു. അപ്പോഴേക്കും അദ്ദേഹത്തിന്റെ ടീം എന്നെ നേരത്തെ ഓഡിഷന് വേണ്ടി ബന്ധപ്പെട്ടിരുന്നുവെന്നാണ് അദ്ദേഹത്തിന്റെ മറുപടി. അങ്ങനെ ഓഡിഷനിൽ പങ്കെടുത്താണ് അവിഹിതത്തിലേക്ക് എത്തിയത്.
അത്തരം ഒരു ക്യാരക്ടർ ചെയ്യുന്നതിൽ സന്തോഷം
ഓഡിഷൻ കഴിഞ്ഞ് സിനിമ തുടങ്ങുന്നതിനു മുൻപ് സെന്ന സാറ് ഫോൺ വിളിച്ചാണ് സിനിമയിലെ എന്റെ ക്യാരക്ടറിനെ കുറിച്ച് പറയുന്നത്. തനിക്ക് ചുറ്റുമുള്ള ആളുകൾക്ക് മുൻപിൽ തെറ്റിദ്ധരിക്കപ്പെടുന്ന ഒരു ക്യാരക്ടറാണ് നിർമല എന്നുള്ളത് അദ്ദേഹം പറഞ്ഞിരുന്നു. അത്തരത്തിലുള്ള അനുഭവങ്ങൾ സമൂഹത്തിൽ പലർക്കും നേരിടേണ്ടി വരാറുണ്ട് പലപ്പോഴും. അതുകൊണ്ട് തന്നെ അത്തരം ഒരു ക്യാരക്ടർ ചെയ്യുന്നതിൽ എനിക്ക് സന്തോഷമാണ്.

ഡോ. വൃന്ദ മേനോൻ
ആദ്യം ഷൂട്ട് ചെയ്തത് ക്ലൈമാക്സ്
സിനിമ ഷൂട്ടിങ്ങിന്റെ ആദ്യ ദിവസങ്ങളിലാണ് ക്ലൈമാക്സ് ഷൂട്ട് ചെയ്യുന്നത്. ക്ലൈമാക്സിൽ എനിക്ക് ഡയലോഗ് ഒന്നുമില്ല. കഥാപാത്രത്തിന്റെ മനസ്സിലൂടെ കടന്നുപോകുന്ന സംഘർഷങ്ങൾ അഭിനയിച്ച് ഫലിപ്പിക്കുക എന്നുള്ളതായിരുന്നു എനിക്ക് ചെയ്യാൻ ഉണ്ടായിരുന്ന കാര്യം. ആ സാഹചര്യം ഉൾക്കൊണ്ട് അഭിനയിക്കണമെന്ന് സെന്ന സാർ പറഞ്ഞിരുന്നു. ആ സീനിൽ കൂടെയുണ്ടായിരുന്നവരുടെ അഭിനയത്തിന് അനുസരിച്ച് റിയക്ട് ചെയ്ത് അഭിനയിക്കാനും ആ സാഹചര്യം പരമാവധി ഉൾക്കൊള്ളാനും ഞാൻ ശ്രമിച്ചു. അതിൽ ഒരു പരിധി വരെ വിജയിച്ചുവെന്നാണ് വിശ്വസിക്കുന്നത്.
പോസിറ്റീവ് പ്രതികരണം
പ്രേക്ഷകരുടെ അടുത്ത് നിന്ന് വളരെ പോസിറ്റിവായിട്ടുള്ള പ്രതികരണമാണ് ലഭിച്ചത്. സിനിമ മേഖലയിൽ നിന്ന് തന്നെ പ്രശസ്താരായിട്ടുള്ള സംവിധായകരും അഭിനേതാക്കളും നല്ല അഭിപ്രായം പറഞ്ഞപ്പോൾ വലിയ സന്തോഷം.
നല്ല കഥാപാത്രങ്ങളായി ജീവിക്കാൻ താല്‍പര്യം
നല്ല സിനിമകളിൽ നല്ല കഥാപാത്രങ്ങളായി ജീവിക്കാൻ വലിയ താല്പര്യമാണ് എനിക്ക്. പുതിയ അവസരങ്ങളിലേക്ക് എത്തിച്ചേരാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ന കഥാപാത്രം ചെയ്യണമായിരുന്നുവെന്ന് ഞാൻ ചിന്തിച്ചിട്ടില്ല. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളിലൂടെ നല്ല സിനിമയുടെ ഭാഗമാകണമെന്നാണ് എന്റെ ആഗ്രഹം.

ഡോ. വൃന്ദ മേനോൻ
സിനിമ മലബാറിലേക്ക് കൂടുതൽ എത്തുന്നു എന്നുള്ളത് അനുഗ്രഹം
30 വയസിന് ശേഷമാണ് ഞാൻ അഭിനയ മേഖലയിൽ എത്തുന്നത്. അതായത് ജീവിതത്തിൽ വ്യക്തിപരമായിട്ടുള്ള ഒരുപാട് ഉത്തരവാദിത്വങ്ങളിലേക്ക് എത്തിയതിനു ശേഷമാണ്. പലപ്പോഴും സിനിമയുടെ ഓഡിഷൻസും കാര്യങ്ങളും ഒക്കെ മിക്കപ്പോഴും ഷൊർണൂരിനപ്പുറത്താകും. അതുകൊണ്ട് സിനിമാ ഓഡിഷനൊക്കെ പെട്ടെന്ന് എത്താനുള്ള ബുദ്ധിമുട്ട് പലപ്പോഴും ഉണ്ടാകാറുണ്ട്. പക്ഷേ സിനിമ മലബാറിലേക്ക് കൂടുതൽ എത്തുന്നു എന്നുള്ളത് ഞങ്ങളെപോലുള്ളവർക്ക് അനുഗ്രഹമാണ്.
ബോഡി ഷേമിങ് ഉണ്ടായിട്ടുണ്ട്
നടിയാകുന്നതിനു മുൻപാണ് ഞാൻ ബോഡി ഷേമിങ് നേരിട്ടിട്ടുള്ളത്. കുട്ടിക്കാലത്ത് കുറച്ച് മെലിഞ്ഞ ശരീരപ്രകൃതമായിരുന്നു എന്റെത്. അപ്പോൾ അതുമായി ബന്ധപ്പെട്ട് ഒരുപാട് ബോഡി ഷേമിങ് ഉണ്ടായിട്ടുണ്ട്. ഗ്രൂപ്പ് ഐറ്റംസിൽ പങ്കെടുക്കുന്ന സമയത്ത് എനിക്ക് എന്തോ പ്രശ്നമുണ്ടെന്നുള്ള കമന്റസ് കേൾക്കേണ്ടി വന്നിട്ടുണ്ട്. അതേസമയം നന്നായി പെർഫോം ചെയ്യാൻ കഴിയുന്നതുകൊണ്ട് എന്നെ മാറ്റി നിർത്തിയിട്ടില്ല. പക്ഷേ അത്തരത്തിലുള്ള കമന്റസ് വിദ്യാസമ്പന്നരായിട്ടുള്ളവർ പോലും ഒരു കൊച്ചു കുട്ടിയുടെ മുഖത്ത് നോക്കി പറഞ്ഞിട്ടുണ്ട് എന്ന വിഷമം എന്റെ ആത്മവിശ്വാസത്തെ സാരമായി ബാധിച്ചിട്ടുണ്ട്.

ഡോ. വൃന്ദ മേനോൻ
കാസര്‍കോട് മുസ്ലീം പശ്ചാത്തലത്തിലുള്ള സിനിമ
കെ.എസ്.എഫ്.ഡി.സി വുമൺ സിനിമ പദ്ധതിയുടെ ഭാഗമായി വരുന്ന ഒരു ചിത്രമാണ് മുംത. ആ സിനിമയിലെ അണിയറപ്രവർത്തകരടക്കം സ്ത്രീകളാണ്. കാസര്‍കോട് മുസ്ലീം പശ്ചാത്തലത്തിലുള്ള സിനിമയാണ്. കാസര്‍കോട് സ്വദേശിയായ ഫർസാന ബിനി അസഫർ ആണ് സംവിധായിക.
സ്ത്രീയെയും പുരുഷനെയും സമൂഹം രണ്ട് രീതിയിൽ വിലയിരുത്തുന്നു
അങ്ങനെ ഒരു അഭിപ്രായം സിനിമയെ കുറിച്ച് എനിക്ക് തോന്നിയില്ല. ഏത് സാഹചര്യങ്ങളിലും സ്ത്രികളെയും പുരുഷൻമാരെയും സമൂഹം രണ്ട് രീതിയിൽ വിലയിരുത്തുന്നതിനെതിരെയാണ് ഈ കഥ പറഞ്ഞുപോകുന്നത് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.